2035ഓടെ ഫാമിലി ബിസിനസുകളില്‍ കുടുംബ നിയന്ത്രണം 49%ല്‍ നിന്ന് 12%ലേക്ക്; പ്രൊഫഷണല്‍ മാനേജ്മെന്റിന് പ്രാധാന്യമേറും

കുടുംബത്തിന് പുറത്തുനിന്നുള്ള കഴിവുറ്റ പ്രൊഫഷണലുകളെ സ്ഥാപനങ്ങളിലേക്ക് ആകര്‍ഷിക്കുകയെന്നതാണ് കുടുംബ ബിസിനസുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു
കൊച്ചിയില്‍ നടന്ന സിഐഐ ഫാമിലി ബിസിനസ് കോണ്‍ക്ലേവ് 2026-ല്‍ വച്ച് കെപിഎംജി ഗ്ലോബല്‍ ഫാമിലി ബിസിനസ് റിപ്പോര്‍ട്ട് 2026 പ്രകാശനം ചെയ്തപ്പോള്‍.
കൊച്ചിയില്‍ നടന്ന സിഐഐ ഫാമിലി ബിസിനസ് കോണ്‍ക്ലേവ് 2026-ല്‍ വച്ച് കെപിഎംജി ഗ്ലോബല്‍ ഫാമിലി ബിസിനസ് റിപ്പോര്‍ട്ട് 2026 പ്രകാശനം ചെയ്തപ്പോള്‍.
Published on

രാജ്യത്തെ കുടുംബ ബിസിനസ് രംഗത്ത് അടുത്ത പതിറ്റാണ്ടിനുള്ളില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയെന്ന് കെപിഎംജി ഗ്ലോബല്‍ ഫാമിലി ബിസിനസ് റിപ്പോര്‍ട്ട്. നിലവില്‍ 49 ശതമാനമുള്ള കുടുംബ നിയന്ത്രിത ബിസിനസുകളുടെ വിഹിതം 2035ഓടെ 12 ശതമാനമായി ചുരുങ്ങുമെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.

ബിസിനസുകളുടെ വ്യാപ്തി വര്‍ധിക്കുന്നതും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നതും ആഗോളതലത്തിലേക്ക് വ്യാപിക്കുന്നതുമാണ് കുടുംബ സംരംഭങ്ങളെ പ്രൊഫഷണല്‍ മാനേജ്മെന്റിലേക്ക് മാറാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍.

കൊച്ചിയില്‍ സംഘടിപ്പിച്ച സിഐഐ ഫാമിലി ബിസിനസ് കോണ്‍ക്ലേവിലാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ ചര്‍ച്ചയായത്. 'പാരമ്പര്യം നിലനിര്‍ത്താം, ലക്ഷ്യബോധത്തോടെ വളരാം' എന്ന പ്രമേയത്തില്‍ നടന്ന പരിപാടിയില്‍ പ്രമുഖ വ്യവസായ പ്രമോട്ടര്‍മാര്‍, പുതിയ തലമുറയിലെ സംരംഭകര്‍, നിക്ഷേപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കുടുംബത്തിന്റെ സ്വാധീനം കുറയ്ക്കാനല്ല

കുടുംബ ബിസിനസുകളില്‍ പ്രൊഫഷണലൈസേഷന്‍ നടപ്പാക്കുന്നതിന്റെ ലക്ഷ്യം കുടുംബത്തിന്റെ സ്വാധീനം കുറയ്ക്കുകയല്ലെന്നും ഭരണനിര്‍വഹണത്തില്‍ കാര്യക്ഷമതയും സുതാര്യതയും വര്‍ധിപ്പിക്കുകയാണെന്നും കോണ്‍ക്ലേവിലെ ചര്‍ച്ചകള്‍ ചൂണ്ടിക്കാട്ടി.

