കൈത്തറി കൂലി കുടിശ്ശിക: കോഴിക്കോട് 28 സംഘങ്ങൾ പ്രതിഷേധത്തിൽ; ഉദ്യോഗസ്ഥ വീഴ്ചയെന്ന് ആരോപണം

ഓണക്കാലം വന്നെത്തിയിട്ടും അർഹമായ കൂലി ലഭിക്കാത്തത് തൊഴിലാളി കുടുംബങ്ങളെ വലിയ ദുരിതത്തിലാക്കിയിരിക്കുകയാണ്
handloom workers, kerala
Image courtesy: Canva
Published on

സംസ്ഥാനത്തെ കൈത്തറി തൊഴിലാളികൾക്ക് സർക്കാർ ഏകദേശം 10 മാസത്തെ കൂലി നൽകാനുണ്ട്. ഇതിൽ മാർച്ച് മാസം വരെയുള്ള കുടിശ്ശിക തീർക്കുന്നതിനായി സർക്കാർ 17 കോടി രൂപ അനുവദിച്ചെങ്കിലും, കോഴിക്കോട് ജില്ലയിലെ തൊഴിലാളികളെ ഈ ആനുകൂല്യത്തിൽ നിന്ന് ഒഴിവാക്കിയത് വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.

ഭരണപരമായ വീഴ്ച

മറ്റു ജില്ലകൾക്കെല്ലാം മാർച്ച് വരെയുള്ള കുടിശ്ശിക ലഭിച്ചപ്പോൾ കോഴിക്കോട് ജില്ലയ്ക്ക് മാത്രം പണം ലഭിക്കാത്തതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ച പുറത്തുവന്നത്. കൈത്തറി ഡയറക്ടറുടെ നിർദ്ദേശമുണ്ടായിട്ടും കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം ആവശ്യമായ കണക്കുകൾ കൃത്യസമയത്ത് സമർപ്പിച്ചില്ല. തൽഫലമായി, ജില്ലയ്ക്ക് ലഭിക്കേണ്ട 1,57,41,953 രൂപയ്ക്ക് പകരം ബാക്കി വന്ന തുകയിൽ നിന്ന് കേവലം 44.34 ലക്ഷം രൂപ മാത്രമാണ് പ്രത്യേക ഉത്തരവിലൂടെ അനുവദിച്ചത്. ഈ തുക ഉപയോഗിച്ച് തൊഴിലാളികൾക്ക് വെറും രണ്ടാഴ്ചത്തെ കൂലി മാത്രമേ നൽകാൻ സാധിക്കൂ. ഇനിയും ഏകദേശം 1.13 കോടി രൂപ കൂടി ലഭിച്ചാൽ മാത്രമേ മറ്റു ജില്ലകളിലെ തൊഴിലാളികൾക്ക് ലഭിച്ചതുപോലെ മാർച്ച് വരെയുള്ള കുടിശ്ശിക നൽകാൻ കഴിയൂ.

പ്രതിഷേധവും ആശങ്കയും

ഈ വിവേചനത്തിനെതിരെ ജില്ലയിലെ 28 കൈത്തറി സംഘങ്ങളിലെ ഭാരവാഹികൾ ജില്ലാ വ്യവസായ ഓഫീസ് ഉപരോധിച്ചതായി കേരള സ്റ്റേറ്റ് ഹാൻഡ്‌ലൂം വീവേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ ജനറല്‍ സെക്രട്ടറി ബാബു എ.വി പറഞ്ഞു. ഉദ്യോഗസ്ഥർ തങ്ങളുടെ ഭാഗത്തെ തെറ്റ് സമ്മതിച്ചെങ്കിലും, പുതിയ സർക്കാർ അലോട്ട്‌മെന്റ് ഇല്ലാതെ പണം നൽകാൻ കഴിയില്ലെന്നാണ് കൈത്തറി ഡയറക്ടർ അറിയിച്ചിരിക്കുന്നത്.

ഓണക്കാലം വന്നെത്തിയിട്ടും അർഹമായ കൂലി ലഭിക്കാത്തത് തൊഴിലാളി കുടുംബങ്ങളെ വലിയ ദുരിതത്തിലാക്കിയിരിക്കുകയാണ്. വ്യവസായ മന്ത്രിയുടെയും എം.എൽ.എമാരുടെയും ശ്രദ്ധയിൽ ഈ വിഷയം പെടുത്തിയിട്ടുണ്ടെങ്കിലും, അടിയന്തര സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ കോഴിക്കോട്ടെ കൈത്തറി തൊഴിലാളികൾ ഈ ഓണത്തിന് പട്ടിണിയിലാകുമെന്ന അവസ്ഥയിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com