സിദ്ദിഖിന് കുരുക്കായി 'മായ്ക്കാനാകാത്ത' ആ തെളിവുകള്‍; മുകേഷിനെതിരേയും നിര്‍ണായക നീക്കം

ഹോട്ടലില്‍ തിരച്ചിലില്‍ പോലീസിന് ലഭിച്ചത് അതിനിര്‍ണായക തെളിവുകള്‍, നടന് വിനയാകും
സിദ്ദിഖിന് കുരുക്കായി 'മായ്ക്കാനാകാത്ത' ആ തെളിവുകള്‍; മുകേഷിനെതിരേയും നിര്‍ണായക നീക്കം
Published on

നടിയുടെ പീഡനപരാതിയില്‍ നടന്‍ സിദ്ദിഖിന് മേല്‍ കുരുക്കുമുറുക്കി ഹൈക്കോടതി പരാമര്‍ശവും. കേസില്‍ അതിജീവിതയെ നിശബ്ദയാക്കാനുള്ള നീക്കങ്ങളാണ് സിദ്ദിഖില്‍ നിന്നുണ്ടായതെന്ന് നിരീക്ഷിച്ച കോടതി കുറ്റകൃത്യങ്ങള്‍ക്ക് തെളിവുണ്ടെന്നും വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവ് വന്നതോടെ താരത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളും പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

വിദേശത്തേക്ക് കടക്കാതിരിക്കാന്‍ എയര്‍പോര്‍ട്ടുകളില്‍ ലുക്കൗട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. നടന്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടിന്റെ പരിസരങ്ങളില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ സിദ്ദിഖിന്റെ അറസ്റ്റ് വൈകിയേക്കില്ല.

സിനിമാ ചര്‍ച്ചയ്ക്കായി തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് യുവനടി പരാതി നല്‍കിയിരിക്കുന്നത്. കേസ് അന്വേഷിച്ച പോലീസിന് പീഡനം സംബന്ധിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. 2016 ജനുവരി 27ന് രാത്രി ഹോട്ടലില്‍ മുറിയെടുത്തതിന്റെ ഡിജിറ്റല്‍ തെളിവുകളും ഭക്ഷണത്തിന്റെ ബില്ലും പോലീസിന് ലഭിച്ചിട്ടുണ്ട്.

സിദ്ദിഖ് വരുന്നതിന്റെയും പോകുന്നതിന്റെ ഡിജിറ്റല്‍ തെളിവുകളും പോലീസിന്റെ കൈവശമുണ്ട്. പീഡനത്തിനുശേഷം പരാതിക്കാരിയുടെ മാനസികനില തകരാറിലായെന്ന പരാതിയില്‍ ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ തെളിവുകള്‍ സിദ്ദിഖിന് കുരുക്കാകുമെന്നാണ് വിവരം.

കോടതിയുടെ നിരീക്ഷണങ്ങള്‍ ഇങ്ങനെ

പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നും പലര്‍ക്കുമെതിരേയും ആരോപണം ഉന്നയിച്ചിട്ടുണ്ടെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. പരാതിക്കാരിയെ മോശക്കാരിയായി ചിത്രീകരിക്കാനുള്ള നീക്കം ഹൈക്കോടതി തടയുകയും ചെയ്തു. നിരന്തരം ഭീഷണിപ്പെടുത്തി പരാതിക്കാരിയെ നിശബ്ദയാക്കാന്‍ നടന്‍ ശ്രമിച്ചതിന് തെളിവുണ്ടെന്നും കോടതി വ്യക്തമാക്കി. സിദ്ദിഖിന്റെ ലൈംഗികശേഷി പരിശോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സിദ്ദിഖ് അടുത്ത ദിവസം തന്നെ കീഴടങ്ങാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങളും പുറത്തു വരുന്നുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ കൂടുതല്‍ കാലം ഒളിവില്‍ കഴിയുന്നത് ഗുണകരമായേക്കില്ലെന്ന നിയമോപദേശം നടന് ലഭിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, അറസ്റ്റിനു മുമ്പേ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് സിദ്ദിഖ്.

മുകേഷിന് അറസ്റ്റ്, ജാമ്യം

മറ്റൊരു പീഡനക്കേസില്‍ നടനും എം.എല്‍.എയുമായ എം. മുകേഷിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. രാവിലെ തീരദേശ പോലീസിന്റെ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി മൂന്നു മണിക്കൂറോളം മുകേഷിനെ ചോദ്യം ചെയ്തു. ഇതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com