

കറണ്ട് ബില്‍ അടക്കാന്‍ പുതിയൊരു സംവിധാനം കൂടി കെ.എസ്.ഇ.ബി അവതരിപ്പിക്കുന്നു. മീറ്റര്‍ റീഡിംഗിനെത്തുന്ന ജീവനക്കാര്‍ ബില്‍ തരുമ്പോള്‍ പണം അവരുടെ കൈവശമുള്ള മെഷീന്‍ വഴി തന്നെ അടയ്ക്കാം. ബില്ലടക്കാന്‍ കൗണ്ടറില്‍ പോകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാം. ഓണ്‍ലൈന്‍ വഴിയുള്ള ഇടപാടിനുള്ള ബുദ്ധിമുട്ടുകളും ഒഴിവായി കിട്ടും. ഒക്ടോബര്‍ മുതലാണ് പുതിയ സംവിധാനം ആരംഭിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യു.പി.എ എന്നിവ വഴി ട്രാന്‍സാക്ഷന്‍ ചാര്‍ജുകള്‍ ഇല്ലാതെ ബില്‍ അടക്കാനാകും. നിലവിലുള്ള മീറ്റര്‍ റീഡിംഗ് മെഷീനുകളില്‍ ബില്‍ അടക്കാനുള്ള സൗകര്യം കൂടി ഉള്‍പ്പെടുത്തും.
കനറാ ബാങ്കുമായി സഹകരിച്ചാണ് കെ.എസ്.ഇ.ബിയുടെ പുതിയ പദ്ധതി. സ്വകാര്യ ഫിന്‍ടെക് കമ്പനികളുടെ സ്‌പോട്ട് ബില്ലിംഗ് മെഷീനുകള്‍ കനറാബാങ്കിന്റെ സംവിധാനങ്ങളിലൂടെയാണ് പ്രവര്‍ത്തിക്കുക. സംസ്ഥാനത്ത് 5000 സ്‌പോട്ട് ബില്ലിംഗ് മെഷീനുകളാണ് കെ.എസ്.ഇ.ബി ഉപയോഗിച്ചു വരുന്നത്. ഇവയിലെല്ലാം ബില്‍ പേയ്‌മെന്റിനുള്ള സൗകര്യം കൂട്ടിച്ചേര്‍ക്കും. കെ.എസ്.ഇ.ബി ഓഫീസുകളിലും ഇത്തരത്തില്‍ സ്‌പോട്ട് ബില്ലിംഗ് മെഷീന്‍ വഴിയുള്ള പണം സ്വീകരിക്കൽ നിലവിൽ വരും.
ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് കറണ്ട് ബില്‍ അടക്കാനുള്ള സംവിധാനവും വൈകാതെ കെ.എസ്.ഇ.ബി അവതരിപ്പിക്കും. ഇതിനുള്ള സാങ്കേതിക നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കണ്‍സ്യൂമര്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി ക്യൂആര്‍ കോഡ് തയ്യാറാക്കി വൈദ്യുതി ബില്ലില്‍ ചേര്‍ക്കും. ഇത് സ്‌കാന്‍ ചെയ്താല്‍ തുക എത്രയെന്നറിയാനും പണം അടക്കാനും സൗകര്യമുണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine