കിറ്റെക്‌സും ടെക്‌സ്റ്റൈല്‍ ഓഹരികളും പറപറക്കുന്നു! അപ്രതീക്ഷിത മുന്നേറ്റത്തിന്റെ കാരണമിതാണ്

കേരള കമ്പനിയായ കിറ്റെക്‌സ് , വര്‍ധ്മാന്‍ ടെക്‌സ്‌റ്റൈല്‍സ്, ഗോകല്‍ദാസ് എക്‌സ്‌പോര്‍ട്‌സ് ഓഹരികളെല്ലാം രാവിലെ മുതല്‍ എക്‌സ്പ്രസ് വേഗത്തിലാണ് മുന്നേറുന്നത്.
Sabu Jacob, Kitex
Published on

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുമെന്നും തീരുവ 15-16 ശതമാനത്തിലേക്ക് താഴുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രതിഫലിക്കുന്നു. ഇന്ന് (ഒക്ടോബര്‍ 23) ഉച്ചവരെ വിപണി ശരവേഗത്തിലാണ് മുന്നേറുന്നത്. യുഎസിലേക്ക് കയറ്റുമതി നടത്തുന്ന ടെക്‌സ്റ്റൈല്‍ ഓഹരികളെല്ലാം കുതിപ്പിലാണ്.

കേരള കമ്പനിയായ കിറ്റെക്‌സ് (Kitex), വര്‍ധ്മാന്‍ ടെക്‌സ്‌റ്റൈല്‍സ് (Vardhman Textiles), ട്രിഡന്റ്‌ (Trident), ഗോകല്‍ദാസ് എക്‌സ്‌പോര്‍ട്‌സ് (Gokaldas Exports) ഓഹരികളെല്ലാം രാവിലെ മുതല്‍ എക്‌സ്പ്രസ് വേഗത്തിലാണ് മുന്നേറുന്നത്.

നിലവില്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള കയറ്റുമതിക്ക് 50 ശതമാനം തീരുവ നല്കണം. ഇത് 16 ശതമാനത്തിലേക്ക് താഴ്ന്നാല്‍ ഇന്ത്യന്‍ കമ്പനികളെ സംബന്ധിച്ച് വലിയ നേട്ടമാകും. ടെക്‌സ്റ്റൈല്‍ മേഖലയില്‍ ഇന്ത്യയുടെ പ്രധാന എതിരാളികളിലൊന്നായ ബംഗ്ലാദേശിന് 20 ശതമാനമാണ് തീരുവ. ഇതിലും കുറഞ്ഞ നിരക്കില്‍ യുഎസ് വിപണി പിടിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് സാധിക്കും.

തീരുവ വര്‍ധിച്ചതോടെ കിറ്റെക്‌സ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ കമ്പനികള്‍ മറ്റ് വിപണികളിലേക്ക് ശ്രദ്ധ തിരിച്ചിരുന്നു. യൂറോപ്പിലും ആഭ്യന്തര വിപണിയിലും കൂടുതല്‍ വില്പന നടത്താനാണ് കിറ്റെക്‌സ് ശ്രമിച്ചത്. കിറ്റെക്‌സിന്റെ യുഎസ് ബ്രാന്‍ഡായ ലിറ്റില്‍ സ്റ്റാറിനെ ഇന്ത്യന്‍ വിപണിയില്‍ കമ്പനി അവതരിപ്പിച്ചിരുന്നു.

യുഎസ് വിപണി വീണ്ടും അനുകൂലമാകുന്നതോടെ ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ കമ്പനികളുടെ വരുമാനം ഉയരുമെന്ന പ്രതീക്ഷയാണ് വിപണി പ്രകടിപ്പിക്കുന്നത്. ടെക്‌സ്റ്റൈല്‍ രംഗത്തെ പ്രധാന ഉത്പാദക രാജ്യങ്ങള്‍ ചൈന, ബംഗ്ലാദേശ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളാണ്. ഇന്ത്യയുടെ തീരുവ 15-16 ശതമാനത്തിലേക്ക് താഴ്ന്നാല്‍ സ്വഭാവികമായും ഈ രാജ്യങ്ങളിലേക്ക് പോയ ബിസിനസ് തിരികെ ഇന്ത്യന്‍ കമ്പനികള്‍ക്ക് ലഭിക്കും.

പറപറക്കുന്നു ഓഹരികള്‍

രാവിലെ 208 രൂപയിലായിരുന്നു കിറ്റെക്‌സ് ഓഹരികള്‍ വ്യാപാരം തുടങ്ങിയത്. ഈ റിപ്പോര്‍ട്ട് തയാറാക്കുന്ന സമയം വരെ 16 ശതമാനത്തിന് മുകളില്‍ ഓഹരിവില വര്‍ധിച്ചു. മറ്റൊരു സമാന ഓഹരിയായ വര്‍ധ്മാന്‍ ടെക്‌സ്‌റ്റൈല്‍സ് ലിമിറ്റഡ് എട്ടു ശതമാനത്തോളം ഉയര്‍ന്നു. ഗോകല്‍ദാസ് എക്‌സ്‌പോര്‍ട്ട്‌സ് ലിമിറ്റഡ് ഓഹരികള്‍ ഉച്ചവരെ എട്ടു ശതമാനത്തിനടുത്ത് നേട്ടത്തിലാണ്. കെപിആര്‍ മില്‍സ് ലിമിറ്റഡ് ഓഹരികള്‍ ഉച്ചവരെ അഞ്ചു ശതമാനത്തോളം ഉയര്‍ന്നിരുന്നു.

ഉയര്‍ന്ന താരിഫ് മൂലം യുഎസിലേക്കുള്ള ഗാര്‍മെന്റ്‌സ് കയറ്റുമതി സെപ്റ്റംബറില്‍ 10.35 ശതമാനം ഇടിഞ്ഞിരുന്നു. 2024ല്‍ യുഎസിന്റെ ടെക്‌സ്‌റ്റൈല്‍ ഇറക്കുമതിയുടെ ആറുശതമാനം വിഹിതം ഇന്ത്യയ്ക്കായിരുന്നു. ഇന്ത്യയുടെ ടെക്‌സ്റ്റൈല്‍ കയറ്റുമതിയുടെ 33 ശതമാനം വരുമിത്. ഇന്ത്യയുടെ ടെക്‌സ്‌റ്റൈല്‍ രംഗത്ത് 4.5 കോടി ആളുകളാണ് നേരിട്ട് പണിയെടുക്കുന്നത്. ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ 12 ശതമാനം വരും ടെക്‌സ്റ്റൈല്‍ മേഖലയുടെ സംഭാവന.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com