Begin typing your search above and press return to search.
ഗൂഗിള്‍ വാലറ്റില്‍ ഇനി കൊച്ചി മെട്രോ ടിക്കറ്റും; ഇന്ത്യയില്‍ ആദ്യം
ഗൂഗിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ഡിജിറ്റല്‍ വാലറ്റ് സേവനമായ ഗൂഗിള്‍ വാലറ്റില്‍ കൊച്ചി മെട്രോയുടെ ടിക്കറ്റും യാത്രാ പാസും സൂക്ഷിക്കാം. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു മെട്രോ സര്‍വീസ് ഗൂഗിള്‍ വാലറ്റില്‍ ഉള്‍പ്പെടുന്നത്. ഗൂഗിളുമായുള്ള പങ്കാളിത്തത്തിലൂടെയാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഇതു സാധ്യമാക്കിയത്.
കൊച്ചി ആസ്ഥാനമായ പ്രുഡന്റ് ടെക്‌നോളജീസ് ആണ് കൊച്ചി മെട്രോയ്ക്ക് സാങ്കേതിക പിന്തുണ നല്‍കുന്നത്. ടിക്കറ്റുകള്‍, യാത്രാ പാസുകള്‍, ബോര്‍ഡിങ് പാസ്, ലോയല്‍റ്റി കാര്‍ഡുകള്‍, സിനിമാ ടിക്കറ്റുകള്‍ തുടങ്ങിവയെല്ലാം സുരക്ഷിതമായി ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാനും ഉപയോഗിക്കാനും പേമെന്റുകള്‍ നടത്താനും സൗകര്യമുള്ള അപ്ലിക്കേഷനാണ് ഗൂഗിള്‍ വാലറ്റ്.
നഗര ഗതാഗതരംഗത്തെ ഡിജിറ്റല്‍ ചുവടുവയ്പ്പുകളില്‍ നിര്‍ണായക നാഴികക്കല്ലാണ് ഗൂഗിള്‍ വാലറ്റില്‍ കൊച്ചി മെട്രോ ടിക്കറ്റ് ലഭ്യമാക്കിയതിലൂടെ സാധ്യമായതെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എം.ഡി ലോക്‌നാഥ് ബെഹറ പറഞ്ഞു. ഗൂഗിളുമായുള്ള സഹകരണത്തിലൂടെ മെട്രോ ടിക്കറ്റ് സൗകര്യപ്രദമായ രൂപത്തില്‍ മെട്രോയിലുടനീളം ഉപയോഗിക്കാവുന്ന തരത്തില്‍ യാത്രക്കാരുടെ യാത്രാനുഭവം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗൂഗിള്‍ വാലറ്റില്‍ കൊച്ചി മെട്രോയുടെ ടിക്കറ്റിംഗ് സംവിധാനം സംയോജിപ്പിക്കുന്നതില്‍ സാങ്കേതിക പിന്തുണ നല്‍കിയത് കൊച്ചിയിലെ പ്രുഡന്റ് ടെക്‌നോളജീസാണ്. വിപ്ലവകരമായ ഡിജിറ്റല്‍ അനുഭവം കൊച്ചി മെട്രോ യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്നതില്‍ നിര്‍ണായക ചുവടുവയ്പ്പാണ് ഈ സഹകരണമെന്ന് പ്രൂഡന്റ് ടെക്‌നോളജീസ് ഡയറക്ടര്‍ ജീജോ ജോര്‍ജ് പറഞ്ഞു.
Next Story
Videos