കൊച്ചി മെട്രോയുടെ വിലപ്പെട്ട രേഖകള്‍ രഹസ്യ വാട്‌സാപ്പ് ഗ്രൂപ്പില്‍; ചോര്‍ച്ചയ്ക്ക് പിന്നില്‍ ആഭ്യന്തര സാന്നിധ്യം സംശയിച്ച് അന്വേഷണസംഘം

യൂണിഫൈഡ് കൊച്ചി മെട്രോ റെയില്‍ റീഫോം ആന്‍ഡ് ഡെവലപ്‌മെന്റ് ഫോറം എന്ന വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് ഈ രേഖകള്‍ ആദ്യം ചോര്‍ന്നതെന്ന് പോലീസ് പറയുന്നു.
Kochi Metro Rail: PC/ Rakhi
Kochi Metro Rail: PC/ Rakhi
Published on

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (KMRL) സുപ്രധാന രേഖകള്‍ ചോര്‍ന്നതില്‍ അന്വേഷണം ശക്തമാക്കി പോലീസ്. സെപ്റ്റംബര്‍ 12നാണ് സാമ്പത്തിക വിവരങ്ങള്‍ അടക്കമുള്ള രേഖകള്‍ ചോര്‍ന്നതായി കാണിച്ച് കെഎംആര്‍എല്‍ അധികൃതര്‍ കൊച്ചി മെട്രോ പോലീസിന് പരാതി നല്കിയത്.

രേഖകള്‍ ചോര്‍ന്നതിന് പിന്നില്‍ സ്ഥാപനത്തിലെ ജീവനക്കാരുടെ പങ്കും അന്വേഷണ പരിധിയിലുണ്ടെന്ന് കൊച്ചി മെട്രോ മാനോജിംഗ് ഡയറക്ടറുടെ അധിക ചുമതല വഹിക്കുന്ന ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക മാധ്യമങ്ങളോട് പ്രതികരിച്ചു.

സംഘടിത നീക്കം?

കൊച്ചി മെട്രോയുടെ കലൂര്‍ സ്റ്റേഷനിലെ നാലാംനിലയിലെ കോര്‍പറേറ്റ് ഓഫീസില്‍ നിന്നാണ് രേഖകള്‍ മോഷണം പോയിരിക്കുന്നത്. എഫ്ഐആര്‍ പ്രകാരം, കോര്‍പറേറ്റ് ഓഫീസിലെ കംപ്യൂട്ടര്‍ സംവിധാനങ്ങളില്‍ ചിലര്‍ അനധികൃതമായി പ്രവേശിച്ചു. വിശ്വാസവഞ്ചനയും തട്ടിപ്പും നടത്തി വ്യക്തിപരമായും നിയമവിരുദ്ധമായും സാമ്പത്തിക നേട്ടമുണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് ആരോപണം.

ഡാറ്റ മോഷണം നടത്തുകയും ഔദ്യോഗിക രേഖകള്‍ പ്രിന്റ് ചെയ്യുന്നതിനായി കെഎംആര്‍എല്‍ ഐടി വിഭാഗം ഉപയോഗിച്ചിരുന്ന ഇ-മെയില്‍ ഐഡി ഹാക്ക് ചെയ്യുകയും ചെയ്തു. മറ്റു ഡെസ്‌ക്ടോപ്പുകളിലും മൊബൈല്‍ ഫോണുകളിലും അനധികൃതമായി ലോഗിന്‍ ചെയ്ത് അതീവ രഹസ്യസ്വഭാവമുള്ള രേഖകള്‍, ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങള്‍, കമ്പനിയുടെ സാമ്പത്തിക വിവരങ്ങള്‍ എന്നിവ ചോര്‍ത്തി-എഫ്ഐആറില്‍ പറയുന്നു.

രേഖകള്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍

യൂണിഫൈഡ് കൊച്ചി മെട്രോ റെയില്‍ റീഫോം ആന്‍ഡ് ഡെവലപ്‌മെന്റ് ഫോറം എന്ന വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് ഈ രേഖകള്‍ ആദ്യം ചോര്‍ന്നതെന്ന് പോലീസ് പറയുന്നു. മറ്റ് വാട്‌സാപ്പ് ഗ്രൂപ്പുകളിലും സമാനമായ രേഖകള്‍ വന്നതോടെയാണ് കെഎംആര്‍എല്‍ അധികൃതരുടെ ശ്രദ്ധയില്‍ ഈ വിഷയമെത്തുന്നത്.

അന്വേഷണം ആരംഭിച്ച പോലീസ് വാട്‌സാപ്പ് ഗ്രൂപ്പിനെ നിയന്ത്രിച്ചിരുന്നവരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. വിവരങ്ങള്‍ ചോര്‍ത്തിയവര്‍ക്ക് സ്ഥാപനത്തിനുള്ളില്‍ നിന്ന് സഹായം കിട്ടിയെന്ന സംശയത്തിലാണ് അന്വേഷണസംഘം. ഇതിന്റെ ഭാഗമായി കെഎംആര്‍എല്ലിലെ ജീവനക്കാരില്‍ നിന്ന് പോലീസ് മൊഴിയെടുക്കും. അന്വേഷണത്തിന് സൈബര്‍ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com