

മാലിന്യ ഉൽപ്പാദനം കുറയ്ക്കുന്നതിനും പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ശുചിത്വ മിഷന്റെ മേൽനോട്ടത്തിൽ ആരംഭിച്ച ആശയമാണ് സ്വാപ്പ് ഷോപ്പുകൾ. ഇതിന്റെ ഭാഗമായി കൊച്ചി കോർപ്പറേഷൻ ആരംഭിച്ച ഏക സ്വാപ്പ് ഷോപ്പാണ് 'സബാഷ്' (Sabash). എറണാകുളം സൗത്ത് റെയിൽവേ മേൽപ്പാലത്തിന് താഴെയുള്ള ചെറിയൊരു സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. വീടുകളിൽ വെറുതെയിരിക്കുന്ന സാധനങ്ങൾ സാധാരണക്കാർക്ക് ഉപകാരപ്പെടട്ടെ എന്ന ലക്ഷ്യത്തോടും മാലിന്യം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയുമാണ് 2023-ൽ ഈ സംരംഭത്തിന് തുടക്കമിട്ടത്.
ഉച്ചയ്ക്ക് ശേഷം 2 മുതൽ വൈകുന്നേരം 5 മണി വരെയാണ് കട പ്രവർത്തിക്കുന്നത്. വീട്ടിൽ ഉപയോഗിക്കാതെ വെച്ചിരിക്കുന്നതും എന്നാൽ മറ്റൊരാൾക്ക് വീണ്ടും ഉപയോഗിക്കാൻ കഴിയുന്നതുമായ വസ്ത്രങ്ങൾ, ഫർണിച്ചറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, പുസ്തകങ്ങൾ, നിർമ്മിത ആഭരണങ്ങൾ (Imitation Jewellery), പാത്രങ്ങൾ തുടങ്ങിയവ ആർക്കും ഇവിടെ കൊണ്ട് കൊടുക്കാം. കൊണ്ടുവരുന്ന വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കി തേച്ചതായിരിക്കണം. ആവശ്യമുള്ളവർക്ക് ഇവിടെയെത്തി സൗജന്യമായി അല്ലെങ്കിൽ സാധ്യമെങ്കിൽ ചെറിയൊരു തുക നൽകി ഇവ കൊണ്ടുപോകാം. തുക നൽകണമെന്ന് യാതൊരു നിർബന്ധവുമില്ലെങ്കിലും, കഴിവുള്ളവർ ചെറിയ സംഖ്യകൾ നൽകാറുണ്ട്.
ആരംഭത്തിൽ സിനിമാ താരങ്ങളും പ്രമുഖരും തുണികളും മറ്റ് സാധനങ്ങളും സംഭാവന നൽകി വലിയ ശ്രദ്ധ നേടിയിരുന്നെങ്കിലും, നിലവിൽ സബാഷ് കടുത്ത പ്രതിസന്ധിയിലാണ്. കടയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. കൂടാതെ കുടിവെള്ള ലഭ്യതയുമില്ല. വെള്ളക്കെട്ടും തദ്ദേശ തിരഞ്ഞെടുപ്പും കാരണം ഏകദേശം ആറുമാസത്തോളം കട അടഞ്ഞുകിടന്നിരുന്നു. ഈ വർഷം മെയ് മാസത്തിലാണ് ഇത് വീണ്ടും തുറന്നത്. നിലവിൽ തുണികളും കുറച്ചു പുസ്തകങ്ങളും വളകളും മാത്രമാണ് ഇവിടെ അധികമുള്ളത്. വസ്ത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള പ്രത്യേക റാക്കുകൾ മുൻപ് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അവയൊന്നുമില്ല.
ഉപയോഗപ്രദമായ കൈമാറ്റം: ഒരാൾക്ക് ആവശ്യമില്ലാതെ കിടക്കുന്ന എന്നാൽ മറ്റൊരാൾക്ക് ഉപകാരപ്പെടുന്ന വസ്തുക്കൾ ഇവിടെ നൽകാം.
മാലിന്യ കുറവ്: സാധനങ്ങൾ വലിച്ചെറിയുന്നതിന് പകരം പുനരുപയോഗം സാധ്യമാക്കുന്നു.
വിവിധ സാധനങ്ങൾ: വസ്ത്രങ്ങൾ, പുസ്തകങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവ ഇവിടെ ലഭ്യമാകാറുണ്ട്.
കറന്റും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തത് വലിയ ബുദ്ധിമുട്ടാണെന്ന് ഷോപ്പിന്റെ മേല്‍നോട്ട ചുമതല വഹിക്കുന്ന മുൻ കുടുംബശ്രീ പ്രവർത്തകയായ വനിത പറയുന്നു. ജനങ്ങൾക്കിടയിൽ ഇതിനെക്കുറിച്ചുള്ള അറിവ് കുറഞ്ഞതും പ്രചാരണമില്ലാത്തതും ആളുകളുടെ വരവിനെ ബാധിച്ചിട്ടുണ്ട്. ഗ്യാസ് അടുപ്പുകളും ടിവിയും ഫ്രിഡ്ജുമൊക്കെ ആളുകൾ ചോദിക്കാറുണ്ടെങ്കിലും നൽകാൻ സാധനങ്ങൾ തികയാറില്ലെന്നും ഇവര്‍ ധനം ഓണ്‍ലൈനോട് പറഞ്ഞു.
വീട്ടിൽ വെറുതെ കളയുന്ന വസ്തുക്കൾ നിർദ്ധനരായ ആളുകൾക്ക് വലിയ ആശ്വാസമാകുന്ന ഒരു മികച്ച പദ്ധതിയാണിത്. കൂടുതൽ ആളുകൾ സാധനങ്ങൾ എത്തിച്ചു നൽകിയാൽ സബാഷിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കും. പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഈ സംരംഭത്തെ കോർപ്പറേഷനും പൊതുജനങ്ങളും കൈവിടാതിരുന്നാൽ സാധാരണക്കാർക്ക് ഇതൊരു വലിയ തണലായി മാറും.
സബാഷ് സ്വാപ്പ് ഷോപ്പിന്റെ വിലാസം: 62, സൗത്ത് റെയിൽവേ ഓവർബ്രിഡ്ജ്, രവിപുരം, വളഞ്ഞമ്പലം, കൊച്ചി- 682016, എറണാകുളം
Read DhanamOnline in English
Subscribe to Dhanam Magazine