

കേരളത്തിലെ നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളുടെ (എന്‍.ബി.എഫ്.സി) കൈവശമുള്ളത് 381 ടണ്‍ സ്വര്‍ണം. മലയാളികളുടെ പണയശീലമാണ് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ കൈവശം ഇത്രത്തോളം സ്വര്‍ണം എത്താന്‍ കാരണം.
കേരളത്തിലെ എന്‍.ബി.എഫ്.സികളെ ഒരു രാജ്യമായി കണക്കാക്കിയാല്‍ സ്വര്‍ണശേഖരത്തില്‍ പതിനാറാം സ്ഥാനത്തായിരിക്കും. അതിലും രസകരമെന്തെന്നുവച്ചാല്‍ യു.കെയുടെ കരുതല്‍ സ്വര്‍ണശേഖരത്തേക്കാള്‍ കേരളത്തിലെ എന്‍.ബി.എഫ്.സികളുടെ കൈവശമുണ്ടെന്നതാണ്.
പല യൂറോപ്യന്‍ രാജ്യങ്ങളുടെ കരുതല്‍ സ്വര്‍ണത്തേക്കാള്‍ കേരളത്തിലെ ഇത്തരം സ്വര്‍ണപണയ സ്ഥാപനങ്ങളുടെ കൈവശമുണ്ട്. സ്‌പെയ്ന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളും കരുതല്‍ സ്വര്‍ണത്തില്‍ എന്‍.ബി.എഫ്.സികളെക്കാള്‍ പിന്നിലാണ്.
മലയാളി കമ്പനികളില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ കൈവശമാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണമുള്ളത്. 208 ടണ്‍ വരുമിത്. മണപ്പുറം ഫിനാന്‍സ് (56.4 ടണ്‍), മുത്തൂറ്റ് ഫിന്‍കോര്‍പ് (43.69), കെഎസ്എഫ്ഇ (67.22 ടണ്‍), ഇന്‍ഡല്‍ മണി (6 ടണ്‍) എന്നിങ്ങനെയാണ് കേരള കമ്പനികളില്‍ പണയം വച്ചിട്ടുള്ള സ്വര്‍ണത്തിന്റെ കണക്ക്.
കേരള കമ്പനികളുടെ കൈവശമിരിക്കുന്ന സ്വര്‍ണത്തിന്റെ മൂല്യം 4.6 ലക്ഷം കോടി രൂപ വരും. അതായത് മലയാളികള്‍ സ്വര്‍ണം കടംവച്ച് വര്‍ധിപ്പിക്കുകയാണെന്ന് ചുരുക്കം. ടിയര്‍ 3, ടിയര്‍ 4 സിറ്റികളില്‍ സ്വര്‍ണപ്പണയം പെട്ടെന്നുള്ള പണത്തിന്റെ ആദ്യ പരിഗണനയായി മാറിയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
മുമ്പ് പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്ക് സ്വര്‍ണപ്പണയത്തെ ആശ്രയിച്ചിരുന്നെങ്കില്‍ ബിസിനസ്, ഭവനനിര്‍മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്കും സ്വര്‍ണപ്പണയത്തെയാണ് ആശ്രയിക്കുന്നത്. പണ്ടുമുതലേ സ്വര്‍ണത്തോട് മലയാളികള്‍ക്കുള്ള അഭിനിവേശമാണ് സ്വര്‍ണവായ്പ രംഗത്തിന് ഗുണകരമാകുന്നത്. അതേസമയം, മലയാളി കുടുംബങ്ങളുടെ കടം വര്‍ധിക്കുന്നതിന് സ്വര്‍ണപ്പണയം കാരണമാകുകയും ചെയ്യുന്നുണ്ട്.
സ്വര്‍ണവില കുതിച്ചുയര്‍ന്നതോടെ വായ്പയായി ലഭിക്കുന്ന പണത്തിന്റെ അളവും വര്‍ധിച്ചു. ഇതും സ്വര്‍ണവായ്പയെ ജനകീയമാക്കി. രാജ്യത്തെ സ്വര്‍ണപ്പണയ വിപണിയുടെ 37 ശതമാനം മാത്രമാണ് എന്‍.ബി.എഫ്.സികളുടെ കൈവശമുള്ളത്. ബാക്കി ചെറുകിട ഫിനാന്‍സിംഗ് കമ്പനികളുടെയും വ്യക്തികളുടെയും നിയന്ത്രണത്തിലാണ്. പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍.
Read DhanamOnline in English
Subscribe to Dhanam Magazine