കൊച്ചി വാട്ടര്‍ മെട്രോ മുംബൈക്കാര്‍ക്ക് ത്രില്‍, മഹാനഗരത്തില്‍ പദ്ധതി നടപ്പാക്കാന്‍ പഠന റിപ്പോര്‍ട്ട് കൈമാറി കെ.എം.ആര്‍.എല്‍ ചരിത്ര നേട്ടത്തിന് തൊട്ടരികില്‍

ഡിപിആറിന്റെയും തുടർന്നുള്ള നടത്തിപ്പിന്റെയും ചുമതല ലഭിച്ചാല്‍ സുസ്ഥിര നഗര ജലഗതാഗതത്തിൽ ആഗോള തലത്തില്‍ സാന്നിധ്യമുറപ്പിക്കാന്‍ കെഎംആർഎല്ലിനാകും
Kochi Water Metro
Kochi Water Metro/FB
Published on

ദേശീയതലത്തിൽ തങ്ങളുടെ സാന്നിധ്യം വികസിപ്പിക്കുന്നതിനുള്ള പ്രധാന ചുവടുവയ്പുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ). മുംബൈയിൽ വാട്ടർ മെട്രോ പദ്ധതിക്കായി വിശദമായ സാധ്യതാ പഠന റിപ്പോർട്ട് കെ.എം.ആർ.എൽ സമർപ്പിച്ചു. മുംബൈ മെട്രോപൊളിറ്റൻ മേഖല (MMR) മുഴുവൻ ഉൾക്കൊള്ളുന്ന തരത്തിലാണ് വാട്ടര്‍മെട്രോ വിഭാവനം ചെയ്തിരിക്കുന്നത്.

29 ടെർമിനലുകളും 10 റൂട്ടുകളുമുള്ള 250 കിലോമീറ്റർ ജലപാത ശൃംഖലയാണ് നിർദ്ദിഷ്ട പദ്ധതിയില്‍ ഉളളത്. വൈതർണ, വസായ്, മനോരി, താനെ, പൻവേൽ, കരഞ്ജ എന്നിവയുൾപ്പെടെ എംഎംആറിലുടനീളമുള്ള നിരവധി പ്രധാന ജലാശയങ്ങളെയും അരുവികളെയും ബന്ധിപ്പിക്കുന്നതായിരിക്കും വാട്ടർ മെട്രോ.

സാധ്യതാ പഠന റിപ്പോർട്ട് മഹാരാഷ്ട്ര തുറമുഖ, ഫിഷറീസ് മന്ത്രി നിതീഷ് റാണെയ്ക്ക് കെ.എം.ആർ.എൽ അധികൃതര്‍ സമർപ്പിച്ചു. തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്റെയും ഉൾനാടൻ ജലപാത അതോറിറ്റി ഓഫ് ഇന്ത്യയുടെയും നിർദ്ദേശപ്രകാരം, 11 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 21 നഗരങ്ങളിലെ വാട്ടർ മെട്രോ പദ്ധതികൾക്കായി കെ.എം.ആർ.എൽ നിലവില്‍ സാധ്യതാ പഠനങ്ങൾ നടത്തിവരികയാണ്.

മുംബൈ വാട്ടർ മെട്രോയ്ക്കുള്ള വിശദമായ പദ്ധതി റിപ്പോർട്ട് (DPR) തയ്യാറാക്കാൻ മഹാരാഷ്ട്ര സർക്കാർ കെ.എം.ആർ.എല്ലിനെ തന്നെ ഏൽപ്പിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. മത്സരാധിഷ്ഠിത ബിഡ്ഡിംഗ് പ്രക്രിയയിലൂടെ കെഎംആർഎൽ ഒരു കൺസൾട്ടൻസി നിയമനം നേടുന്നത് ഇതാദ്യമായാണ്. റെക്കോർഡ് സമയപരിധിക്കുള്ളിലാണ് സാധ്യതാ പഠന റിപ്പോർട്ട് കെ.എം.ആര്‍.എല്‍ തയാറാക്കിയത്. മുംബൈ വാട്ടർ മെട്രോ ഡിപിആറിന്റെയും തുടർന്നുള്ള നടത്തിപ്പിന്റെയും ചുമതല ഏൽപ്പിച്ചാൽ സുസ്ഥിര നഗര ജലഗതാഗതത്തിൽ ആഗോള തലത്തില്‍ സാന്നിധ്യമുറപ്പിക്കാന്‍ കെഎംആർഎല്ലിനാകും.

KMRL moves toward national expansion by submitting the water metro feasibility report for Mumbai, inspired by the Kochi model.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com