

കിഫ്ബി പദ്ധതികള്‍ക്ക് യൂസര്‍ ഫീ ചുമത്തുമെന്ന കാര്യം സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. യൂസര്‍ ഫീ വരുമാനം കൊണ്ട് കിഫ്ബി വായ്പകള്‍ തിരിച്ചടക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. അതുവഴി സര്‍ക്കാറില്‍ നിന്നുള്ള ധനസഹായം ഘട്ടംഘട്ടമായി ഒഴിവാക്കാനാവും. കിഫ്ബിയെക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
2016 ലെ കിഫ്ബി ഭേദഗതി പ്രകാരം പെട്രോളിയം ഇന്ധനങ്ങള്‍ക്ക് മേലുള്ള ഒരു ശതമാനം സെസ്സും, 10 ശതമാനം വീതം വാര്‍ഷിക വര്‍ദ്ധന വരുത്തി അഞ്ചാം വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തുന്ന 50 ശതമാനം മോട്ടോര്‍ വാഹന നികുതിയുമാണ് കിഫ്ബിയുടെ വരുമാന സ്രോതസ്സ്. ഈ സ്രോതസ്സിനെ സെക്യൂരിറ്റൈസ് ചെയ്ത് സെബിയും ആര്‍ ബി ഐയും അംഗീകരിച്ചിട്ടുള്ള നൂതന ധനസമാഹരണ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി വായ്പയെടുത്ത് കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടു വരികയാണ് കിഫ്ബിയുടെ ലക്ഷ്യം. ഇത്തരത്തിലുള്ള ധനസമാഹരണം 2022 വരെ സംസ്ഥാനത്തിന്റെ വായ്പാ പരിധിയില്‍ ഉള്‍പ്പെടുന്നതായിരുന്നില്ല. ഈ സാഹചര്യത്തിലാണ് മുന്‍ ധനമന്ത്രി കിഫ്ബി റോഡുകളില്‍ നിന്നും പാലങ്ങളില്‍ നിന്നും ടോള്‍ പിരിക്കേണ്ടിവരില്ല എന്ന് അഭിപ്രായപ്പെട്ടത് -മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ വിവേചനപരമായ സമീപനം കാരണമാണ് കിഫ്ബി പദ്ധതികളെ എങ്ങനെ വരുമാനദായകമാക്കാം എന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ നടത്തിയത്. കിഫ്ബി പദ്ധതികള്‍ വരുമാനദായകമാക്കിയാല്‍ കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങളെ ഖണ്ഡിക്കാന്‍ കഴിയും. കിഫ്ബി വായ്പകളെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്നും ഒഴിവാക്കാനും കഴിയും.
അടിസ്ഥാന സൗകര്യ വികസനത്തിനാണ് കിഫ്ബി കടമെടുക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ വാഹന നികുതിയുടെ 50 ശതമാനവും പെട്രോളിയം സെസ്സും കിഫ്ബിക്ക് ഗ്രാന്റ് ആയി നല്‍കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അതുകൂടാതെ കിഫ്ബി സ്വന്തം നിലയില്‍ എടുക്കുന്ന ലോണുകള്‍ കിഫ്ബിയുടെ മാത്രം ബാധ്യതയാണ്. കിഫ്ബിക്ക് ഗ്രാന്റ് ഇനത്തില്‍ ഇതുവരെ നല്‍കിയ 20,000 കോടിക്ക് പുറമേ ചെലവഴിച്ച 13,100 കോടി രൂപ പൂര്‍ണമായും കിഫ്ബി കണ്ടെത്തിയതാണ്.
യൂസര്‍ ഫീ ഈടാക്കുന്ന സാഹചര്യത്തില്‍ ആ യൂസര്‍ ഫീയില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടുതന്നെ കിഫ്ബിയുടെ ലോണുകള്‍ തിരിച്ചടയ്ക്കുന്നതിനുള്ള സാധ്യത തെളിയും. അതുവഴി സര്‍ക്കാരില്‍ നിന്നുള്ള ഗ്രാന്റ് കാലക്രമേണ ഘട്ടം ഘട്ടമായി ഒഴിവാക്കാനാവും. കിഫ്ബി കൃത്യമായും സമയബന്ധിതമായും വായ്പകള്‍ തിരിച്ചടക്കുന്നത് കൊണ്ടുതന്നെയാണ് കിഫ്ബിക്ക് മികച്ച ക്രെഡിറ്റ് റേറ്റിംഗ് നിലനിര്‍ത്താന്‍ സാധിക്കുന്നതും, ധനകാര്യ സ്ഥാപനങ്ങള്‍ കിഫ്ബിക്ക് വായ്പകള്‍ നല്‍കാന്‍ സന്നദ്ധമായി വരുന്നതും -മുഖ്യമന്ത്രി പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine