സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്ല കാലം; 100 പദ്ധതികള്‍ക്ക് വായ്പയുമായി കെ.എഫ്.സി

ആഗോള സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ട് പുറത്തു വന്നതോടെ കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംവിധാനം മികവിന്റെ ശ്രേണിയിലേക്ക് കുതിക്കുന്നു. വിവിധ രാജ്യങ്ങളിലെ സ്റ്റാര്‍ട്ടപ്പ് സംവിധാനങ്ങളുടെ വളര്‍ച്ച പരിശോധിക്കുന്ന റിപ്പോര്‍ട്ട് കേരളത്തിന് നല്‍കിയിരിക്കുന്നത് മികച്ച സ്ഥാനമാണ്. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഊര്‍ജ്ജം പകരാന്‍ വായ്പാ പദ്ധതിയുമായി മുന്നോട്ടു വന്നിരിക്കുകയാണ് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍. ഈ വര്‍ഷം 100 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കെ.എഫ്.സി മുഖേന വായ്പ ലഭ്യമാക്കുമെന്നാണ് സംസ്ഥാന ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചിരിക്കുന്നത്. നിലവിലുള്ള വായ്പാ പരിധി രണ്ട് കോടി രൂപയില്‍ നിന്ന് മൂന്ന് കോടി രൂപയാക്കി ഉയര്‍ത്തുന്ന കാര്യവും പത്തു കോടി രൂപയുടെ വായ്പാ പരിധി 15 കോടിയാക്കി ഉയര്‍ത്തുന്നതും പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു.

ഉയര്‍ന്ന മൂല്യ വര്‍ധന

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ മൂല്യവര്‍ധന ഉയര്‍ന്നതാണെന്നാണ് സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഗോള തലത്തില്‍ ഇത് 46 ശതമാനമാണെന്നിരിക്കെ കേരളത്തില്‍ 254 ശതമാനമാണ്. അഫോഡബി്ള്‍ ടാലന്റ് ഇന്‍ഡക്‌സില്‍ കേരളം ഏഷ്യയില്‍ ഒന്നാമതാണ്. വേള്‍ഡ് ബെഞ്ച്മാര്‍ക്ക് സ്റ്റഡി പ്രകാരം ലോകത്തെ മികച്ച പബ്ലിക് ബിസിനസ് ഇന്‍ക്യുബേറ്ററായി തെരഞ്ഞെടുക്കപ്പെട്ടത് കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ്. ഇന്ത്യയിലെ മികച്ച മൂന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പുകളിലൊന്ന് കേരളത്തിലെ ജെന്‍ റോബോട്ടിക്‌സ് ആണെന്നതും സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ കേരളം ദേശീയ,അന്താരാഷ്ട്ര ശ്രദ്ധ നേടിവരുന്നുവെന്നാണ് തെളിയിക്കുന്നത്.

കുറഞ്ഞ പലിശ,സബ്‌സിഡിയും

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വഴി കുറഞ്ഞ പലിശയില്‍ വായ്പകള്‍ നല്‍കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ എടുക്കുന്നതെന്നാണ് ധനകാര്യമന്ത്രി വ്യക്തമാക്കുന്നത്. നടപടി ക്രമങ്ങള്‍ പരമാവധി ലഘൂകരിച്ച് 5.5 ശതമാനം പലിശ നിരക്കിലാണ് വായ്പകള്‍ അനുവദിക്കുന്നത്. ഈടില്ലാതെ 10 കോടി രൂപ വരെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വായ്പ അനുവദിക്കുന്നുണ്ട്. സബ്‌സിഡി വഴി മുന്നു ശതമാനം പലിശഭാരം സര്‍ക്കാര്‍ ഏറ്റെടുക്കുന്നുമുണ്ട്. കെ.എഫ്.സിയുടെ വായ്പാ പോര്‍ട്ട്‌ഫോളിയോയില്‍ മുഖ്യഘടകമായി സ്റ്റാര്‍ട്ടപ്പുകളെ ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

Related Articles
Next Story
Videos
Share it