കൊച്ചി ബൈപാസിന്റെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍, ഏപ്രിലില്‍ നിര്‍മാണം ആരംഭിക്കും

44.7 കിലോമീറ്റർ ദൈർഘ്യമുള്ള അങ്കമാലി-കുണ്ടന്നൂർ ബൈപാസ് ഗ്രീൻഫീൽഡ് ഹൈവേ കൊച്ചിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലയിലാണ് യാഥാര്‍ത്ഥ്യമാക്കുന്നത്. 2025 ഏപ്രിലിൽ പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയാക്കാൻ കഴിയുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

രണ്ടര വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനുളള ലക്ഷ്യം

2025 ഏപ്രിലിൽ ഹൈവേയുടെ നിർമ്മാണം ആരംഭിച്ച് 2027 ഒക്‌ടോബറോടെ രണ്ടര വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) ലക്ഷ്യമിടുന്നത്. അങ്കമാലി മുതൽ അരൂർ വരെയുള്ള നിലവിലുള്ള എന്‍.എച്ച്-544, എന്‍.എച്ച്-66 ഭാഗങ്ങളിലെ തിരക്ക് കുറയ്ക്കാന്‍ ഉദ്ദേശിച്ചാണ് ദേശിയ പാത അതോറിറ്റി പുതിയ ബൈപാസ് വിഭാവനം ചെയ്തിരിക്കുന്നത്.
ദീർഘദൂര വാഹനങ്ങൾക്ക് കൊച്ചി നഗരത്തെയും അങ്കമാലി, ആലുവ, കളമശ്ശേരി, ഇടപ്പള്ളി തുടങ്ങിയ ജംഗ്ഷനുകളെയും മറികടക്കാൻ ബൈപാസ് സഹായകരമാണ്. വാഹനങ്ങള്‍ക്ക് ഇതിലൂടെ ഒരു മണിക്കൂറിലധികം സമയ ലാഭമാണ് ഉണ്ടാകുക.
ബൈപാസ് കടന്നു പോകുന്ന വില്ലേജുകള്‍
6,000 കോടി രൂപയുടെ പദ്ധതി അങ്കമാലിക്കടുത്തുള്ള കരയാംപറമ്പിനെ കുണ്ടന്നൂരുമായി ബന്ധിപ്പിക്കുന്നതാണ്. അങ്കമാലി പോലുള്ള പ്രധാന ജംക്‌ഷനുകളിലെ ഗതാഗതക്കുരുക്കിൽ പെടാതെ കൊച്ചി വിമാനത്താവളത്തില്‍ എത്താന്‍ യാത്രക്കാരെ സഹായിക്കുന്നതാണ് ബൈപാസ്.
അംഗീകൃത അലൈൻമെന്റ് അനുസരിച്ച് വിമാനത്താവളത്തിനും പെരിയാർ നദിക്കും ഇടയിലുള്ള കരയിലൂടെയാണ് നിർദ്ദിഷ്ട ഹൈവേ കടന്നുപോകുന്നത്. ഏകദേശം 3 കിലോമീറ്റർ നീളമുള്ള റോഡ് സജ്ജീകരിച്ച് വിമാനത്താവളത്തിലേക്കുള്ള പ്രവേശനം സുഗമമാക്കാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്.
അങ്കമാലി, അറക്കപ്പടി, പട്ടിമറ്റം, വടവുകോട്, ഐക്കരനാട് നോർത്ത്, ഐക്കരനാട് സൗത്ത്, തിരുവാണിയൂർ, മാറമ്പള്ളി, കറുകുറ്റി, തുറവൂർ, മറ്റൂർ, വടക്കുംഭാഗം, കിഴക്കുംഭാഗം, കുരീക്കാട്, തെക്കുംഭാഗം, തിരുവാങ്കുളം, മരട് തുടങ്ങിയ വില്ലേജുകളിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്.
Related Articles
Next Story
Videos
Share it