Begin typing your search above and press return to search.
ഇ.വി ചാര്‍ജിംഗ് നിരക്ക് കുറയും! കഫ്റ്റീരിയ, വിശ്രമമുറി; കെ.എസ്.ഇ.ബി 'റിഫ്രഷ് ആന്‍ഡ് റീചാര്‍ജ്' കേന്ദ്രങ്ങള്‍ വരുന്നു
വിശ്രമത്തിനും വിനോദത്തിനും അവസരമൊക്കുന്ന രീതിയില്‍ ഇവി ചാര്‍ജിംഗ് കേന്ദ്രങ്ങളെ പരിഷ്‌കരിക്കാന്‍ കെ.എസ്.ഇ.ബി. പകല്‍ സമയത്തെ ഇലക്ട്രിക് വാഹന ചാര്‍ജിംഗ് നിരക്ക് കുറക്കാനും പദ്ധതിയുണ്ട്. ഒരു ദിവസത്തെ മൂന്ന് ടൈം സോണുകളായി തിരിച്ച് ബില്ലിംഗ് കണക്കാക്കുന്ന ടൈം ഓഫ് ഡേ (ToD) ബില്ലിംഗ് മാതൃകയില്‍ ഇ.വി ചാര്‍ജിംഗും ഉള്‍പ്പെടുത്താനാണ് നീക്കം. നിലവില്‍ കെ.എസ്.ഇ.ബിയുടെ കീഴിലുള്ള 63 ചാര്‍ജിംഗ് സ്റ്റേഷനുകളെ റിഫ്രഷ് ആന്‍ഡ് റീച്ചാര്‍ജ് കേന്ദ്രങ്ങളായി വികസിപ്പിക്കുമ്പോള്‍ പുതിയ നിരക്കും നിലവില്‍ വരും. കുറഞ്ഞ നിരക്കില്‍ ലഭിക്കുമെന്നതിനാല്‍ പകല്‍ സമയങ്ങളില്‍ ഇ.വി ചാര്‍ജിംഗ് കൂടുതലാകുമെന്നാണ് കെ.എസ്.ഇ.ബിയുടെ പ്രതീക്ഷ. ഇതുവഴി രാത്രി കാലങ്ങളിലെ വൈദ്യുതി ഉപയോഗം കുറക്കുകയും ചെയ്യാം. ഇക്കാര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വൈദ്യുത ബോര്‍ഡ് നിര്‍ദ്ദേശം നല്‍കി.
എന്താണ് ടൈം ഓഫ് ഡേ ബില്ലിംഗ്
ഒരു ദിവസത്തെ മൂന്ന് സമയ സോണുകളായി തിരിച്ചാണ് ഈ രീതിയില്‍ ബില്‍ തയ്യാറാക്കുന്നത്. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയുള്ള (6am to 6pm) ഉപയോഗത്തിന് നിശ്ചിത ശതമാനം റിബേറ്റുണ്ടാകും. എന്നാല്‍ വൈകുന്നേരം 6 മുതല്‍ രാത്രി 10 വരെയുള്ള (6pm to 10pm) പീക്ക് സമയ ഉപയോഗത്തിന് 25 ശതമാനം അധിക നിരക്ക് നല്‍കണം. രാത്രി 10 മുതല്‍ രാവിലെ 6 മണി വരെയുള്ള (10 pm to 6 am) സമയത്തും ഡിസ്‌കൗണ്ട് നിരക്കിലാകും വൈദ്യുതി നല്‍കുക.
