ബൈക്കുകള്‍ക്ക് പ്രവേശനമില്ല, അതിവേഗ യാത്രക്ക് കേരളത്തില്‍ മൂന്ന് ഹൈസ്പീഡ് കോറിഡോറുകള്‍ വരുന്നു

കോഴിക്കോട്-പാലക്കാട് യാത്ര ഒന്നര മണിക്കൂറായി ചുരുങ്ങും
express higway
canva
Published on

പുതുതായി വരുന്ന പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ ഹൈസ്പീഡ് കോറിഡോര്‍ (അതിവേഗ ഇടനാഴി) ആയി നിര്‍മിക്കാന്‍ ധാരണ. കൂടാതെ കൊല്ലം-ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ, അങ്കമാലി-കുണ്ടന്നൂര്‍ ബൈപ്പാസ് എന്നിവയും ഹൈസ്പീഡ് കോറിഡോറുകളായി നിര്‍മിക്കുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലെ ആദ്യ അതിവേഗ ഇടനാഴിയാകും പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയില്‍ നിലവില്‍ വരുന്നത്. പദ്ധതി രേഖയില്‍ ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ വരുത്താന്‍ ദേശീയപാത അതോറിറ്റിക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

121 കിലോ മീറ്റര്‍ ദൂരം, ബൈക്കുകള്‍ക്ക് പ്രവേശനമില്ല

പാലക്കാട് ജില്ലയിലെ മരുതറോഡില്‍ നിന്നും ആരംഭിച്ച് കോഴിക്കോട് ജില്ലയിലെ പന്തീരാംകാവിലേക്ക് നീളുന്ന 120.84 കിലോമീറ്റര്‍ ദൂരത്തിലാണ് പുതിയ പാത നിര്‍മിക്കുന്നത്. നിലവിലെ കോഴിക്കോട്-പാലക്കാട് ദേശീയപാതക്ക് സമാന്തരമായാണ് നിര്‍മാണം. വാഹന ഗതാഗതം സുഗമമാക്കുന്നതിനായും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്തും ഇരുചക്ര വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്. പദ്ധതിക്ക് വേണ്ടിയുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ 98 ശതമാനവും പൂര്‍ത്തിയായി.

യാത്രാ സമയം പകുതിയാകും

നിലവിലെ റോഡിലൂടെ കോഴിക്കോട് നിന്നും പാലക്കാടെത്താന്‍ നാലുമണിക്കൂറെങ്കിലും വേണ്ടി വരുമെന്നാണ് കണക്ക്. പുതിയ ഗ്രീന്‍ഫീല്‍ഡ് ഹൈവേ വരുമ്പോള്‍ ഇത് പകുതിയായി കുറയും. അതിവേഗ ഇടനാഴിയാകുമ്പോള്‍ ഒന്നര മണിക്കൂര്‍ മതിയാകുമെന്നാണ് റിപ്പോര്‍ട്ട്. 45 മീറ്റര്‍ വീതിയുള്ള റോഡില്‍ 12 ഇടത്ത് മാത്രമാണ് വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നത്. എന്നാല്‍ പുതിയ രൂപരേഖ പ്രകാരം ഇതില്‍ മാറ്റമുണ്ടാകാന്‍ വഴിയുണ്ട്. കൂടുതല്‍ പ്രവേശന ഇടങ്ങള്‍ അനുവദിച്ചാല്‍ റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന്റെ വേഗത കുറയുമെന്നാണ് ആശങ്ക.

കൊല്ലം-ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ

തിരുവനന്തപുരം കൊല്ലം ജില്ലകളുടെ അതിര്‍ത്തിയായ കടമ്പാട്ടുകോണത്ത് നിന്നും ആരംഭിച്ച് തമിഴ്‌നാട്ടിലെ ചെങ്കോട്ടയില്‍ അവസാനിക്കുന്ന രീതിയില്‍ 73 കിലോമീറ്ററില്‍ 4 വരി അതിവേഗ പാതയാണ് കൊല്ലം-ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ. കേരള-തമിഴ്‌നാട് അന്തര്‍സംസ്ഥാന ഗതാഗതം കൂടുതല്‍ സുഗമമാകാന്‍ സഹായിക്കുന്ന പദ്ധതിയാണിത്. 26 മീറ്ററില്‍ നാല് വരി റോഡും 7 മീറ്റര്‍ സര്‍വീസ് റോഡുമാണ് ഇതിലുണ്ടാവുക. ഇതിന് പുറമെ 20 വലിയ പാലങ്ങള്‍, 16 ചെറിയ പാലങ്ങള്‍, 91 കല്‍വെര്‍ട്ടുകള്‍, രണ്ട് ബസ് ബേകള്‍, 28 ബസ് ഷെല്‍ട്ടറുകള്‍ എന്നിവയും ഉണ്ടാകും. 2,850 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

അങ്കമാലി-കുണ്ടന്നൂര്‍ ബൈപ്പാസ്

ദേശീയപാതയിലെ അങ്കമാലി മുതല്‍ അരൂര്‍ വരെയുള്ള ഭാഗത്തെ ഗതാഗതക്കുരുക്ക് കുറക്കാന്‍ കരയാംപറമ്പ് മുതല്‍ കുണ്ടന്നൂര്‍ വരെയാണ് 44.7 കിലോമീറ്റര്‍ നീളത്തില്‍ ഗ്രീന്‍ഫീല്‍ഡ് ബൈപ്പാസ് നിര്‍മിക്കുന്നത്. 6,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി നടപ്പിലായാല്‍ ദീര്‍ഘദൂര വാഹനങ്ങള്‍ക്ക് അങ്കമാലി, ആലുവ, കളമശേരി, ഇടപ്പള്ളി തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കി യാത്ര തുടരാമെന്നതും പ്രത്യേകതയാണ്. ആറ് വരിയില്‍ ദേശീയപാത 66 പൂര്‍ത്തിയാകുമ്പോള്‍ നാല് വരി മാത്രമുള്ള അരൂര്‍-ഇടപ്പള്ളി ഭാഗത്തെ ഗതാഗത കുരുക്ക് കുറക്കാനും പദ്ധതി സഹായിക്കുമെന്നാണ് കരുതുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com