

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നു. സാധാരണ ഏപ്രിലിലോടെയാണ് കേരളത്തില്‍ വൈദ്യുതി ഉപഭോഗം ഉയര്‍ന്ന അവസ്ഥയില്‍ എത്തുന്നത്. എന്നാല്‍ ഇത്തവണ മാര്‍ച്ചില്‍ തന്നെ ചൂട് കനത്തതാണ് വൈദ്യുതി ഉപഭോഗത്തിലും പ്രതിഫലിച്ചത്. വേനല്‍ മഴ ശക്തമായില്ലെങ്കില്‍ വൈദ്യുതി ഉപഭോഗം എല്ലാ പരിധികളും പിന്നിടുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍.
മാര്‍ച്ച് 25ലെ വൈദ്യുത ഉപഭോഗം 5802 മെഗാവാട്ട് ആയിരുന്നു. രാത്രി 10.30നുള്ള കണക്കാണിത്. 2024 ജൂണ്‍ രണ്ടിന് രാത്രി 5,797 മെഗാവാട്ട് വരെ ഉയര്‍ന്നതാണ് ഇതിനു മുമ്പുള്ള വര്‍ധന. വൈദ്യുതി ബോര്‍ഡ് പ്രതീക്ഷിച്ചതിലും വൈദ്യുതി ആവശ്യകത മാര്‍ച്ചില്‍ ഉണ്ടായി. ശരാശരി 5,550 മെഗാവാട്ടായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ചൂട് കനത്തതോടെ ഈ കണക്കുകൂട്ടല്‍ തെറ്റുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം വേനല്‍ക്കാലത്ത് നിരന്തരം മഴ പെയ്തത് വൈദ്യുത ഉപഭോഗം കുറച്ചിരുന്നു. ചൂട് കൂടുമ്പോള്‍ എസിയും ഫാനും കൂടുതലായി പ്രവര്‍ത്തിപ്പിക്കുന്നതാണ് വൈദ്യുത ഉപഭോഗം കൂടാന്‍ കാരണമാകുന്നത്. കാലാവസ്ഥ ഈ രീതിയില്‍ നിന്നാല്‍ ഏപ്രിലില്‍ ഉപഭോഗം 6,000 മെഗാവാട്ട് വരെ എത്തിയേക്കും.
വൈദ്യുതി ഉപയോഗം വര്‍ധിച്ചാലും തടസം ഉണ്ടാകാതെ വിതരണം ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് കെഎസ്ഇബി അധികൃതര്‍ ഉറപ്പുനല്കുന്നത്. കഴിഞ്ഞ ദിവസം കെഎസ്ഇബി മാനേജിംഗ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
ഉപഭോഗം കൂടുന്ന സമയങ്ങളില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങാറുണ്ട്. ഈ വൈദ്യുതിക്ക് കൂടിയ നിരക്കാണ് കൊടുക്കേണ്ടി വരിക. യൂണിറ്റിന് 10 രൂപ വരെയാണ് നിരക്ക്.
എസി സ്മാര്‍ട്ട് ആയി ഉപയോഗിക്കുക
Temperature 24-26°C ആയി സെറ്റ് ചെയ്യുക
എസി മാത്രം ഉപയോഗിക്കുന്നതിനു പകരം ഫാന്‍ കൂടി ഓണാക്കുക
LED ലൈറ്റുകള്‍ മാത്രം ഉപയോഗിക്കുക
ഫ്രിഡ്ജ് ശരിയായി ഉപയോഗിക്കുക
രാവിലെ 6-10, വൈകിട്ട് 6-10 എന്നീ സമയങ്ങളില്‍ വാഷിംഗ് മെഷീന്‍, ഇസ്തിരി പോലുള്ളവയുടെ ഉപയോഗം നിയന്ത്രിക്കുക.
സോളാര്‍ എനര്‍ജിയിലേക്ക് പരമാവധി മാറുക
Read DhanamOnline in English
Subscribe to Dhanam Magazine