കിഫ്ബി: പ്രൊഫഷണലിസത്തിനും സുതാര്യതക്കും ഊന്നല്‍

കിഫ്ബിയില്‍ എന്തൊക്കെ ഓഡിറ്റിങ് സംവിധാനമാണ് ഉള്ളത്? സുതാര്യത ഉറപ്പാക്കാന്‍ എന്തൊക്കെ ചെയ്യുന്നു? കിഫ്ബി ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ഡോ. കെ.എം ഏബ്രഹാം CFA, IAS (Retd.) വിശദീകരിക്കുന്നു
KIIFB KM Abraham
കിഫ്ബി ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ഡോ. കെ.എം ഏബ്രഹാം CFA, IAS (Retd.)
Published on

? പരമ്പരാഗത സര്‍ക്കാര്‍ പദ്ധതി നടത്തിപ്പില്‍ പൊതുവെ കാലതാമസവും അതിന്റെ ഫലമായി ചെലവ് വര്‍ധനയുമൊക്കെ കാണാറുണ്ട്. ഇതെല്ലാം ഒഴിവാക്കി പദ്ധതി നിര്‍വഹണം, സമയക്രമം പാലിക്കല്‍, പദ്ധതികളുടെ മെച്ചം വിലയിരുത്തല്‍ എന്നിവയെല്ലാം കിഫ്ബി എങ്ങനെയാണ് ഉറപ്പാക്കുന്നത്?

>> 10-12 വര്‍ഷങ്ങള്‍ കൊണ്ട് മാത്രം സാധ്യമാകുമായിരുന്ന വികസന ലക്ഷ്യങ്ങള്‍ 5-10 വര്‍ഷത്തിനുള്ളില്‍ നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് കണ്ടെത്തി, അതിനായി കിഫ്ബിയെ സമഗ്രമായി മാറ്റിയെടുക്കുകയായിരുന്നു. നിലനിന്നിരുന്ന പ്രോജക്ട് മാനേജ്മെന്റ് രീതികള്‍ അതിന് അപര്യാപ്തമായിരുന്നു. അതുകൊണ്ട് തന്നെ കിഫ്ബിയുടെ എല്ലാ തലത്തിലും കാലാനുസൃതമായ നൂതന രീതികള്‍ പ്രാരംഭഘട്ടത്തില്‍ തന്നെ ഉള്‍ക്കൊള്ളിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തി. മികച്ച പ്രൊഫഷണലുകളെ കണ്ടെത്തി, അവരുടെ സേവനം ഏറ്റവും കാര്യക്ഷമമായി പ്രയോജനപ്പെടുത്തി. പൂര്‍ണമായും ഡിജിറ്റലൈസ്ഡ് ആയ ഒരു പ്രോജക്ട് മാനേജ്മെന്റ് സംവിധാനം പ്രാരംഭഘട്ടത്തില്‍ തന്നെ സജ്ജീകരിച്ചു. ഇത്തരത്തില്‍ സസൂക്ഷ്മം തിരഞ്ഞെടുത്ത് ഒന്നിപ്പിച്ച ഓരോ ഘടകങ്ങളും എണ്ണയിട്ട യന്ത്രം പോലെ ദിനരാത്രങ്ങള്‍ പ്രയത്നിച്ചതിന്റെ ഫലമാണ് കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന മാറ്റം.

വിപണിയില്‍ നിന്ന് പണം കണ്ടെത്തുന്നതിന് നൂതനമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുക, പദ്ധതി നിര്‍വഹണത്തിന് സഹായകമാകുന്ന സംവിധാനങ്ങള്‍ മോണിട്ടറിങ് രീതികള്‍ അവലംബിക്കുക, കടമെടുപ്പ് ഏറ്റവും ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിന് ഉതകുന്ന അസറ്റ്- ലയബിലിറ്റി മാനേജ്മെന്റ് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുക, പദ്ധതി നിര്‍വഹണം പല തലങ്ങളില്‍ നിരന്തരം വിലയിരുത്തുക എന്നിങ്ങനെ ഒട്ടനവധി കാര്യങ്ങള്‍ ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് കിഫ്ബിയെ പരമ്പരാഗത പദ്ധതി നിര്‍വഹണ രീതികളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

? പല പദ്ധതികളും പരോക്ഷ വരുമാനമുള്ള സാമൂഹിക അടിസ്ഥാന സൗകര്യങ്ങളാകുമ്പോള്‍, അനുമതി നല്‍കുന്നതിന് മുമ്പ് സാമ്പത്തികമായ സാധ്യതകള്‍ എങ്ങനെയൊക്കെയാണ് വിലയിരുത്തുന്നത്?

>> വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ജലസേചനം, കുടിവെള്ള വിതരണം, ശുചിത്വ സംവിധാനങ്ങള്‍, പൊതുഗതാഗതം തുടങ്ങിയ സാമൂഹിക അടിസ്ഥാനസൗകര്യ പദ്ധതികളുടെ സാമ്പത്തികവും സാമൂഹികവുമായ പ്രയോജനം വിലയിരുത്തുന്നതിനായി കിഫ്ബി പദ്ധതികളില്‍ ഉപയോഗിക്കുന്ന ഒരു പ്രധാന രീതിയാണ് ആ പദ്ധതികളുടെ Cost Benefit Analysis അഥവാ CBA. സാമൂഹിക അടിസ്ഥാനസൗകര്യ പദ്ധതികളുടെ മുഖ്യലക്ഷ്യം നേരിട്ടുള്ള സാമ്പത്തിക ലാഭമല്ല; മറിച്ച് പൊതുക്ഷേമം വര്‍ധിപ്പിക്കല്‍, സാമൂഹിക സമത്വം ഉറപ്പാക്കല്‍, ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തല്‍, കാര്യക്ഷമത വര്‍ധിപ്പിക്കല്‍, സമയലാഭം സൃഷ്ടിക്കല്‍ എന്നിവയാണ്.

CBA വിശകലനത്തില്‍, പദ്ധതിയുടെ മുതല്‍മുടക്കിന് പകരമായി ലഭിക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ എല്ലാവിധ സാമ്പത്തിക-പ്രായോഗിക-സാമൂഹിക ലാഭങ്ങളെയും സമഗ്രമായി തിരിച്ചറിയുന്നു.ഇതില്‍ മൂലധന ചെലവ്, പ്രവര്‍ത്തന-പരിപാലന ചെലവ്, ഭൂമി ഏറ്റെടുക്കല്‍ തുടങ്ങിയവയെ ചെലവു കളായും പൊതുജനങ്ങള്‍ക്കും സര്‍ക്കാരിനും ഉണ്ടാകുന്ന പ്രയോജനങ്ങള്‍ ലാഭങ്ങളായും പരിഗണിക്കാം. പരിമിതമായ ധനസ്രോതസുകള്‍ ഫലപ്രദ മായി വിനിയോഗിക്കുന്നതിനും വ്യത്യസ്ത പദ്ധതി ശുപാര്‍ശകളെ താരതമ്യം ചെയ്ത് മുന്‍ഗണന നിശ്ചയിക്കുന്നതിനും ഈ CBA വിശകലനം സഹായിക്കുന്നു. ദീര്‍ഘകാല സാമൂഹിക നേട്ടങ്ങളും സാമ്പത്തിക അവസരങ്ങളും തൊഴില്‍ സാധ്യതകളും കണ്ടെത്തുന്നതിനും പദ്ധതി ചെലവുകളില്‍ സുതാര്യത ഉറപ്പാക്കാനും ഇത് സഹായകമാണ്.

ഉദാഹരണമായി ഗതാഗത-ആരോഗ്യ സംവിധാനങ്ങളുടെ വികസനം. ഇത് ജനങ്ങളുടെ ദൈനംദിന സമയ-ഇന്ധന നഷ്ടങ്ങള്‍ ലഘൂകരിക്കും. ചരക്ക്-സേവന മേഖലകള്‍ക്ക് പ്രയോജനം ചെയ്യും. മെച്ചപ്പെട്ട ജീവിത നിലവാരം സൃഷ്ടിക്കും. യാത്രാസമയം കുറയുക, രോഗ്യച്ചെലവുകളിലെ ഭാരം കുറയുക, തൊഴിലവസരങ്ങള്‍ വര്‍ധിക്കുക, വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുക, ഉല്‍പാദനക്ഷമത ഉയരുക, മെച്ചപ്പെട്ട ജീവിത സാഹചര്യ ങ്ങളും സൗകര്യങ്ങളും സൃഷ്ടിക്കപ്പെടുക എന്നിവ എല്ലാവര്‍ക്കും ദൃശ്യമായ ലാഭങ്ങളാ യിരിക്കുമ്പോള്‍, മാനവമൂലധന വികസനം (Purchasing Power Parity), സാമൂഹികമായ ഉയര്‍ച്ചയും സമത്വവും ശാക്തീകരണവും, സംരംഭക മനോഭാവവും വളരുക എന്നിവ അദൃശ്യമായ ലാഭങ്ങളാണ്.

