മെട്രോ യാത്രയിൽ നാളെ കാരിക്കേച്ചർ സ്വന്തമാക്കാം; കേരള മെട്രോ ഡേയിൽ കാർട്ടൂണിസ്റ്റുകളുടെ വേറിട്ട കൂട്ടായ്മ

പ്രശസ്ത കാർട്ടൂണിസ്റ്റുകളായ ഇ. പി. ഉണ്ണി, സജിത്ത് കുമാർ, സജ്ജീവ്, റോഷ്, മോഹിത്, ഗോകുൽ ഗോപാലകൃഷ്ണൻ എന്നിവരാണ് യാത്രക്കാരുമായി നേരിട്ട് സംവദിക്കുന്നത്
kochi metro trains
Kochi Metro Railimage credit : facebook.com/ KochiMetroRail
Published on

നാളെ മെട്രോയിൽ യാത്ര ചെയ്താൽ രണ്ടാണ് മെച്ചം. സുഖയാത്രയിലൂടെ ലക്ഷ്യസ്ഥാനത്തെത്താം, ഒപ്പം രാജ്യത്തെ പ്രശസ്ത കാർട്ടൂണിസ്റ്റുകളുടെ വരയ്ക്കും വർത്തമാനങ്ങൾക്കുമൊപ്പം കൂടാം. നിങ്ങളുടെ കാരിക്കേച്ചറുകൾ കാർട്ടൂണിസ്റ്റുകളുടെ കൈയൊപ്പോടെ സ്വന്തമാക്കാം. കേരള മെട്രോ ഡേ ആഘോഷത്തിന്റെ ഭാഗമായാണ് യാത്രക്കാർക്കായി കൊച്ചി മെട്രോ വ്യത്യസ്തമായ 'വരവേൽപ്പ്' ഒരുക്കുന്നത്.

പ്രശസ്ത കാർട്ടൂണിസ്റ്റുകളായ ഇ. പി. ഉണ്ണി, സജിത്ത് കുമാർ, സജ്ജീവ്, റോഷ്, മോഹിത്, ഗോകുൽ ഗോപാലകൃഷ്ണൻ എന്നിവരാണ് മെട്രോയിലും വാട്ടർ മെട്രോയിലും യാത്ര ചെയ്ത് യാത്രക്കാരുമായി നേരിട്ട് സംവദിക്കുന്നത്. ഒരു സാധാരണ യാത്രയെ കലയും നർമ്മവും നിറഞ്ഞ അനുഭവമാക്കി മാറ്റുകയാണ് ഈ അപൂർവ കൂട്ടായ്മയുടെ ലക്ഷ്യം. യാത്രക്കാർ സംസാരിക്കുമ്പോൾ കാർട്ടൂണിസ്റ്റുകള്‍ അവരുടെ ചിരിയും ചിന്തയും ഒരുപോലെ സമ്മാനിക്കുന്ന ചിത്രങ്ങൾ വരക്കുന്നതാണ്. ഓരോ യാത്രക്കാരന്റെയും തത്സമയ കാരിക്കേച്ചറുകൾ പ്രമുഖ കാർട്ടൂണിസ്റ്റുകളുടെ കൈയൊപ്പോടെ സമ്മാനമായി ലഭിക്കും. വെള്ളിയാഴ്ച രാവിലെ 8 മണിമുതൽ 11 വരെ വാട്ടർ മെട്രോയിലും 11.30 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ മെട്രോ ട്രെയിനിലുമാണ് കാർട്ടൂണിസ്റ്റുകളുടെ യാത്ര.

യാത്രയ്ക്കിടെ പിറക്കുന്ന ചിത്രങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കി മെട്രോ, വാട്ടർ മെട്രോ സ്റ്റേഷനുകളിൽ പ്രദർശിപ്പിക്കും. യാത്രയ്ക്കിടയിലെ രസകരമായ നിമിഷങ്ങൾ കൊച്ചി മെട്രോയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പങ്കുവെക്കും. യാത്രക്കാരുമായി കൂടുതൽ ആത്മബന്ധം സ്ഥാപിക്കുക, പൊതുഗതാഗതത്തെ കൂടുതൽ ജനകീയവും ആസ്വാദ്യകരവുമാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പരിപാടി ആവിഷ്കരിച്ചിരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com