വഴിനീളെ ഇ.വി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍, ആഗോള കമ്പനിയുമായി സഹകരിക്കാന്‍ കെ.എസ്.ഇ.ബി, പുതിയ പ്ലാന്‍ ഇങ്ങനെ

കേരളത്തിലെ ഇലക്ട്രിക് വാഹനയുടമകളുടെ പ്രധാന പരാതികളിലൊന്നിന് പരിഹാരമാകുന്നു. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വ്യാപകമാക്കാന്‍ നടപടികളുമായി കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് (കെ.എസ്.ഇ.ബി). ഇ.വി ചാര്‍ജിംഗിനായി കെ.എസ്.ഇ.ബി നിലവില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും അവ അപര്യാപ്തമാണെന്ന പരാതികള്‍ക്കിടെയാണ് പുതിയ നീക്കം. ഇക്കാര്യത്തില്‍ ആഗോള കമ്പനിയായ റോക്കി മൗണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ആര്‍.എം.ഐ) സഹകരണം ഉപയോഗിക്കാനാണ് കെ.എസ്.ഇ.ബി ധാരണ. കാര്‍ബണ്‍ രഹിത വൈദ്യുത നിര്‍മാണമടക്കമുള്ള മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആഗോള കമ്പനിയാണ് ആര്‍.എം.ഐ.

ആർ.എം.ഐ

വിവിധ മാര്‍ഗങ്ങളിലൂടെ ലോകത്തെ ഊര്‍ജ്ജോത്പാദനം പൂര്‍ണമായും കാര്‍ബണ്‍ മുക്തമാക്കാന്‍ ലക്ഷ്യമിട്ട് 1982ല്‍ സ്ഥാപിതമായ അമേരിക്കന്‍ കമ്പനിയാണ് റോക്കി മൗണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. ഹരിതഗൃഹ പ്രഭാവം 2030ല്‍ പകുതിയായി കുറയ്ക്കുകയാണ് കമ്പനിയുടെ ലക്ഷ്യങ്ങളിലൊന്ന്. ഇന്ത്യയില്‍ ഇലക്ട്രിക് വാഹന രംഗത്ത് നീതി ആയോഗ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ഊര്‍ജ്ജ രംഗത്തെ സംരംഭങ്ങള്‍ എന്നിവയുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം. കേരളത്തിലെ ഇ.വി രംഗത്ത് സഹകരിക്കാന്‍ താത്പര്യമുണ്ടെന്ന് കാട്ടി ഓഗസ്റ്റിലാണ് കമ്പനിയുടെ ഇന്ത്യന്‍ ഘടകം കെ.എസ്.ഇ.ബിക്ക് കത്തുനല്‍കുന്നത്. ഇക്കാര്യം പരിശോധിച്ച വൈദ്യുത ബോര്‍ഡ് ആര്‍.എം.ഐയുടെ സഹകരണം തേടാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനോടകം വിവിധ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഉദ്ദേശിച്ച ലക്ഷ്യത്തിലെത്താനായില്ലെന്ന അനുമാനത്തിലാണ് പുതിയ നീക്കം.

സഹകരണം ഇങ്ങനെ

കെ.എസ്.ഇ.ബിയുടെ ഇ.വി ആക്‌സിലറേറ്റര്‍ സെല്‍ വിപുലമാക്കുന്നതിനുള്ള സാങ്കേതിക സഹായം നല്‍കുന്നതാണ് ഇതില്‍ പ്രധാനം. കേരളത്തിലെ ഇ.വി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ചുമതലയാണ് ഇ.വി ആക്‌സിലറേറ്റര്‍ സെല്ലുകളുടേത്. ഇ.വി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുമ്പോഴുണ്ടാകുന്ന പവര്‍ ഗ്രിഡിലെ മാറ്റങ്ങള്‍ സംബന്ധിച്ച പഠനവും പിന്തുണയും , ഇവി രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, ഇവി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡാഷ്‌ബോര്‍ഡ് വികസിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിലും ആര്‍.എം.ഐ സഹകരണം ഉപയോഗപ്പെടുത്തും.
ആര്‍.എം.ഐയുമായുള്ള സഹകരണം കേരളത്തില്‍ മികച്ച ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് സഹായിക്കുമെന്നാണ് കെ.എസ്.ഇ.ബിയുടെ പ്രതീക്ഷ. ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ തയ്യാറാക്കുന്നതിനും ആര്‍.എം.ഐ സഹകരിക്കും. ഈ രംഗത്തെ സംരംഭകര്‍, ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും ആര്‍.എം.ഐയുടെ സഹായത്തോടെ കണ്ടെത്തുമെന്നും സെപ്തംബര്‍ 19ന് പുറത്തിറങ്ങിയ ഉത്തരവില്‍ പറയുന്നു. വാഹന ചാര്‍ജിംഗ് രംഗത്തെ മുന്‍നിര സ്ഥാപനമാകുന്നതിനൊപ്പം ഇതിലൂടെ ലഭിക്കുന്ന വരുമാന സാധ്യതയും കെ.എസ്.ഇ.ബിയുടെ മുന്നിലുണ്ട്. ഉപയോക്താക്കളുടെ ആവശ്യങ്ങളും കൂടി പരിഗണിച്ച ശേഷമാകും ഇത് സംബന്ധിച്ച പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കുന്നത്.
Related Articles
Next Story
Videos
Share it