കൊച്ചിയില്‍ നിന്ന് പറക്കാന്‍ സമയ മാറ്റം, 27 മുതല്‍ ശൈത്യകാല ഷെഡ്യൂള്‍; ആഴ്ചയില്‍ 1,576 സര്‍വീസ്

ചെന്നൈ, ബാംഗ്ലൂര്‍, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് പ്രതിദിനം അധിക ഫ്ളൈറ്റുകള്‍
a ground handling staff guiding a aeroplane
image credit : canva
Published on

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി ശെത്യകാല വിമാന സര്‍വീസ് സമയവിവര പട്ടിക പ്രഖ്യാപിച്ചു. ഒക്ടോബര്‍ 27 മുതല്‍ മാര്‍ച്ച് 29 വരെയാണ് പ്രാബല്യം. ഇപ്പോള്‍ നിലവിലുള്ള വേനല്‍ക്കാല പട്ടികയില്‍ ആകെ 1,480 സര്‍വീസുകളാണുള്ളത്. പുതിയ വേനല്‍ക്കാല പട്ടികയില്‍ 1,576 പ്രതിവാര സര്‍വീസുകളാവും.

യു.എ.ഇയിലേക്ക് ആഴ്ചയില്‍ 134 സര്‍വീസുകള്‍

രാജ്യാന്തര സെക്ടറില്‍ ഇരുപത്തിയാറും ആഭ്യന്തര സെക്ടറില്‍ ഏഴും എയര്‍ലൈനുകളാണ് സിയാലില്‍ സര്‍വീസ് നടത്തുന്നത്. രാജ്യാന്തര സെക്ടറില്‍ ഏറ്റവും അധികം സര്‍വീസുള്ളത് അബുദാബിയിലേക്കാണ്- 67 പ്രതിവാര സര്‍വീസുകള്‍. ദുബായിലേക്ക് 46 സര്‍വീസുകളും ദോഹയിലേക്ക് 31 സര്‍വീസുകളുമാണ് കൊച്ചിയില്‍ നിന്നുള്ളത്. പുതിയ ശൈത്യകാല ഷെഡ്യൂള്‍ പ്രകാരം യു.എ.ഇയിലേക്കുള്ള മൊത്തം പ്രതിവാര സര്‍വീസുകളുടെ എണ്ണം 134 ആയിരിക്കും. അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ചയില്‍ 51 ഓപ്പറേഷനുകള്‍ നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ് പട്ടികയില്‍ ഒന്നാമത്. എത്തിഹാദ് - 28, എയര്‍ അറേബ്യ അബുദാബി - 28, എയര്‍ ഏഷ്യ - 18, എയര്‍ ഇന്ത്യ - 17, എയര്‍ അറേബ്യ, ആകാശ, എമിറേറ്റ്‌സ്, ഒമാന്‍ എയര്‍, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് - 14, എന്നിവരാണ് മറ്റ് പ്രമുഖ എയര്‍ലൈനുകള്‍.

തായ് എയര്‍വേയ്സ് ബാങ്കോക്ക് സുവര്‍ണഭൂമി വിമാനത്താവളത്തിലേക്കുള്ള പ്രത്രിവാര പ്രീമിയം സര്‍വീസുകള്‍ ആഴ്ചയില്‍ 5 ദിവസമായി കൂട്ടി. ഇതോടെ കൊച്ചിയില്‍ നിന്ന് ബാങ്കോക്കിലേക്ക് പ്രതിവാരം 15 സര്‍വീസുകള്‍ ഉണ്ടാകും. തായ് എയര്‍ ഏഷ്യ, തായ് ലയണ്‍ എയര്‍ എന്നീ സര്‍വീസുകള്‍ ഉള്‍പ്പെടെയാണിത്. കൂടാതെ, വിയറ്റ്ജെറ്റ് വിയറ്റ്നാമിലേക്ക് പ്രതിദിന സര്‍വീസുകള്‍ തുടങ്ങും.

അധികം സര്‍വീസുകള്‍

ആഭ്യന്തര സെക്ടറില്‍ ബാംഗ്ലൂര്‍ - 112, മുംബൈ- 75, ഡല്‍ഹി- 63, ചെന്നൈ- 61, ഹൈദരാബാദ് - 52, അഗത്തി - 15, അഹമ്മദാബാദിലേക്കും കൊല്‍ക്കത്തയിലേക്കും 14 , പൂനെ- 13, കോഴിക്കോട്, ഗോവ, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 7 വീതവും സേലത്തേക്ക് 5 സര്‍വീസുകളുമാണ് സിയാല്‍ ശൈത്യകാല സമയക്രമത്തില്‍ പ്രവര്‍ത്തിക്കുക. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബാംഗ്ലൂരിലേക്ക് 10, ചെന്നൈയിലേക്ക് 7, പൂനെയിലേക്ക് 6, ഹൈദരാബാദിലേക്ക് 5 എന്നിങ്ങനെ അധികമായി സര്‍വീസ് നടത്തും. ആകാശ എയര്‍ അഹമ്മദാബാദിലേക്ക് പ്രതിദിന അധിക വിമാനസര്‍വീസുകള്‍ നടത്തും. അന്താരാഷ്ട-ആഭ്യന്തര മേഖലയില്‍ ആഴ്ചയില്‍ 788 പുറപ്പെടലുകളും 788 ആഗമനങ്ങളുമാണ് ഉണ്ടാവുക.

ഒരു കോടി യാത്രക്കാര്‍

2023-24 സാമ്പത്തിക വര്‍ഷത്തില്‍ 1,000 കോടി ക്ലബ്ബില്‍ പ്രവേശിച്ച സിയാല്‍, ഒരു കലണ്ടര്‍ വര്‍ഷത്തിലും സാമ്പത്തിക വര്‍ഷത്തിലും 10 ദശലക്ഷം യാത്രക്കാര്‍ എത്തിച്ചേര്‍ന്ന കേരളത്തിലെ ഏക വിമാനത്താവളമായി മാറി. ഇന്ത്യന്‍ വ്യോമയാന മേഖലയിലെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കനുസൃതമായി സൗകര്യങ്ങള്‍ നടപ്പിലാക്കാന്‍ കമ്പനി ദൈനംദിനം ശ്രമിച്ചുക്കൊണ്ടിരിക്കുകയാണെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് പറഞ്ഞു.

യാത്രക്കാരുടെ വര്‍ധന കണക്കിലെടുത്ത്, വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര ടെര്‍മിനല്‍ (ടി 3) വികസനം നടപ്പിലാക്കി വരികയാണ്. ഏപ്രണ്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിട്ടത് 2023 ഒക്ടോബര്‍ 2-നാണ്. ഇതിനോടകം ഏപ്രണ്‍ ഏരിയ 20 ലക്ഷം ചതുരശ്ര അടിയില്‍ നിന്ന് 36 ലക്ഷം ചതുരശ്ര അടിയായി ഉയര്‍ത്തി. വികസനം പൂര്‍ത്തിയാകുന്നതോടെ പാര്‍ക്കിങ് ബേകളുടെ എണ്ണം 44ല്‍ നിന്ന് 52 ആയും ടെര്‍മിനല്‍ ഏരിയ 15 ലക്ഷം ചതുരശ്ര അടിയില്‍ നിന്ന് 21 ലക്ഷം ചതുരശ്ര അടിയായും വര്‍ധിക്കും. ഇത് 2 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com