വിദ്യാഭ്യാസ നിലവാരത്തിലെ പുരോഗതി, ആധുനികവും മെച്ചപ്പെട്ടതുമായ ഗതാഗത സംവിധാനങ്ങള്‍, നിലവാരമുള്ളതും സൗജന്യവുമായ ആരോഗ്യ സംരക്ഷണം, കുടിവെള്ള ലഭ്യത, എന്നിവ പോലുള്ള സാമൂഹിക സൂചികകള്‍ മറ്റ് സാമ്പത്തിക സൂചികകളോടൊപ്പം പരിഗണിക്കേണ്ടതുണ്ട്. ഇത്തരം ഘടകങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടുള്ളതാണ് പദ്ധതി DPR അവലോകന സമയത്ത് നടത്തിവരുന്ന CBA വിശകലനത്തില്‍ അവലംബിക്കുന്നത്.

? മികച്ച ക്രെഡിറ്റ് റേറ്റിങ്ങും നിക്ഷേപക ആത്മവിശ്വാസവും നിലനിര്‍ത്താന്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യുന്നു?

>> വിപണിയില്‍ നിന്നും ആയിരക്കണക്കിന് കോടി രൂപ കടമെടുക്കുന്ന ഒരു ധനകാര്യ സ്ഥാപനമെന്ന രീതിയില്‍ നിക്ഷേപകരില്‍ നിന്ന് വിശ്വാസം നേടിയെടുക്കുക എന്നത് വളരെ പ്രധാനപ്പെട്ടതും ശ്രമകരവുമായ കാര്യമാണ്. ഇത് വളരെ ചിട്ടയും സത്യസന്ധമായ പ്രവര്‍ത്തന രീതികളിലൂടെ മാത്രമെ നേടിയെടുക്കാന്‍ കഴിയൂ. അവരുടെ നിക്ഷേപങ്ങള്‍ സുരക്ഷിതമാണെന്ന് ബോധ്യപ്പെടുത്തുക. അതിനുവേണ്ട സംവിധാനങ്ങള്‍ ഒരുക്കുക. സുതാര്യത പാലിക്കുക എന്നിങ്ങനെ ധാരാളം കാര്യങ്ങള്‍ ഇതിന്റെ ഭാഗമായുണ്ട്. കിഫ്ബിയുടെ വായ്പകളും ബോണ്ടുകളും അവയുടെ തിരിച്ചടവ് ശേഷിയും എല്ലാം പൊതുവെ എക്സ്റ്റേണല്‍ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളെക്കൊണ്ട് വിലയിരുത്തിയിട്ടുണ്ട്. ഈ റേറ്റിങ് നിക്ഷേപകര്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്.

ക്രിസില്‍, ഇന്ത്യ റേറ്റിങ്സ് എന്നീ മുന്‍നിര റേറ്റിങ് ഏജന്‍സികള്‍ നിലവില്‍ കിഫ്ബിക്ക് മികച്ച ക്രെഡിറ്റ് റേറ്റിങ്ങാണ് നല്‍കിയിട്ടുള്ളത്. ആക്ട് പ്രകാരം സര്‍ക്കാരില്‍ നിന്നും തടസമില്ലാതെ ലഭിക്കുന്ന ഗ്രോയിങ് ആന്വിറ്റി തുക, തടസങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്നതിന് സജ്ജീകരിച്ചിട്ടുള്ള സുദൃഢമായ കിഫ്ബിയുടെ ഇന്റേണല്‍ സംവിധാനങ്ങള്‍, അവ നല്‍കുന്ന സുരക്ഷ, സംസ്ഥാനത്തിന്റെ വികസനത്തില്‍ കിഫ്ബിക്കുള്ള

പ്രാധാന്യം, അതിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന പിന്തുണ, ഗ്യാരന്റര്‍ എന്ന നിലയില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക-സാമൂഹിക സ്ഥിതി എന്നിവയെല്ലാം പരിഗണിച്ചാണ് മികച്ച റേറ്റിങ് (Crisil A+ (CE)/Negative) നല്‍കിയിരിക്കുന്നത്.

