അഞ്ചുവര്‍ഷത്തിനുള്ളില്‍ വിറ്റുവരവ് ₹10,000 കോടിയാക്കും, ലുലു വഴി ആഗോള വിപണിയിലേക്ക്; മില്‍മയ്ക്ക് മിഷന്‍ 2031

2025-26 സാമ്പത്തിക വര്‍ഷത്തില്‍ 4,344 കോടി രൂപയുടെ വിറ്റുവരവാണ് മില്‍മ നേടിയത്.
അഞ്ചുവര്‍ഷത്തിനുള്ളില്‍ വിറ്റുവരവ് ₹10,000 കോടിയാക്കും, ലുലു വഴി ആഗോള വിപണിയിലേക്ക്; മില്‍മയ്ക്ക് മിഷന്‍ 2031
Published on

കേരളത്തിന്റെ ശക്തമായ ക്ഷീരമേഖലയെ പ്രയോജനപ്പെടുത്തിയും ആഭ്യന്തര-അന്തര്‍ദ്ദേശീയ വിപണികളില്‍ സാന്നിധ്യം ശക്തമാക്കിയും 2030-31 സാമ്പത്തിക വര്‍ഷത്തോടെ 10,000 കോടി രൂപയുടെ വിറ്റുവരവ് കൈവരിക്കാന്‍ ലക്ഷ്യമിട്ട് മില്‍മ (കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍).

കൊച്ചിന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (സി.സി.സി.ഐ), അല്‍റ്റാസിറ്റ് ഗ്ലോബലുമായി സഹകരിച്ച് കൊച്ചിയില്‍ സംഘടിപ്പിച്ച 'കേരള റീട്ടെയില്‍ കോണ്‍ക്ലേവ്' ഉദ്ഘാടന സമ്മേളനത്തില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി വ്യക്തമാക്കിയതാണ് ഇക്കാര്യം.

കേരളത്തിലെ ക്ഷീരമേഖലയില്‍ വന്‍ നിക്ഷേപസാധ്യതകളുണ്ടെന്ന് കെ.എസ്. മണി ചൂണ്ടിക്കാട്ടി. പാല്‍ ഉത്പാദനക്ഷമതയില്‍ രാജ്യത്ത് മൂന്നാം സ്ഥാനമാണ് കേരളത്തിനെങ്കിലും, സംസ്ഥാനത്തെ പാലിന്റെ ആവശ്യകതയുടെ പകുതിയോളം ഇപ്പോഴും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇറക്കുമതിയിലൂടെയാണ് പരിഹരിക്കുന്നത്. ഇത് ഈ മേഖലയില്‍ വിപുലീകരണത്തിനും വലിയ തോതിലുള്ള നിക്ഷേപങ്ങള്‍ക്കും അവസരമൊരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2025-26 സാമ്പത്തിക വര്‍ഷത്തില്‍ 4,344 കോടി രൂപയുടെ വിറ്റുവരവാണ് മില്‍മ നേടിയത്. പാലിന്റെ വില്പനവിലയുടെ 83 ശതമാനത്തോളം തുകയും ക്ഷീരകര്‍ഷകര്‍ക്ക് നേരിട്ട് ലഭ്യമാക്കുന്ന കര്‍ഷക കേന്ദ്രീകൃത ബിസിനസ് മാതൃകയാണ് മില്‍മയുടേത്.

ആഗോള വിപണിയിലെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനായി ലുലു ഗ്രൂപ്പുമായി മില്‍മ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ രാജ്യത്തുടനീളമുള്ള പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ വിപണി വിപുലീകരിക്കാനും മില്‍മ പദ്ധതിയിടുന്നുണ്ടെന്ന് ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

അല്‍റ്റാസിറ്റ് ഗ്ലോബല്‍ സ്ഥാപകനും സി.ഇ.ഒയുമായ സുധീര്‍ രാജ രവീന്ദ്രന്‍, അസോസിയേറ്റ് പാര്‍ട്ണര്‍ അഡ്വ. മഞ്ജു അമ്മനാഥ്, കൊച്ചിന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് വിനോദിനി സുകുമാര്‍, വൈസ് പ്രസിഡന്റ് ബിബു ബി. പുന്നൂരാന്‍ എന്നിവരും ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ചു.

Milma aims to achieve ₹10,000 crore turnover by FY2030-31 through dairy sector expansion, global market presence, and partnership with Lulu Group

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com