ഉടമസ്ഥാവകാശം അടുത്ത തലമുറയ്ക്ക് കൈമാറുന്നതില്‍ മാത്രം പിന്തുടര്‍ച്ച പ്ലാനിംഗ് ഒതുങ്ങരുത്. ഉത്തരവാദിത്തവും സംരംഭകത്വ ശേഷിയും ബിസിനസ് നടത്തിപ്പിലെ മികവും പുതിയ തലമുറയ്ക്ക് പകര്‍ന്നുനല്‍കണമെന്നും വക്താക്കള്‍ അഭിപ്രായപ്പെട്ടു.

സ്ഥാപകരുടെ മൂല്യങ്ങളും ബിസിനസിന്റെ പാരമ്പര്യവും സംരക്ഷിക്കുന്നതിനൊപ്പം, മാറുന്ന വിപണി സാഹചര്യങ്ങള്‍ക്കനുസരിച്ച് ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പുതിയ തലമുറയ്ക്ക് സ്വാതന്ത്ര്യം നല്‍കണമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.

കുടുംബത്തിന് പുറത്തുനിന്നുള്ള കഴിവുറ്റ പ്രൊഫഷണലുകളെ സ്ഥാപനങ്ങളിലേക്ക് ആകര്‍ഷിക്കുകയെന്നതാണ് കുടുംബ ബിസിനസുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

നാട്ടില്‍ നിന്ന് ആഗോള വിപണിയിലേക്ക്

പ്രാദേശിക തലത്തില്‍ ആരംഭിച്ച് ആഗോള വിപണിയിലേക്ക് വളരുമ്പോള്‍ കുടുംബ ബിസിനസുകള്‍ നേരിടുന്ന വെല്ലുവിളികളും സാധ്യതകളും കോണ്‍ക്ലേവില്‍ ചര്‍ച്ചയായി. ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാനും മില്‍ക്കിമിസ്റ്റ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സതീഷ് കുമാറും ഈ വിഷയത്തില്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.

ഇന്‍കെല്‍ മാനേജിംഗ് ഡയറക്ടറും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ഡോ. കെ. ഇളങ്കോവന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു.'സക്സഷന്‍ പ്ലാനിംഗ്' ചര്‍ച്ചയില്‍ സന്തോഷ് കുമാര്‍ (ഹാരിസണ്‍സ് മലയാളം), പ്രകാശ് പട്ടാഭിരാമന്‍ (കല്യാണ്‍ സില്‍ക്‌സ്), റമീസ് മൊയ്തു (കേരള റോഡ്വേസ്), സാറ ജേക്കബ് (ട്രൈന്‍ ഹോള്‍ഡിംഗ്‌സ്) തുടങ്ങിയവര്‍ പങ്കെടുത്തു. വിവേക് കൃഷ്ണ ഗോവിന്ദ് മോഡറേറ്ററായിരുന്നു.

'നെക്സ്റ്റ് ജെന്‍ ലീഡര്‍ഷിപ്പ്' സുസന്ന മുത്തൂറ്റ് (മുത്തൂറ്റ് ഹൗസിംഗ്), അമുധവല്ലി രംഗനാഥന്‍ (കവിന്‍കെയര്‍), എ.ആര്‍ ആരതി വര്‍മ (വര്‍മ ഹോംസ്) എന്നിവര്‍ ആശയങ്ങള്‍ പങ്കുവെച്ചു. ഫാമിലി ഡൈനാമിക്സും സാമ്പത്തിക ഭാവിയും എന്ന വിഷയത്തിലെ ചര്‍ച്ചയില്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി (വി-ഗാര്‍ഡ്), അരുണ്‍ കെ. ചിറ്റിലപ്പിള്ളി (വണ്ടര്‍ലാ), അഖിലേഷ് അഗര്‍വാള്‍ (അക്യുമെന്‍ ക്യാപിറ്റല്‍) എന്നിവര്‍ പങ്കെടുത്തു.

സിഐഐ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ജോസഫ് എം. കല്ലുവയലില്‍, നുവാമ ഗ്രൂപ്പ് ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് കോ-ഹെഡ് രാജീവ് വര്‍മ്മ, നാച്ചുറല്‍സ് സലൂണ്‍ കണ്‍വീനര്‍ സി.കെ. കുമാരവേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com