
കൊച്ചി മെട്രോ ബി.പി.സി.എല്ലുമായി ചേര്‍ന്ന് കളമശേരി മെട്രോ സ്റ്റേഷനു സമീപം ആരംഭിക്കുന്ന അത്യാധുനിക ഫ്യൂവല്‍ സ്റ്റേഷന്‍ 19ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചി മെട്രോ ഫ്യൂവല്‍ സ്റ്റേഷന്‍ ആരംഭിക്കുന്നത്.
26,900 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് പമ്പ് പ്രവര്‍ത്തിക്കുന്നത്. സുസ്ഥിരവും യാത്രാ സൗഹൃദവുമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്ന ദൗത്യനിര്‍വഹണത്തിന്റെ ഭാഗമായാണ് ഇത്തരം സൗകര്യങ്ങള്‍ കൊച്ചി മെട്രോ ഏര്‍പ്പെടുത്തുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ പറഞ്ഞു.
ഡീസലിനും പെട്രോളിനും പുറമെ പമ്പില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്. സി.എന്‍.ജി, നൈട്രജന്‍ ഫില്ലിംഗിനുള്ള സൗകര്യവും ഉടനെ ഏര്‍പ്പെടുത്തും. അഞ്ച് മള്‍ട്ടി പ്രോഡക്ട് ഡിസ്പെന്‍സേഴ്സാണ് സജ്ജമാക്കിയിരിക്കുന്നത്. ഒരേ സമയം 25 വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാനുള്ള സൗകര്യവുമുണ്ട്. ഫ്യൂവല്‍ സ്റ്റേഷനോടനുബന്ധിച്ച് വാണിജ്യ സമുച്ചയം, ഫുഡ് കോര്‍ട്ട്, പാര്‍ക്കിംഗ് സൗകര്യം തുടങ്ങിയവ സജ്ജമാക്കി വികസിപ്പിക്കാനും പദ്ധതിയുണ്ട്.
കുടുംബശ്രീയുമായി സഹകരിച്ചാണ് മനുഷ്യവിഭവശേഷി സജ്ജമാക്കിയിരിക്കുന്നത്. 24 മണിക്കൂറും സേവന സന്നദ്ധമായ പമ്പില്‍ 17 സ്ത്രീകളും 13 പുരുഷന്മാരുമാണ് പ്രവര്‍ത്തിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine