
ഇറാന്‍- ഇസ്രായേല്‍ യുദ്ധം കനക്കുന്നു. ഇസ്രായേല്‍ സൈന്യം ഇന്ന് നടത്തിയ കനത്ത ആക്രമണത്തില്‍ ഇറാന്റെ രഹസ്യാന്വേണ വിഭാഗമായ ഖുദ്‌സ് ഫോഴ്സിന്റെ തലവന്‍ കൊല്ലപ്പെട്ടതായാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖുമൈനിയുടെ വിശ്വസ്തനായ ഖുദ്‌സ് സേനാ കമാന്‍ഡര്‍ സയ്യിദ് ഇസാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് ഇസ്രായേലിന്റെ അവകാശവാദം. ഇക്കാര്യം ഇറാന്‍ നിഷേധിച്ചിട്ടില്ല.
ഇസ്രായേല്‍ സേന ഇന്ന് നടത്തിയ ആക്രമണങ്ങള്‍ ഇറാനില്‍ വ്യാപകമായ നാശം വിതച്ചിട്ടുണ്ട്. ടെഹ്‌റാനില്‍ 450 മിസൈലുകളും 1,000 ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇതുവരെ ഇറാനില്‍ 657 പേര്‍ മരിക്കുകയും 2,000 ത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രായേലില്‍ 24 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇറാന്റെ ഇസ്ലാമിക് റെവന്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ അഞ്ച് ശാഖകളില്‍ ഒന്നാണ് ഖുദ്‌സ് സേന. ആധുനിക യുദ്ധമുറകളിലും സൈനിക രഹസ്യാന്വേഷണത്തിലും ഖുമൈനിയെ സഹായിക്കുന്നത് ഖുദ്‌സ് സേനയാണ്. ഇസ്രായേല്‍- ഹമാസ് യുദ്ധത്തിന് തുടക്കം കുറിച്ച ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഖുദ്‌സ് സേനയാണ് പ്രവര്‍ത്തിച്ചതെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.
ഇസ്രായേല്‍ സൈന്യം അലി ഖുമൈനിയെ വധിച്ചേക്കുമെന്ന സംശയങ്ങള്‍ക്കിടയില്‍ തന്റെ പിന്‍ഗാമികളായി മൂന്നു പേരെ ഖുമൈനി പ്രഖ്യാപിച്ചതായി ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പ്രധാന നേതാക്കള്‍ വധിക്കപ്പെടുകയാണെങ്കില്‍ യുദ്ധത്തിന് നേതൃത്വം നല്‍കാനുള്ള ബദല്‍ എന്ന നിലയിലാണ് മൂന്ന് പേരെ തെരഞ്ഞെടുത്തിട്ടുള്ളത്. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഇറാന്‍ സൈന്യത്തിന്റെ കമാന്‍ഡര്‍ പദവികളിലുള്ളവരെ മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഒരാഴ്ച പിന്നിട്ട യുദ്ധത്തെ തുടര്‍ന്ന് അലി ഖുമൈനി രഹസ്യ കേന്ദ്രത്തിലെ ബങ്കറിലാണുള്ളത്.
Read DhanamOnline in English
Subscribe to Dhanam Magazine