അറിയണം, ഏപ്രില്‍ ഒന്നുമുതലുള്ള ഈ മൂന്ന് മാറ്റങ്ങള്‍

പാന്‍കാര്‍ഡും ആധാറും ലിങ്ക് ചെയ്യാന്‍ മറക്കല്ലേ
പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി 2022 മാര്‍ച്ച് 31 ന് അവസാനിക്കും. ഈ തീയ്യതിക്ക് മുമ്പായി പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാത്തവരില്‍ നിന്ന് 10,000 രൂപ പിഴ ഈടാക്കുകയും അവരുടെ പാന്‍കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാവുകയും ചെയ്യും. എസ്ബിഐയും തങ്ങളുടെ ഉപഭോക്താക്കളോട് മാര്‍ച്ച് 31നകം പാന്‍കാര്‍ഡും ആധാര്‍കാര്‍ഡും ലിങ്ക് ചെയ്യണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം അക്കൗണ്ട് ഇനാക്ടീവ് ആവാന്‍ സാധ്യതയുണ്ട്.
പോസ്റ്റ് ഓഫീസ് നിക്ഷേപകരാണെങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കണം
പോസ്റ്റ് ഓഫീസ് പ്രതിമാസ നിക്ഷേപ പദ്ധതി (എംഐഎസ്), എസ്‌സിഎസ്എസ്, ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് (ടിഡി) എന്നിവയില്‍ നിന്നുള്ള പലിശ എടുക്കുന്നവര്‍ക്ക് 2022 ഏപ്രില്‍ ഒന്നുമുതല്‍ തുക പണമായി ലഭിക്കുകയില്ല. ഇത് നിക്ഷേപകരുടെ സേവിംഗ്സ് അക്കൗണ്ടുകളിലേക്ക് നേരിട്ട് അയയ്ക്കും. ഒരു നിക്ഷേപകന്‍ തന്റെ സേവിംഗ്‌സ് സ്‌കീമുമായി ബാങ്കിന്റെയോ പോസ്റ്റ് ഓഫീസിന്റെയോ സേവിംഗ്‌സ് അക്കൗണ്ട് ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍, ഈ തുക സ്വീകരിക്കുന്നതില്‍ തടസമുണ്ടായേക്കാം. തടസങ്ങള്‍ ഒഴിവാക്കാന്‍, 2022 മാര്‍ച്ച് 31-ന് മുമ്പ് പോസ്റ്റ് ഓഫീസ് സ്‌കീമിനെ സേവിംഗ്‌സ് അക്കൗണ്ടുമായി ലിങ്ക് ചെയ്യണം.
വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി പ്രീമിയം നിരക്ക് ഉയരും
ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള സ്വകാര്യ ഇരുചക്ര വാഹനങ്ങള്‍ക്കും കാറുകള്‍ക്കുമുള്ള തേര്‍ഡ് പാര്‍ട്ടി പ്രീമിയം നിരക്കുകള്‍ വര്‍ധിപ്പിച്ചു. പുതിയ നിരക്കുകള്‍ അനുസരിച്ച്, 2022 ഏപ്രില്‍ 1 മുതല്‍ നിങ്ങളുടെ ഫോര്‍ വീലര്‍ (സ്വകാര്യ കാറുകള്‍), ഇരുചക്രവാഹന (ബൈക്ക്) വാഹനങ്ങളുടെ തേര്‍ഡ്-പാര്‍ട്ടി കവറിന് കൂടുതല്‍ പണം നല്‍കേണ്ടിവരും. പുതിയ കരട് പ്രകാരം 150 മുതല്‍ 350 ക്യൂബിക് കപ്പാസിറ്റിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് 1,366 രൂപയായിരിക്കും പുതുക്കിയ തേര്‍ഡ് പാര്‍ട്ടി പ്രീമിയം. 350 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് 2,804 രൂപ പ്രീമിയം അടയ്ക്കണം. 1000 സിസി വരെയുള്ള സ്വകാര്യ നാലുചക്ര വാഹനങ്ങള്‍ക്ക് 2,094 രൂപയാണ് പ്രീമിയം. 1,000- 1500 സിസി മോഡലുകള്‍ക്ക് 3,416 രൂപയും 1500 സിസിക്ക് മുകളിലുള്ളവയ്ക്ക് 7,897 രൂപയുമാണ് പുതുക്കിയ പ്രീമിയം നിരക്ക്.
പൊതു ചരക്കുകള്‍ കയറ്റുന്ന കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക്, ഭാരം താങ്ങാവുന്ന ശേഷി അനുസരിച്ച് 16,049- 44,242 രൂപനിരക്കിലാണ് പ്രീമിയം. സ്വകാര്യ ചരക്കുകള്‍ കയറ്റുന്ന കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക് 8,510-25,038 രൂപ നിരക്കിലാണ് പുതിയ പ്രീമിയം. എല്ലാ വിഭാഗത്തിലും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് (ഇവി) പ്രീമിയം നിരക്കില്‍ 15 ശതമാനം ഇളവ് ലഭിക്കും. ഇരുചക്ര ഇവികള്‍ക്ക് കിലോവാട്ട് ശേഷി അനുസരിച്ച് 457-2,383 രൂപ നിരക്കിലാണ് വിജ്ഞാപനത്തില്‍ പ്രീമിയം തുക നിശ്ചയിച്ചിരിക്കുന്നത്. സ്വകാര്യ ഇലക്ട്രിക് കാറുകള്‍ക്ക് 1,780-6,712 രൂപ നിരക്കിലും പ്രീമിയം തുക നിലവില്‍ വരും. ഹൈബ്രിഡ് ഇവികള്‍ക്ക് തേര്‍ഡ് പാര്‍ട്ടി പ്രീമിയത്തില്‍ 7.5 ശതമാനത്തിന്റെ ഇളവും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it