Begin typing your search above and press return to search.
കേരളത്തിലെ പ്രമുഖ ആശുപത്രി എറ്റെടുക്കാന്‍ അമേരിക്കന്‍ കമ്പനി; മുതല്‍മുടക്ക് ₹ 2,500 കോടി
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി (ബി.എം.എച്ച്) ഏറ്റെടുക്കാന്‍ ആഗോള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കെ.കെ.ആര്‍ ആന്‍ഡ് കോ (കോല്‍ബെര്‍ഗ് ക്രാവിസ് റോബര്‍ട്‌സ് ആന്‍ഡ് കോ -kohlberg kravis Roberts & co) തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഉത്തരേന്ത്യയിലെ മാക്‌സ് ഹെല്‍ത്ത് കെയറിലുണ്ടായിരുന്ന നിക്ഷേപം റെക്കോഡ് ലാഭത്തില്‍ വിറ്റഴിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് ഹോസ്പിറ്റല്‍ ബിസിനസ് മേഖലയിലേക്കുള്ള കെ.കെ.ആറിന്റെ തിരിച്ചുവരവ്.
ബേബി മെമ്മോറിയല്‍ ആശുപത്രിയുടെ 70 ശതമാനം ഓഹരികള്‍ 2,500 കോടി രൂപയ്ക്ക് വാങ്ങി ആശുപത്രിയുടെ ഭരണം ഏറ്റെടുക്കുന്ന രീതിയിലാണ് ഇടപാടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.
കോഴിക്കോട് ആസ്ഥാനമായ ബേബി മെമ്മോറിയല്‍ ആശുപത്രി കേരളത്തിലെ പ്രമുഖ ആരോഗ്യസ്ഥാപനങ്ങളിലൊന്നാണ്. ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ ചെയര്‍മാനും എം.ഡിയുമായ കെ.ജി അലക്സാണ്ടര്‍ 1987ലാണ് ആശുപത്രി സ്ഥാപിക്കുന്നത്. 600 ബെഡുകളുള്ള ഈ ആശുപത്രിയില്‍ 650 നേഴ്സുമാരും 300 ഡോക്ടര്‍മാരും ഉള്‍പ്പെടെ രണ്ടായിരത്തിലധികം ജീവനക്കാരുണ്ട്.
മെഡിക്കല്‍ സര്‍ജിക്കല്‍ വിഭാഗത്തില്‍ 40 യൂണിറ്റുകളും 16 ഓപ്പറേഷന്‍ തിയേറ്ററുകളും സര്‍വസജ്ജമായ 11 അത്യാധുനിക തീവ്രപരിചരണ വിഭാഗവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആക്‌സിഡന്റ് ട്രോമാ കെയര്‍ യൂണിറ്റും ആശുപത്രിയുടെ പ്രത്യേകതയാണ്. കൂടാതെ മെഡിക്കല്‍, നഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകളും ആശുപത്രി നടത്തുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍, ബി.എം.എച്ച് 120 കോടി രൂപയുടെ വരുമാനവും, 80 കോടി രൂപയുടെ ലാഭവും ( നികുതിക്കും പലിശക്കും മുന്‍പുള്ള ലാഭം) നേടിയിരുന്നു.
ആശുപത്രി രംഗത്തേക്ക് വീണ്ടും കെ.കെ.ആര്‍
ആശുപത്രിയുടെ വിപുലീകരണത്തിനും ബാധ്യതകള്‍ തീര്‍ക്കുന്നതിനുമായി ഓഹരികള്‍ വിറ്റ് ധനസമാഹരണം നടത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇന്ത്യയിലാകെ ആശുപത്രി ശൃംഖല സ്ഥാപിക്കുന്നതിന്റെ ആദ്യപടിയായിട്ടാണ് കെ.കെ.ആര്‍ ബേബി മെമ്മോറിയലിനെ ഏറ്റെടുക്കുന്നതെന്നാണ് വിവരം. 2019ല്‍ ആശുപത്രിയുടെ വികസനത്തിനായി 200 കോടി രൂപ കെ.കെ.ആര്‍ നല്‍കിയിരുന്നു.
നേരത്തെ മാക്‌സ് ഹെല്‍ത്ത്‌കെയര്‍, മുബയ് ആസ്ഥാനമായ റേഡിയന്റ് ലൈഫ് കെയര്‍ തുടങ്ങിയ ആരോഗ്യസ്ഥാപനങ്ങളെ കെ.കെ.ആര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ 2022ല്‍ കമ്പനിയുടെ പക്കലുണ്ടായിരുന്നു മുഴുവന്‍ ഓഹരികളും വിറ്റഴിച്ചു. ഇടപാടിലൂടെ കെ.കെ.ആര്‍ ഏതാണ്ട് 5 മടങ്ങോളം ലാഭമുണ്ടാക്കിയെന്നാണ് കണക്ക്. മണിപ്പാല്‍ ഹെല്‍ത്ത് എന്റര്‍പ്രൈസസിന്റെ 48 ശതമാനം ഓഹരികള്‍ 35,000 കോടി രൂപക്ക് ഏറ്റെടുക്കാനും കെ.കെ.ആര്‍ ശ്രമിച്ചിരുന്നു.
Next Story
Videos