റിഫ്രഷ് ആന്‍ഡ് റീച്ചാര്‍ജ് കേന്ദ്രങ്ങള്‍
ബോര്‍ഡിന് കീഴിലുള്ള 63 ചാര്‍ജിംഗ് സ്‌റ്റേഷനുകളെ യാത്രക്കാര്‍ക്ക് വിശ്രമിക്കാനും ലഘുഭക്ഷണം കഴിക്കാനുമുള്ള കേന്ദ്രങ്ങളായി വികസിപ്പിക്കുകയാണ് ലക്ഷ്യം. പ്രീപെയിഡ് രീതിക്ക് പകരം ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം അടക്കുന്ന രീതിയാകും ഇവിടെ. നിലവില്‍ ഇത്തരം കേന്ദ്രങ്ങളില്‍ സോഫ്റ്റ്‌വെയര്‍ മുഖേന ചാര്‍ജിംഗ് നടത്തി വാലറ്റ് വഴി പണം അടക്കുകയാണ് ചെയ്യുന്നത്. ഇത് സംബന്ധിച്ച നിരവധി പരാതികള്‍ ഉയര്‍ന്നതോടെയാണ് പുതിയ പരിഷ്‌ക്കാരം. ഒരേ സമയം നാല് വാഹനങ്ങള്‍ക്ക് വരെ ഇവിടെ ചാര്‍ജ് ചെയ്യാം. ശുചിമുറി, വിശ്രമമുറി, കഫ്റ്റീരിയ, വൈഫൈ എന്നിവയുള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ടാകും. അതിവേഗ ചാര്‍ജിംഗ് സംവിധാനങ്ങളോടെ ഏകീകൃത രീതിയിലാകും ഈ കേന്ദ്രങ്ങള്‍ നിലവില്‍ വരുന്നത്.
ചാര്‍ജ് തീരും മുമ്പേ അടുത്ത സ്റ്റേഷനിലെത്താം
ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവരെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നമായ റേഞ്ച് ഉത്കണ്ഠക്കും (Range Anxiety) പരിഹാരം കാണാനാണ് കെ.എസ്.ഇ.ബി ആലോചിക്കുന്നത്. വാഹനത്തിന്റെ ചാര്‍ജ് കുറയുന്നത് മനസിലാക്കി ഏറ്റവും അടുത്തുള്ള ചാര്‍ജിംഗ് സ്‌റ്റേഷനിലേക്ക് വഴികാട്ടുന്ന സംവിധാനവുമൊരുക്കും. ഇതിനായി ഇലക്ട്രിക് വാഹനങ്ങളുടെയും ചാര്‍ജറുകളുടെയും നിര്‍മാണ കമ്പനികളുമായും ഗൂഗിള്‍ മാപ്പ്‌സ്, മാപ് മൈ ഇന്ത്യ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുമായും കെ.എസ്.ഇ.ബി ചര്‍ച്ച നടത്തി.
പൊതു-സ്വകാര്യ പങ്കാളിത്തം, ആദ്യം കൊച്ചിയില്‍
ഇ.വി ചാര്‍ജിംഗ് രംഗത്ത് കൂടുതല്‍ സംരംഭകരെയും സ്റ്റാര്‍ട്ടപ്പുകളെയും ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ ആരംഭിക്കുക. വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുകൂടി കണക്കിലെടുത്താണ് കെ.എസ്.ഇ.ബിയുടെ നീക്കം. ആദ്യകേന്ദ്രം കൊച്ചി പാലാരിവട്ടം കെ.എസ്.ഇ.ബി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് പരിസരത്തെ ചാര്‍ജിംഗ് സ്റ്റേഷനില്‍ നിലവില്‍ വരും. പരീക്ഷണാടിസ്ഥാനത്തില്‍ സീമെന്‍സ് കമ്പനി ഒരു വര്‍ഷത്തേക്ക് ഇവിടെ ചാര്‍ജറുകള്‍ സ്ഥാപിക്കും. ഇ.വി ചാര്‍ജിംഗ് കേന്ദ്രങ്ങളുടെ നവീകരണം വേഗത്തിലാക്കാന്‍ ഇ.വി ആക്‌സിലറേറ്റര്‍ സെല്ലും കെ.എസ്.ഇ.ബി തുടങ്ങിയിട്ടുണ്ട്.
Next Story
Videos