? വരും ദശകങ്ങളില്‍ കിഫ്ബി സംസ്ഥാനത്തെ സാമ്പത്തിക, അടിസ്ഥാന സൗകര്യ വികസന രംഗത്ത് വഹിക്കുന്ന പങ്ക് എന്തായിരിക്കും?

>> നിലവില്‍ കിഫ്ബിയിലൂടെ അതീവ പ്രാധാന്യത്തോടെ നടപ്പിലാക്കിവരുന്ന ഇവി പാര്‍ക്ക്, സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ ആസ്ട്രോഫിസിക്സ്, ന്യൂറോഡീജെനറേഷന്‍ & ബ്രെയിന്‍ ഹെല്‍ത്ത്, ന്യൂട്രാസ്യൂടിക്കല്‍സ്, കേരള ജീനോം സെന്റര്‍, വര്‍ക്ക് നിയര്‍ ഹോം & സ്‌കില്‍ എക്കോ സിസ്റ്റം, ട്രാന്‍സിലേഷണല്‍ റിസര്‍ച്ച് സെന്റര്‍, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍, സയന്‍സ് പാര്‍ക്കുകള്‍ എന്നിങ്ങനെ ധാരാളം പദ്ധതികള്‍ ഭാവി തലമുറയുടെ ആവശ്യങ്ങളെ മുന്നില്‍ക്കണ്ട് വിഭാവനം ചെയ്തവയാണ്. ഈ രീതിയില്‍ പശ്ചാത്തല സൗകര്യ വികസന രംഗത്തെ കേരളത്തിന്റെ ഭാവി കിഫ്ബിയുടെ കൈകളില്‍ സുരക്ഷിതമാണ്.

? കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും കാര്യക്ഷമവും ആക്കാന്‍ ചെയ്യുന്നത് എന്താണ്?

>> പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്താന്‍ കിഫ്ബി എല്ലാ കാലത്തും ശ്രദ്ധ ചെലുത്തിയിരുന്നു. കോണ്‍ട്രാക്ടറുടെ ബില്ല് സംബന്ധിക്കുന്ന വിവരം മുതല്‍ പൊതുജനത്തിന് പദ്ധതികളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ എല്ലാ പ്രവര്‍ത്തനങ്ങളിലും കിഫ്ബി ഇത് പരിഗണിച്ചിട്ടുണ്ട്. കിഫ്ബിയില്‍ നിലനില്‍ക്കുന്ന ഓഡിറ്റ് സംവിധാനങ്ങള്‍ മറ്റൊരു പ്രത്യേകതയാണ്. സി&എജി ഓഡിറ്റ്, കിഫ് (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്) ആക്ട് പ്രകാരമുള്ള സ്റ്റാറ്റിയൂട്ടറി ഓഡിറ്റ്, കണ്‍കറന്റ്് ഓഡിറ്റ്, റിസ്‌ക് ബേസ്ഡ് ഇന്റേണല്‍ ഓഡിറ്റ്, ടാക്സ് ഓഡിറ്റ് എന്നിങ്ങനെ അഞ്ചുതരം ഓഡിറ്റുകള്‍ കിഫ്ബിയില്‍ നടന്നുവരുന്നു. മറ്റേതെങ്കിലും സ്ഥാപനങ്ങളില്‍ ഇത്രയധികം ഓഡിറ്റ് സംവിധാന

ങ്ങള്‍ നിലവിലുണ്ടോ എന്നത് സംശയമാണ്. 2023-24 സാമ്പത്തിക വര്‍ഷം വരെയുള്ള സി&എജി ഓഡിറ്റ് കിഫ്ബിയില്‍ പൂര്‍ത്തിയായിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ച Fund Trustee and Advisory Commissionന്റെ പ്രവര്‍ത്തനവും നിക്ഷേപക സമൂഹം വളരെയധികം പ്രാധാന്യത്തോടെ കാണുന്ന ഒന്നാണ്.

(ധനം മാഗസീന്‍ 2026 ഫെബ്രുവരി 28 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌.)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com