₹24.19 കോടി നഷ്ടത്തില്‍ നിന്ന് ₹53 കോടി പ്രവര്‍ത്തനലാഭം, പ്രതിദിന യാത്രക്കാര്‍ 15,000ത്തില്‍ നിന്ന് ഒരുലക്ഷം; മെട്രോയെ ഉയരത്തിലെത്തിച്ച ബെഹ്‌റയ്ക്ക് പിന്‍ഗാമിയാര്?

റിട്ടയര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥരായ ജിജി തോംസണ്‍, ബിജു പ്രഭാകര്‍, എംപി ജോസഫ് എന്നിവരുടെ പേരുകളാണ് എംഡി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. പ്രഖ്യാപനം അധികം വൈകിയേക്കില്ല
₹24.19 കോടി നഷ്ടത്തില്‍ നിന്ന് ₹53 കോടി പ്രവര്‍ത്തനലാഭം, പ്രതിദിന യാത്രക്കാര്‍ 15,000ത്തില്‍ നിന്ന് ഒരുലക്ഷം; മെട്രോയെ ഉയരത്തിലെത്തിച്ച ബെഹ്‌റയ്ക്ക് പിന്‍ഗാമിയാര്?
Published on

ചുരുങ്ങിയ കാലംകൊണ്ട് കൊച്ചി മെട്രോയെ പ്രവര്‍ത്തന ലാഭത്തിലെത്തിച്ച നേട്ടവുമായിട്ടാണ് ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) സ്ഥാനമൊഴിഞ്ഞത്. അഞ്ചുവര്‍ഷം കൊണ്ട് രാജ്യത്തെ മുന്‍നിര മെട്രോ സര്‍വീസായി കൊച്ചിയെ മാറ്റാനും അദ്ദേഹത്തിന് സാധിച്ചു. 2021ല്‍ പദവി ഏറ്റെടുക്കുമ്പോള്‍ പ്രതിദിന യാത്രക്കാര്‍ 15,000 മാത്രമായിരുന്നു. നിലവില്‍ 1,25,000 പേര്‍ പ്രതിദിനം കൊച്ചി മെട്രോയെ ആശ്രയിക്കുന്നുണ്ട്.

വാട്‌സാപ്പ് ടിക്കറ്റിംഗ്, ONDC സംയോജനം എന്നിവയിലൂടെ ടിക്കറ്റ് എടുക്കുന്നത് കൂടുതല്‍ ലളിതമാക്കി. വിദ്യാര്‍ത്ഥികള്‍, സ്ഥിരം യാത്രക്കാര്‍ എന്നിവര്‍ക്ക് ഇളവുകള്‍ നടപ്പിലാക്കി. ഇന്ത്യയിലെ ഏറ്റവും മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരം കൊച്ചി മെട്രോയ്ക്ക് ലഭിച്ചതും ബെഹ്‌റയുടെ കാലത്താണ്.

ടിക്കറ്റിതര വരുമാനം

കഴിഞ്ഞ നാലു വര്‍ഷമായി മെട്രോ പ്രവര്‍ത്തന ലാഭത്തിലാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 53 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം ഉണ്ടാക്കാന്‍ കെഎംആര്‍എല്ലിനായി. ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിച്ച് ആകെ വരുമാനത്തിന്റെ 51 ശതമാനവും പരസ്യങ്ങള്‍, ഓക്ഷന്‍ എന്നിവയിലൂടെ നേടാന്‍ സാധിച്ചു. രാജ്യത്ത് ഒട്ടുമിക്ക മെട്രോ പദ്ധതികളും സാമ്പത്തികമായി ലാഭത്തിലായിട്ടില്ല.

ടിക്കറ്റ് വരുമാനത്തിലൂടെ മെട്രോയെ പ്രവര്‍ത്തന ലാഭത്തിലെത്തിക്കാന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ് ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കാന്‍ ബെഹ്‌റയ്ക്ക് സാധിച്ചു. സ്റ്റേഷനുകളിലും ട്രെയിനുകളിലും പരസ്യം പതിപ്പിച്ചും പ്രധാനപ്പെട്ട സ്റ്റേഷനുകളില്‍ സ്ഥലം വാടകയ്ക്ക് നല്കിയും വരുമാനം നേടാന്‍ കഴിഞ്ഞിട്ടുണ്ട്.

മെട്രോ സര്‍വീസ് ആരംഭിച്ച 2017-18 കാലയളവില്‍ 24.19 കോടി രൂപയായിരുന്നു സ്ഥാപനത്തിന്റെ പ്രവര്‍ത്തനനഷ്ടം. 2018-19ല്‍ ഈ പ്രവര്‍ത്തനനഷ്ടം 5.70 കോടിയായി കുറയ്ക്കാന്‍ മെട്രോയ്ക്ക് സാധിച്ചു. എന്നാല്‍, 2019-20ല്‍ നഷ്ടം 13.92 കോടിയായും, കൊവിഡ് പ്രതിസന്ധി രൂക്ഷമായ 2020-21ല്‍ 56.56 കോടിയായും ഉയര്‍ന്നു.

കോവിഡിനു ശേഷമുള്ള വര്‍ഷങ്ങളില്‍ വന്‍ കുതിപ്പാണ് മെട്രോ നടത്തിയത്. 2022-23 സാമ്പത്തികവര്‍ഷത്തില്‍ ചരിത്രത്തിലാദ്യമായി 5.35 കോടി രൂപയുടെ പ്രവര്‍ത്തനലാഭം നേടാന്‍ സാധിച്ചു. 2023-24ല്‍ പ്രവര്‍ത്തനലാഭം 22.94 കോടി രൂപയായി കുതിച്ചുയര്‍ന്നു.

2024-25 സാമ്പത്തികവര്‍ഷം 182.37 കോടി രൂപയുടെ വരുമാനമാണ് നേടിയത്. ഇതില്‍ ടിക്കറ്റ് വില്‍പനയിലൂടെ മാത്രം 111.88 കോടി രൂപ ലഭിച്ചു. പരസ്യങ്ങള്‍, സ്റ്റേഷന്‍ മുറികളുടെ വാടക തുടങ്ങിയ ടിക്കറ്റിതര മാര്‍ഗങ്ങളിലൂടെ 55.41 കോടി രൂപയും മെട്രോ സ്വന്തമാക്കി. ഇന്‍ഫോപാര്‍ക്കിലേക്കുള്ള സര്‍വീസ് അടുത്ത വര്‍ഷം ആരംഭിക്കുന്നതോടെ ടിക്കറ്റ്, ടിക്കറ്റിതര വരുമാനവും ഉയരും.

പിന്‍ഗാമി ആര്?

നിലവില്‍ കൊച്ചി മെട്രോയുടെ ചുമതല ജില്ലാ കളക്ടര്‍ ജി. പ്രിയങ്കയ്ക്കാണ്. പുതിയ എംഡിയെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. റിട്ടയര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥരായ ജിജി തോംസണ്‍, ബിജു പ്രഭാകര്‍, എംപി ജോസഫ് എന്നിവരുടെ പേരുകളാണ് എംഡി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. പ്രഖ്യാപനം അധികം വൈകിയേക്കില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com