

നഗര ഗതാഗത രംഗത്തെ സുസ്ഥിര നവീകരണങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന സുസ്ഥിര ഗതാഗത അവാര്‍ഡ്-2026ല്‍ കൊച്ചി വാട്ടര്‍ മെട്രോക്ക് പ്രത്യേക പരാമര്‍ശം. ആഗോള തലത്തില്‍ പരിസ്ഥിതി സൗഹൃദ ഗതാഗത പദ്ധതികളെ പരിഗണിക്കുന്ന ന്യൂയോര്‍ക്ക് ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്റ് ഡവലപ്‌മെന്റ് പോളിസി (Institute for Transportation and Development Policy ITDP) ആണ് ഈ അംഗീകാരം പ്രഖ്യാപിച്ചത്.
2026ലെ പ്രധാന പുരസ്‌കാരം ബ്രസീലിലെ സാല്‍വഡോര്‍ നഗരത്തിനാണ് ലഭിച്ചത്. ബസ് റാപിഡ് ട്രാന്‍സിറ്റ് ശൃംഖല വിപുലീകരിച്ചതിലൂടെയുള്ള നേട്ടങ്ങളാണ് സാല്‍വഡോറിനെ അവാര്‍ഡിന് അര്‍ഹരാക്കിയത്. അതേസമയം, ജലഗതാഗതവും കരഗതാഗതവും സംയോജിപ്പിച്ച അപൂര്‍വ മാതൃകയെന്ന നിലയിലാണ് കൊച്ചി വാട്ടര്‍ മെട്രോയെ ജൂറി പ്രത്യേകം പരിഗണിച്ചത്.
2023ല്‍ പ്രവര്‍ത്തനം ആരംഭിച്ച കൊച്ചി വാട്ടര്‍ മെട്രോ, ഇന്ത്യയിലെ ആദ്യ സംയോജിത ജലഗതാഗത സംവിധാനമാണ്. കൊച്ചി നഗരത്തിന് ചുറ്റുമുള്ള പത്ത് ദ്വീപുകളെ നഗരഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പദ്ധതിയില്‍ ഇലക്ട്രിക്‌ഹൈബ്രിഡ് ബോട്ടുകളാണ് ഉപയോഗിക്കുന്നത്. മെട്രോ റെയില്‍, ബസ് സര്‍വീസുകള്‍, സൈക്ലിംഗ് സൗകര്യങ്ങള്‍ എന്നിവയുമായി ബന്ധിപ്പിച്ചാണ് ഈ ജലഗതാഗത ശൃംഖല പ്രവര്‍ത്തിക്കുന്നത്.
പദ്ധതി ആരംഭിച്ചതിന് ശേഷം ലക്ഷക്കണക്കിന് യാത്രക്കാരാണ് വാട്ടര്‍ മെട്രോ ഉപയോഗിച്ചത്. റോഡ് മാര്‍ഗം ഒരു മണിക്കൂറോളം എടുക്കുന്ന യാത്രകള്‍ ജലമാര്‍ഗം ഏകദേശം 20 മിനിറ്റിലേക്ക് ചുരുക്കാന്‍ പദ്ധതിക്ക് കഴിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുറഞ്ഞ നിരക്കില്‍ വേഗതയേറിയ യാത്ര സാധ്യമാക്കിയതോടെ കാര്‍ബണ്‍ പുറന്തള്ളല്‍ ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചു.
നഗരങ്ങളിലെ ജലാശയങ്ങളെ ഗതാഗത മാര്‍ഗമായി ഉപയോഗിക്കുന്നതിലൂടെ സുസ്ഥിരവും കാര്യക്ഷമവുമായ പൊതുഗതാഗത സംവിധാനം രൂപപ്പെടുത്താമെന്നതിന് കൊച്ചി വാട്ടര്‍ മെട്രോ മികച്ച മാതൃകയാണെന്ന് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിലും സമാന ഭൂമിശാസ്ത്ര സാഹചര്യമുള്ള മറ്റ് രാജ്യങ്ങളിലും ഈ മാതൃക ആവര്‍ത്തിക്കാവുന്നതാണെന്ന വിലയിരുത്തലും ഈ അംഗീകാരത്തിന് പിന്നിലുണ്ട്. അംഗീകാരം, പരിസ്ഥിതി സൗഹൃദ നഗര ഗതാഗതത്തില്‍ കൊച്ചിയുടെ സ്ഥാനം ആഗോള തലത്തില്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതായാണ് വിലയിരുത്തല്‍.
Read DhanamOnline in English
Subscribe to Dhanam Magazine