കൊച്ചി മെട്രോ ഇനി ഭൂമിക്കടിയിലൂടെയും ഓടിയേക്കും; അണ്ടര്‍ഗ്രൗണ്ട് സ്‌റ്റേഷന്‍ കൊച്ചി വിമാനത്താവളത്തില്‍

കൊച്ചി വിമാനത്താവളത്തിലേക്ക് ഓടിയെത്താന്‍ ഒരുങ്ങുകയാണ് മെട്രോ. കൊച്ചി മെട്രോയുടെ ആലുവ-അങ്കമാലി മൂന്നാം ഘട്ടത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ (CIAL) ഭൂമിക്കടിയില്‍ സ്റ്റേഷൻ നിർമിക്കാൻ പദ്ധതിയുണ്ടെന്ന് കെ.എം.ആര്‍.എല്‍ എം.ഡി ലോക്‌നാഥ് ബെഹ്‌റ. എയര്‍പോര്‍ട്ടിലേക്ക് ലിങ്ക് ലൈന്‍ നിര്‍മിക്കും. നിലവിലുള്ള മെട്രോയുടെ എക്സ്റ്റന്‍ഷന്‍ തന്നെയായിരിക്കും മൂന്നാം ഘട്ടത്തിലെന്നും അദ്ദേഹം പറഞ്ഞു.

അര്‍ബന്‍ മാസ് ട്രാന്‍സിറ്റ് കമ്പനി തയ്യാറാക്കിയ കോംപ്രിഹെന്‍സീവ് മൊബിലിറ്റി പ്ലാനില്‍ (സി.എം.പി) കൊച്ചി വിമാനത്താവളം മുതല്‍ അങ്കമാലി വരെ ഫേസ് 3 നീട്ടാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. തൃപ്പൂണിത്തുറ, കാക്കനാട്, അങ്കമാലി തുടങ്ങിയ പ്രധാന സ്‌റ്റേഷനുകളില്‍ നിന്ന് വിമാനത്താവളത്തിലേക്ക് നേരിട്ട് കണക്റ്റിവിറ്റി ലഭ്യമാക്കുന്ന എയര്‍പോര്‍ട്ട് ലിങ്കിനെ കുറിച്ചും പ്ലാനില്‍ പറയുന്നുണ്ട്.

വിദഗ്ധര്‍ തയ്യാറാക്കിയ ഈ കോംപ്രിഹെന്‍സീവ് മൊബിലിറ്റി പ്ലാന്‍ റിപ്പോര്‍ട്ടും സാങ്കേതിക പഠനവും പരിഗണിച്ചാണ് ഭൂമിക്കടിയില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടുണ്ടാക്കി സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

പത്ത് കോടി യാത്രക്കാര്‍

കൊച്ചി മെട്രോയില്‍ പ്രതിദിന യാത്രക്കാരുടെ എണ്ണം ശരാശരി ഒരു ലക്ഷമാക്കുകയാണ് ലക്ഷ്യമെന്ന് ലോക്‌നാഥ ബെഹ്‌റ പറഞ്ഞു. തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷന്‍ ഈ വര്‍ഷം കമ്മിഷന്‍ ചെയ്യുന്നതോടെ ഇതു സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തുറ ടെര്‍മിനലില്‍ പരീക്ഷണ ഓട്ടം നടന്നുവരികയാണ്.

ഇതുവരെ 10 കോടി ആളുകള്‍ മെട്രോയില്‍ യാത്രചെയ്തു. പ്രതിദിന യാത്രക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം ആദ്യം ശരാശരി 79,130 ആയിരുന്നത് വര്‍ഷം അവസാനമായപ്പോഴേക്കും 94,982 ആയി വര്‍ധിച്ചു. 2023ല്‍ മാത്രം കൊച്ചി മെട്രോയില്‍ 3.11 കോടി ആളുകള്‍ യാത്രചെയ്തു. ടിക്കറ്റ് ഇനത്തില്‍ കഴിഞ്ഞവര്‍ഷം മെട്രോയ്ക്കു 96.08 കോടി രൂപ വരുമാനം ലഭിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it