പ്രശ്ന പരിഹാരം ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; വ്യാപാരികൾ സമരത്തിൽ നിന്ന് പിന്മാറി.
പ്രശ്ന പരിഹാരം ഉണ്ടാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ വ്യാപാരികൾ സമരത്തിൽ നിന്നും പിന്മാറി. വെള്ളിയാഴ്ച്ച മുഖ്യമന്ത്രിയുമായി തിരുവനന്തപുരത്ത് ചർച്ച നടത്തും. ഇതിനെ തുടർന്ന് നാളെ മുതൽ കടകൾ തുറന്ന് പ്രവർത്തിക്കാനുള്ള നീക്കത്തിൽ നിന്ന് വ്യാപാരികൾ പിന്മാറി.
ഇന്ന് രാവിലെ സെക്രട്ടറിയേറ്റിനു മുന്നിൽ ഉൾപ്പെടെ സംസ്ഥാനത്തിനുടനീളം വ്യാപാരികൾ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.വ്യാപാരി വ്യവസായി എകോപന സമിതി, ഇടത് പക്ഷ സംഘടനയായ വ്യാപാര സമിതി ഉൾപ്പെടെ സമരത്തിൽ പങ്കെടുത്തു. ആശാസ്ത്രീയ ലോക്ക്ഡൗൺ ആരോപിച്ചായിരുന്നു സമരം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കടകൾ എന്നും തുറന്നു പ്രവർത്തിപ്പിക്കാനുള്ള ആവശ്യവും ഉയർത്തിയിരുന്നു.
ഇതിനിടയിൽ മുഖ്യമന്ത്രി വ്യാപാരികളുടെ സമരത്തിനെതിരെ ഡൽഹിയിൽ നടത്തിയ പ്രസ്താവന വൻ പ്രതിഷേധം ഉയർത്തിയിരുന്നു.വ്യാപാരികൾ കളിക്കാനിറങ്ങിയാൽ നേരിടേണ്ട രീതിയിൽ നേരിടും എന്ന പ്രസ്ഥാവനയാണ് പ്രതിഷേധം ആളിക്കത്തിച്ചത്.
മുഖ്യമന്ത്രി കേരളത്തിലെ വ്യാപാരികളെ വിരട്ടാൻ നോക്കണ്ടന്നും തങ്ങൾ അവരോടൊപ്പം ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.ഇടത് നേതാവ് വി കെ സി മമ്മദ് കോയയും സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.