രജനീകാന്തിനെ സസ്‌പെന്‍ഡ് ചെയ്ത ജെ. അലക്‌സാണ്ടര്‍!

ഇന്നലെ അന്തരിച്ച മലയാളിയും കര്‍ണാടകയുടെ ജനകീയ ചീഫ് സെക്രട്ടറിയുമായിരുന്ന ജെ. അലക്‌സാണ്ടറുടെ കരിയറിലെ ഒരു അവിസ്മരണീയമായ സംഭവം

കര്‍ണാടകയിലെ ഏറ്റവും ജനകീയനായ ചീഫ് സെക്രട്ടറിമാരിലൊരാളാണ് ഇന്നലെ അന്തരിച്ച ജെ. അലക്‌സാണ്ടര്‍. സിവില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയത്തിലേക്ക് കടന്ന കൊല്ലം സ്വദേശിയായ അദ്ദേഹം 2003ല്‍ കര്‍ണാടകയില്‍ ടൂറിസം മന്ത്രിയുമായിരുന്നു.

പതിറ്റാണ്ടുകളായി ബാംഗ്ലൂര്‍ നഗരത്തില്‍ താമസിച്ചിരുന്ന അലക്‌സാണ്ടര്‍ 2016 ജൂണില്‍ ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ മുഖ്യപ്രഭാഷകനുമായി സംബന്ധിച്ചിരുന്നു.

അന്ന് ഡി-ഡെ വേദിയില്‍ വെച്ച് അദ്ദേഹം പങ്കുവെച്ചൊരു സംഭവകഥ സദസ്സ് ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.
രജനീകാന്തിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മാനേജിംഗ് ഡയറക്റ്റര്‍
തമിഴ് സൂപ്പര്‍താരം രജനീകാന്തിന്റെ കബാലി എന്ന സിനിമ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന നാളുകളിലാണ് ഡി-ഡെയില്‍ സംസാരിക്കാന്‍ അലക്‌സാണ്ടര്‍ എത്തുന്നത്. ആ അവസരത്തിലാണ് അലക്‌സാണ്ടര്‍ പഴയൊരു സംഭവം ഓര്‍ത്തെടുത്ത് പറഞ്ഞത്:

''അന്ന് ഞാന്‍ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്റ്ററാണ്. അക്കാലത്ത് പ്രതിദിനം പത്തുരൂപ വേതനത്തിന് താല്‍ക്കാലികാടിസ്ഥാനത്തില്‍ കണ്ടക്ടര്‍മാരായി ഒരുപാട് പേര്‍ കോര്‍പ്പറേഷനില്‍ ജോലി ചെയ്തിരുന്നു. എന്റെ സ്വന്തം സ്ഥലമായ ഇന്ദിര നഗര്‍, ചിന്മയ റോഡ് ഏരിയയിലെ ടിക്കറ്റ് എക്‌സാമിനര്‍ ഒരു കര്‍ശനക്കാരനായിരുന്നു. അദ്ദേഹം ഒരു തവണ ഈ റൂട്ടിലോടുന്ന ബസില്‍ കയറി പരിശോധന നടത്തിയപ്പോള്‍ യാത്രക്കാര്‍ക്ക് എല്ലാവര്‍ക്കും ടിക്കറ്റില്ലെന്ന് മനസ്സിലായി. ആ ബസിലെ കണ്ടക്ടര്‍ ടിക്കറ്റ് നല്‍കിയിരുന്നു. കണ്ടക്ടര്‍ വെട്ടിപ്പ് നടത്തിയതായിരുന്നില്ല. വളരെ ശ്രദ്ധിച്ച് ടിക്കറ്റ് നല്‍കുന്നതുകൊണ്ട് അയാളുടെ ജോലിക്ക് വേഗത കുറവായിരുന്നു. പക്ഷേ ടിക്കറ്റ് എക്‌സാമിനറുടെ റിപ്പോര്‍ട്ട് അനുസരിച്ച് ശിവാജി റാവു ഗെയ്ക്ക്‌വാദ് എന്ന പേരുള്ള (രജനികാന്തിന്റെ ശരിയായ പേര് അതാണ്) ആ കണ്ടക്ടര്‍ക്ക് എനിക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കേണ്ടി വന്നു.

പിറ്റേന്ന് എന്നെ ഒരു യൂണിയന്‍ നേതാവ് കാണാന്‍ വന്നു. ഗെയ്ക്ക്‌വാദിനെ തിരിച്ചെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. അതിനുള്ള കാരണവും രസകരമായിരുന്നു. ഞാന്‍ മുഖ്യാതിഥിയായി പങ്കെടുക്കാനിരിക്കുന്ന, കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ഒരു പരിപാടിയില്‍ അവതരിപ്പിക്കാനിരിക്കുന്ന നാടകത്തിന്റെ ഭീമന്റെ വേഷം ചെയ്യുന്നത് ഈ ഗെയ്ക്ക്‌വാദാണ്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടാല്‍ നാടകത്തില്‍ ഭീമനുണ്ടാവില്ല. കലയോടും കലാകാരന്മാരോടും എന്നും ആഭിമുഖ്യം പുലര്‍ത്തുന്ന ഞാന്‍ സ്റ്റെനോഗ്രാഫറെ വിളിച്ച് ഗെയ്ക്ക് വാദിനെ തിരിച്ച് ജോലിയില്‍ പ്രവേശിപ്പിക്കാനുള്ള ഓര്‍ഡര്‍ അടിക്കാന്‍ പറഞ്ഞു. നാടകത്തിലെ ഭീമന്‍ അഭിനയമികവുകൊണ്ട് എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങി.

പിന്നീട് ഈ ഗെയ്ക്ക് വാദ് ജോലി വിട്ട് മദ്രാസിലേക്ക് പോയെന്നറിഞ്ഞു.''
ജനസേവകനായ സിവില്‍ സര്‍വീസ് ഓഫീസര്‍
കര്‍ണാടക ചീഫ് സെക്രട്ടറിയായിരിക്കെ നടപ്പാക്കിയ ജനസേവന പ്രവര്‍ത്തനങ്ങളാണ് ജെ. അലക്‌സാണ്ടറിനെ രാഷ്ട്രീയത്തിലേക്കും അടുപ്പിച്ചത്. 69ാം വയസില്‍ ധാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് അദ്ദേഹം പി എച്ച് ഡി നേടിയതും വലിയ വാര്‍ത്തയായിരുന്നു.



Related Articles
Next Story
Videos
Share it