അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രത്തെ സമീപിക്കാന്‍ കെ.എസ്.ഇ.ബി

സംസ്ഥാനത്തെ വൈദ്യുതി വിതരണ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രാവിഷ്‌കൃത പുനരുദ്ധാരണ വിതരണ മേഖല പദ്ധതി (ആര്‍.ഡി.എസ്.എസ്) പ്രകാരം അധിക ഫണ്ട് തേടാന്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് (കെ.എസ്.ഇ.ബി).

ഫണ്ട് ആവശ്യപ്പെടും

പുതിയ ട്രാന്‍സ്ഫോര്‍മറുകള്‍, എച്ച്.ടി, എല്‍.ടി ലൈനുകള്‍, ലൈന്‍ പരിവര്‍ത്തനം, ഏകീകൃത സബ് സ്റ്റേഷനുകള്‍ നിര്‍മിക്കുക തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനമാണ് ലക്ഷ്യം.സംസ്ഥാന സര്‍ക്കാര്‍ മുഖേന 10,896 കോടി രൂപയുടെ പദ്ധതി നിര്‍ദേശം കേന്ദ്രത്തിന് മുന്നില്‍ കെ.എസ്.ഇ.ബി സമര്‍പ്പിക്കും. ആര്‍.ഡി.എസ്.എസിന്റെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി ഫണ്ട് ആവശ്യപ്പെട്ടാണ് കേന്ദ്രത്തെ സമീപിക്കുക.

നടപ്പാകാതെ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി

കഴിഞ്ഞ വര്‍ഷം ഒന്നാം ഘട്ടത്തിന് കീഴില്‍ കെ.എസ്.ഇ.ബി സമര്‍പ്പിച്ച 10,475.03 കോടി രൂപയുടെ നിര്‍ദേശങ്ങള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയിരുന്നു. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പിലാക്കാനായി 8,175.05 കോടി രൂപയും ഇന്‍ഫ്രാസ്ട്രക്ചറിനും നഷ്ടം കുറയ്ക്കുന്നതിനുമായി 2,235.78 കോടിയും വകയിരുത്തിയിരുന്നു. എന്നാല്‍ ഇതിനായി അനുമതി നല്‍കി ആദ്യ ഗഡു കൈപ്പറ്റിയിട്ടും സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ഇതുവരെയും നടപ്പിലാക്കിയിട്ടില്ല.

കേന്ദ്രം കര്‍ശന നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് സ്മാര്‍ട്ട് പദ്ധതി നടപ്പിലാക്കാന്‍ ഉറച്ച് കെ.എസ്.ഇ്.ബി മുന്നോട്ട് പോകുന്നെങ്കിലും പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് യൂണിയനുകള്‍. ഇതിനിടയിലാണ് ആര്‍.ഡി.എസ്.എസിന്റെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്താനുള്ള പദ്ധതികളുമായി കെ.എസ്.ഇ.ബി കേന്ദ്രത്തിനെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

Related Articles
Next Story
Videos
Share it