മലയാളി സമ്പന്നരിൽ ഒന്നാമത് മുത്തൂറ്റ് കുടുംബം, ഫോബ്സ് പട്ടികയിലെ ആദ്യ നൂറിൽ ഏഴ് മലയാളികൾ; ആദ്യ പേര് അംബാനി തന്നെ

ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടിക പുറത്തിറക്കി ഫോബ്‌സ് മാഗസിന്‍. റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി തന്നെയാണ് പട്ടികയില്‍ ഒന്നാമതുള്ളത്. 108 ബില്യന്‍ ഡോളര്‍ (ഏകദേശം 8,93,760 കോടി രൂപ) ആണ് മുകേഷ് അംബാനിയുടെ നിലവിലെ ആസ്തി. ലോകത്തിലെ അതിസമ്പന്നരില്‍ 13-ാം സ്ഥാനവും അംബാനിയുടെ പേരിലാണ്. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയും കുടുംബവുമാണ് രണ്ടാം സ്ഥാനത്തുള്ളത്. 116 ബില്യന്‍ ഡോളറാണ് (ഏകദേശം 9.7 ലക്ഷം കോടി രൂപ) ആസ്തി. ഹരിയാന തിരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച സാവിത്രി ജിന്‍ഡാലാണ് തൊട്ടുപിറകില്‍. ശിവ നാടാര്‍, ദിലീപ് ഷംഗ്‌വി, രാധാകൃഷ്ണന്‍ ധമാനി, സുനില്‍ മിത്തലും കുടുംബവും, കുമാര്‍ ബിര്‍ല, സൈറസ് പൂനേവാല, ബജാജ് കുടുംബം എന്നിവരും ആദ്യപത്തിലുണ്ട്.

മലയാളി സമ്പന്നരില്‍ മുന്നിലെത്തി മുത്തൂറ്റ്

ഫോബ്‌സിന്റെ അതിസമ്പന്നരുടെ പട്ടികയില്‍ ആദ്യ നൂറില്‍ 7 മലയാളികളും ഉള്‍പ്പെട്ടു. 7.8 ബില്യന്‍ ഡോളറിന്റെ (ഏകദേശം 65,499 കോടി രൂപ) ആസ്തിയുള്ള മുത്തൂറ്റ് കുടുംബമാണ് ഇത്തവണ സമ്പന്ന മലയാളികളില്‍ ഒന്നാമതെത്തിയത്. ഇന്ത്യയിലെ സമ്പന്നരില്‍ 37-ാം സ്ഥാനമാണ് മുത്തൂറ്റ് കുടുംബത്തിന് ലഭിച്ചത്. രാജ്യത്തെ പ്രമുഖപ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ മുത്തൂറ്റ് ഫിനാന്‍സിനെ നയിക്കുന്നത് മുത്തൂറ്റ് കുടുംബമാണ്. കഴിഞ്ഞ തവണത്തെ പട്ടികയില്‍ 43ാം സ്ഥാനമായിരുന്നു മുത്തൂറ്റ് കുടുംബത്തിനുണ്ടായിരുന്നത്.
കഴിഞ്ഞ തവണ മലയാളി സമ്പന്നരില്‍ ഒന്നാമതെത്തിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യുസഫലി ഇത്തവണ ഇന്ത്യയിലെ സമ്പന്നരില്‍ 39-ാമതാണ്. 7.4 ബില്യന്‍ ഡോളര്‍ (ഏകദേശം 62,142 കോടി രൂപ)യാണ് യൂസഫലിയുടെ ആസ്തി. വ്യക്തിഗത ആസ്തിയില്‍ ഒന്നാം സ്ഥാനവും യൂസഫലിക്കാണ്. ലോകസമ്പന്നരില്‍ 412-ാം സ്ഥാനവും ഇദ്ദേഹത്തിന്റെ പേരിലാണ്.
കല്യാണ്‍ ജുവലേഴ്‌സ് മാനേജിംഗ് ഡയറക്ടറായ ടി.എസ് കല്യാണ രാമനാണ് 5.5 ബില്യന്‍ ഡോളറിന്റെ (ഏകദേശം 46,186 കോടി രൂപ) ആസ്തിയോടെ തൊട്ടുപിന്നിലുള്ളത്. ഇന്ത്യയിലെ സമ്പന്നരില്‍ 60-ാം സ്ഥാനമാണുള്ളത്. ഇന്ത്യയിലെ സമ്പന്നരില്‍ 73ാം സ്ഥാനത്തുള്ള ക്രിസ് ഗോപാലകൃഷ്ണനാണ് മലയാളി സമ്പന്നരില്‍ നാലാമന്‍. 4.3 ബില്യന്‍ ഡോളറിന്റെ (ഏകദേശം 36, 325 കോടി രൂപ) ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്.
പ്രമുഖ വിദ്യാഭ്യാസ ശൃംഖലയായ ജെം എഡ്യൂക്കേഷന്റെ തലവന്‍ സണ്ണി വര്‍ക്കി 3.5 ബില്യന്‍ ഡോളറിന്റെ (ഏകദേശം 29,200 കോടി രൂപ) ആസ്തിയുമായി അഞ്ചാം സ്ഥാനത്തുണ്ട്. ഇന്ത്യയിലെ സമ്പന്നരില്‍ 95ാം സ്ഥാനമാണ് സണ്ണി വര്‍ക്കിക്കുള്ളത്. 97ാം സ്ഥാനത്തുള്ള ആര്‍.പി ഗ്രൂപ്പ് മേധാവി രവി പിള്ളയാണ് തൊട്ടുപിന്നില്‍. 3.4 ബില്യന്‍ ഡോളറിന്റെ (ഏകദേശം 28,390 കോടി രൂപ) ആസ്തിയാണ് രവി പിള്ളയ്ക്കുള്ളത്. ആദ്യ നൂറിലുള്ള ഏഴാമത്തെ മലയാളി ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസാണ്. ഇന്ത്യയിലെ സമ്പന്ന പട്ടികയില്‍ 98ാം സ്ഥാനത്തുള്ള അദ്ദേഹത്തിന്റെ ആസ്തി 3.37 ബില്യന്‍ ഡോളറാണ് (ഏകദേശം 28,140 കോടി രൂപ).
Related Articles
Next Story
Videos
Share it