ആധുനിക സൗകര്യങ്ങളും പുതിയ പദ്ധതികളുമായി കെഎംഎ

കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (KMA) നവീകരിച്ച ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം നടക്കും. കൊച്ചി പനമ്പള്ളിനഗറില്‍ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഓഫീസ് വ്യവസായ മന്ത്രി പി. രാജീവാണ് നാടിന് സമര്‍പ്പിക്കുക. ഏകദേശം മൂന്ന് കോടി ചെലവിലാണ് 7500 സ്‌ക്വയര്‍ഫീറ്റിലായി ആസ്ഥാനമന്ദിരം നവീകരിച്ചിരിക്കുന്നത്.

''ഏകദേശം 7500 സ്‌ക്വയര്‍ഫീറ്റിലാണ് ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. എല്ലാവിധ സൗകര്യങ്ങളോടെയും ഒരുക്കിയ ഓഫീസില്‍ ബോര്‍ഡ് റൂമും ഒരു ബാങ്ക്വിറ്റ് ഹാള്‍ ഉള്‍പ്പെടെ നാല് ഹാളുകളാണുള്ളത്. ബാങ്ക്വിറ്റ് ഹാളില്‍ 120 പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമുണ്ട്. അതുകൊണ്ട് തന്നെ വര്‍ക്ക്‌ഷോപ്പുകളും കോണ്‍ക്ലേവുകളും ആനുവല്‍ മീറ്റുമെല്ലാം ഓഫീസില്‍ തന്നെ സംഘടിപ്പിക്കാനാവും. കൂടാതെ, ഈ ഹാളുകള്‍ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കാനും സാധിക്കും'' കെഎംഎ പ്രസിഡന്റ് എല്‍ നിര്‍മല ധനത്തോട് പറഞ്ഞു.
ഓഫീസ് റൂമുകളെല്ലാം തന്നെ താഴെ നിലയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ പ്രത്യേകമായി 25 പേരെ ഉള്‍ക്കൊള്ളുന്ന ഒരു ബോര്‍ഡ് റൂമും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നടത്തിയ നവീകരണ പ്രവൃത്തികള്‍ക്ക് കെഎംഎയുടെ മുന്‍ പ്രസിഡന്റ് മാധവ് ചന്ദ്രനാണ് നേതൃത്വം നല്‍കിയത്. 32 അംഗ മാനേജ്‌മെന്റ് കമ്മിറ്റിയിലെ എല്ലാവരുടെയും പൂര്‍ണ പിന്തുണയും സഹായവും ഈ ഉദ്യമത്തിന് പിന്നിലുണ്ടെന്നും എല്‍ നിര്‍മല പറഞ്ഞു.
ആസ്ഥാനമന്ദിരം മുഖം മിനുക്കിയതോടൊപ്പം പുതിയ പദ്ധതികളും നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് കേരള മാനേജ്‌മെന്റ് അസോസിയേഷന്‍. നിലവില്‍ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്‌സുകള്‍ ഊര്‍ജിതമാക്കുന്നതോടൊപ്പം മാനേജ്‌മെന്റ് രംഗത്ത് മുന്നേറാനുള്ള വര്‍ക്ക്‌ഷോപ്പുകളും നടപ്പാക്കാന്‍ കെഎംഎ ലക്ഷ്യമിടുന്നുണ്ട്. മാനേജ്‌മെന്റ് കഴിവുകള്‍ പഠനകാലം തൊട്ട് വളര്‍ത്തിയെടുക്കുന്നതിനുള്ള ട്രെയ്‌നിംഗ് പദ്ധതികളും കോര്‍പ്പറേറ്റ് വര്‍ക്ക്‌ഷോപ്പുകളും പുതിയ പദ്ധതികളില്‍ ഉള്‍പ്പെടും.

Click here to watch live stream : KMA Live stream


Related Articles
Next Story
Videos
Share it