

ആഗോള രംഗത്തെ മുന്‍നിര വിമാനക്കമ്പനികളുടെ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകളെ (ജിസിസി) ആകര്‍ഷിക്കുന്നതിനായി ഇന്‍ഫോപാര്‍ക്ക് സംഘടിപ്പിക്കുന്ന 'കോക്ക്പിറ്റ് 2027: ഗ്ലോബല്‍ ഏവിയേഷന്‍ ജിസിസി ലീഡര്‍ഷിപ്പ് ഉച്ചകോടി'യുടെ ലോഗോയും വെബ്സൈറ്റും വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പുറത്തിറക്കി.
2027 ജനുവരി 28, 29 തീയതികളില്‍ കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തിലാണ് ഉച്ചകോടി നടക്കുക.
വ്യോമയാന മേഖലയിലെ ആഗോള കമ്പനികളെയും സാങ്കേതികവിദ്യാ സ്ഥാപനങ്ങളെയും ഒരേ വേദിയില്‍ എത്തിക്കുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. ഗള്‍ഫ് രാജ്യങ്ങള്‍, ഇന്ത്യ, ഏഷ്യാ പസഫിക്, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള 25ലധികം പ്രമുഖ വിമാനക്കമ്പനികളുടെ ഉന്നത മേധാവികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.
വ്യോമയാന കമ്പനികളുടെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന വിവിധ സാങ്കേതിക മേഖലകളെ കേന്ദ്രീകരിച്ചായിരിക്കും ചര്‍ച്ചകള്‍. എഐ, ഡാറ്റ, പ്രൊഡക്ട് മാനേജ്‌മെന്റ്, ഡിജിറ്റല്‍ ഹബ്ബുകള്‍ തുടങ്ങിയ മേഖലകളില്‍ കൊച്ചിക്കുള്ള സാധ്യതകള്‍ ആഗോള കമ്പനികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും.
വന്‍കിട മെട്രോ നഗരങ്ങളില്‍ നിന്ന് ഉയര്‍ന്ന വളര്‍ച്ചാസാധ്യതയുള്ള കൊച്ചി പോലുള്ള ടയര്‍ 2 നഗരങ്ങളിലേക്ക് കമ്പനികള്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്ന സാഹചര്യത്തിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. 2031ഓടെ സംസ്ഥാനത്ത് 150 ജിസിസികള്‍ സ്ഥാപിക്കുകയെന്ന ലക്ഷ്യവും പദ്ധതിയുടെ ഭാഗമാണ്. ആഗോള കമ്പനികളുടെ സാങ്കേതിക, ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തെ പ്രധാന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം.
വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ, ഡാറ്റ അനലിറ്റിക്‌സ്, ഡിജിറ്റല്‍ സേവനങ്ങള്‍, എഐ അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ഉച്ചകോടി സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കൊച്ചിയിലെ മികച്ച എയര്‍ കണക്ടിവിറ്റിയും സിയാല്‍ എയറോസിറ്റി, എംആര്‍ഒ സംവിധാനങ്ങളും വ്യോമയാന മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് അനുകൂല ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു. വിമാനക്കമ്പനികള്‍ക്ക് വരുമാനം വര്‍ധിപ്പിക്കുന്ന തന്ത്രപ്രധാന സാങ്കേതിക കേന്ദ്രങ്ങളായി ജിസിസികളെ മാറ്റുന്നതിനെക്കുറിച്ചും ഉച്ചകോടി ചര്‍ച്ച ചെയ്യും.
സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയോടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ അന്താരാഷ്ട്ര കമ്പനികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും.
വ്യോമയാന കമ്പനികളുടെ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആഗോള കേന്ദ്രമായി കൊച്ചിയെ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് ഉച്ചകോടി പുതിയ അവസരങ്ങള്‍ തുറന്നുകൊടുക്കുമെന്ന് ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ വ്യക്തമാക്കി.
ബഹുരാഷ്ട്ര കമ്പനികള്‍ തങ്ങളുടെ സാങ്കേതികവിദ്യ, ഗവേഷണം, ധനകാര്യ മാനേജ്മെന്റ്, ബിസിനസ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനായി വിവിധ രാജ്യങ്ങളില്‍ നേരിട്ട് സ്ഥാപിക്കുന്ന പ്രത്യേക കേന്ദ്രങ്ങളാണ് ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകള്‍ (Global Capability Centres - GCC). സോഫ്റ്റ്‌വെയര്‍ വികസനം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), ഡാറ്റ അനാലിറ്റിക്സ്, സൈബര്‍ സുരക്ഷ, ഗവേഷണവും വികസനവും (R&D) തുടങ്ങിയ മേഖലകളിലാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്.
സാധാരണ ഐടി ഔട്ട്സോഴ്സിംഗ് സ്ഥാപനങ്ങളില്‍നിന്ന് വ്യത്യസ്തമായി മാതൃകമ്പനിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ജിസിസികള്‍ പ്രവര്‍ത്തിക്കുന്നത്. കമ്പനികളുടെ ആഗോള ബിസിനസ് വളര്‍ച്ചയ്ക്കും സാങ്കേതിക നവീകരണത്തിനും പിന്തുണ നല്‍കുന്ന തന്ത്രപ്രധാന കേന്ദ്രങ്ങളാണ് ഇവ. ആസ്ഥാനം സ്ഥിതി ചെയ്യുന്ന രാജ്യത്തെക്കാള്‍ കുറഞ്ഞ ചെലവില്‍ പ്രവര്‍ത്തിപ്പിക്കാമെന്നതാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് കൂടുതല്‍ ജിസിസികളെ ആകര്‍ഷിക്കുന്നത്. ആഗോളതലത്തിലുള്ള ജിസിസികളില്‍ 53 ശതമാനവും ഇന്ത്യയിലാണ്.
ഉയര്‍ന്ന വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷി, താരതമ്യേന കുറഞ്ഞ പ്രവര്‍ത്തനച്ചെലവ്, മികച്ച സാങ്കേതിക അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയാണ് ഇന്ത്യയെ ജിസിസികളുടെ പ്രധാന ആകര്‍ഷണകേന്ദ്രമാക്കുന്നത്. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, പുണെ തുടങ്ങിയ നഗരങ്ങളിലാണ് ഇത്തരം കേന്ദ്രങ്ങള്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നത്.
കേരളത്തില്‍ നിലവില്‍ 22 ജിസിസികളാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തുള്ള 2020 ജിസിസികളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഈ രംഗത്ത് കേരളം ഏറെ പിന്നിലാണ്. കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളില്‍ കൂടുതല്‍ ജിസിസികള്‍ എത്തുന്നത് ഉയര്‍ന്ന ശമ്പളമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം ഐടി, റിയല്‍ എസ്റ്റേറ്റ്, അനുബന്ധ സേവന മേഖലകളുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കും.
Read DhanamOnline in English
Subscribe to Dhanam Magazine