Begin typing your search above and press return to search.
5 കിലോമീറ്റര്‍ എ.സി യാത്രയ്ക്ക് 20 രൂപ, 20 മിനിറ്റ് വീതം ബസുകള്‍, 'മെട്രോ കണക്ട്' കളത്തിലിറക്കി കൊച്ചി മെട്രോ
എയര്‍പോര്‍ട്ട് റൂട്ടില്‍ തിരക്കുള്ള സമയങ്ങളില്‍ 20 മിനിറ്റ് ഇടവിട്ടും തിരക്കില്ലാത്ത സമയങ്ങളില്‍ 30 മിനിറ്റിലുമാണ് സര്‍വീസുകള്‍ ഉണ്ടാകുക
ട്രാക്കിലും വെള്ളത്തിലും കൊച്ചിയുടെ ഗതാഗത രീതികള്‍ മാറ്റിയെഴുതിയ കൊച്ചി മെട്രോ പുതിയ കാല്‍വയ്പുമായി രംഗത്ത്. വിവിധ മെട്രോ സ്‌റ്റേഷനുകളില്‍ നിന്നുള്ള ഇലക്ട്രിക് ബസ് സര്‍വീസ് അടുത്തയാഴ്ച തുടങ്ങും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന പരീക്ഷണയോട്ടം പൂര്‍ത്തിയായി. 'മെട്രോ കണക്ട്' എന്ന പേരിലാണ് പുതിയ സര്‍വീസ്.
ആലുവ-ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കളമശേരി-മെഡിക്കല്‍ കോളജ്, ഹൈക്കോര്‍ട്ട്-എം.ജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര-കെ.പി വള്ളോന്‍ റോഡ് സര്‍ക്കുലര്‍, കാക്കനാട് വാട്ടര്‍മെട്രോ-ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്രപാര്‍ക്ക്, കളക്ട്രേറ്റ് എന്നീ റൂട്ടുകളിലാണ് തുടക്കത്തില്‍ ഇലക്ട്രിക് ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. ആലുവ- എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയും മറ്റു റൂട്ടുകളില്‍ അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഇലക്ട്രിക് ബസിലെ യാത്ര നിരക്ക്.
കൊച്ചി മെട്രോ സ്റ്റേഷനിലേക്കുള്ള ഫസ്റ്റ് മൈല്‍-ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് 15 ഇലക്ട്രിക് ബസുകള്‍ വാങ്ങി കൊച്ചി മെട്രോ സര്‍വ്വീസ് നടത്തുന്നതെന്ന് കെ.എം.ആര്‍.എല്‍ മനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റ പറഞ്ഞു.
ഡിജിറ്റല്‍ പേയ്‌മെന്റ് സൗകര്യം
ഏറ്റവും സുഖകരമായ യാത്രയ്ക്ക് കൊച്ചി മെട്രോയിലേതിന് സമാനമായ യാത്രാ സൗകര്യങ്ങളോടെയാണ് ഇ ബസുകള്‍ സജ്ജമാക്കിയിരിക്കുന്നത്. 33 സീറ്റുകളാണ് ബസിലുള്ളത്. മുട്ടം, കലൂര്‍, വൈറ്റില, ആലുവ എന്നിവടങ്ങളിലാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍. ഡിജിറ്റല്‍ പേയ്മെന്റ് വഴിയാണ് ടിക്കറ്റിംഗ്. കാഷ് ട്രാന്‍സാക്ഷനും ഉണ്ട്. യുപിഐ വഴിയും റുപേ ഡെബിറ്റ് കാര്‍ഡ്, കൊച്ചി വണ്‍ കാര്‍ഡ് എന്നിവ വഴിയും പേയ്മെന്റ് നടത്താം.
എയര്‍പോര്‍ട്ട് റൂട്ടില്‍ നാലു ബസുകളും കളമശേരി റൂട്ടില്‍ രണ്ട് ബസുകളും ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ ഒരു ബസും കളക്ട്രേറ്റ് റൂട്ടില്‍ രണ്ട് ബസുകളും ഹൈക്കോര്‍ട്ട് റൂട്ടില്‍ മൂന്നു ബസുകളും കടവന്ത്ര റൂട്ടില്‍ ഒരു ബസുമാണ് സര്‍വീസ് നടത്തുന്നതെന്ന് കൊച്ചി മെട്രോ അഡീഷണല്‍ ജനറല്‍ മാനേജര്‍ (അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട്) ടി.ജി ഗോകുല്‍ പറഞ്ഞു.
20 മിനിറ്റില്‍ ബസ്
എയര്‍പോര്‍ട്ട് റൂട്ടില്‍ തിരക്കുള്ള സമയങ്ങളില്‍ 20 മിനിറ്റ് ഇടവിട്ടും തിരക്കില്ലാത്ത സമയങ്ങളില്‍ 30 മിനിറ്റിലുമാണ് സര്‍വീസുകള്‍ ഉണ്ടാകുക. രാവിലെ 6.45 മുതല്‍ സര്‍വീസ് ആരംഭിക്കും. രാത്രി 11 മണിക്കാണ് എയര്‍പോര്‍ട്ടില്‍ നിന്ന് ആലുവയിലേക്കുള്ള അവസാന സര്‍വീസ്. കളമശേരി-മെഡിക്കല്‍ കോളജ് റൂട്ടില്‍ 30 മിനിറ്റ് ഇടവിട്ട് ബസ് ഓടും. രാവിലെ 8.30 മുതല്‍ വൈകിട്ട 7.30 വരെയാണ് സര്‍വീസ്.
കാക്കനാട് വാട്ടര്‍ മെട്രോ-കിന്‍ഫ്രാ-ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ രാവിലെ 8 മണിമുതല്‍ വൈകിട്ട് 7 മണിവരെ 25 മിനിറ്റ് ഇടവിട്ട് സര്‍വീസ് ഉണ്ടാകും. കാക്കനാട് വാട്ടര്‍ മെട്രോ-കളക്ട്രേറ്റ് റൂട്ടില്‍ 20 മിനിറ്റ് ഇടവിട്ട് രാവിലെ 8 മണി മുതല്‍ വൈകിട്ട് 7.30 വരെ സര്‍വീസ് ഉണ്ടാകും. ഹൈക്കോര്‍ട്ട്-എംജിറോഡ് സര്‍ക്കുലര്‍ റൂട്ടില്‍ 10 മിനിറ്റ് ഇടവിട്ട് രാവിലെ 8.30 മുതല്‍ വൈകിട്ട് 7.30 വരെയും കടവന്ത്ര കെ.പി വള്ളോന്‍ റോഡ്-പനമ്പിള്ളി നഗര്‍ റൂട്ടില്‍ 25 മിനിറ്റ് ഇടവിട്ട് രാവിലെ 9 മണിമുതല്‍ വൈകിട്ട് എഴ് മണിവരെയും ബസ് ഓടിക്കാനാണ് കെ.എം.ആര്‍.എല്ലിന്റെ പദ്ധതി.
Next Story
Videos