തിരുവനന്തപുരം-എറണാകുളം 3.5 മണിക്കൂറില്‍! വരുന്നു കെ.എസ്.ആര്‍.ടി.സിയുടെ നോണ്‍ സ്‌റ്റോപ്പ് ബിസിനസ് ക്ലാസ് ബസ്

ബിസിനസ് ക്ലാസ് സീറ്റുകള്‍, എല്ലാ സീറ്റിലും സ്മാര്‍ട്ട് ടി.വി, ഭക്ഷണം വിളമ്പാന്‍ ഹോസ്റ്റസുമാര്‍ എന്നിവയും ബസിന്റെ പ്രത്യേതതയാണ്
KSRTC business-class luxury bus with airline-style interior featuring recliner seats, touchscreen entertainment, tray meals, and an onboard hostess; exterior view shows KSRTC’s new tri-colour bus model parked at terminal.
AI Generated image using Gemini
Published on

വിമാനങ്ങളിലെ ബിസിനസ് ക്ലാസ് മാതൃകയിലുള്ള സൗകര്യങ്ങളുമായി ഒരു കെ.എസ്.ആര്‍.ടി.സി ബസ് വരുന്നു. തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ മൂന്നര-നാല് മണിക്കൂര്‍ കൊണ്ട് ഓടിയെത്താവുന്ന വിധത്തിലാണ് സര്‍വീസ് ആലോചിക്കുന്നത്. ദേശീയ പാത 66ന്റെ നിര്‍മാണം പൂര്‍ത്തിയായാല്‍ ഉടന്‍ സര്‍വീസ് ആരംഭിക്കാനാണ് പദ്ധതി. ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

പൊതുഗതാഗത രംഗത്തെ റീബ്രാന്‍ഡ് ചെയ്യാനുള്ള കെ.എസ്.ആര്‍.ടി.സി ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം. ഭരണതലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് വാണിജ്യ തലസ്ഥാനമായ എറണാകുളത്തേക്കുള്ള യാത്രാ സമയം കുറക്കാന്‍ ബസ് സര്‍വീസ് ഉപകരിക്കും. 25 സീറ്റുകളാണ് ബസില്‍ ഉണ്ടാവുക. ഇതിനായി കിടിലന്‍ എയര്‍ സസ്‌പെന്‍ഷനുള്ള ബസ് വാങ്ങാന്‍ കെ.എസ്.ആര്‍.ടി.സി ആലോചിക്കുന്നുണ്ട് . ഇലക്ട്രിക്കലി ഓപറേറ്റ് ചെയ്യാവുന്നതും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതുമായ ബിസിനസ് ക്ലാസ് സീറ്റുകളാണ് ബസില്‍ ഉണ്ടാവുക. ഓരോ സീറ്റിന് പിന്നിലും സ്മാര്‍ട്ട് ടി.വിയും ഹെഡ്‌സെറ്റുമുണ്ടാകും. യാത്രക്കാര്‍ക്ക് സ്വന്തം ഫോണ്‍ കണക്ട് ചെയ്ത് വീഡിയോകള്‍ കാണാവുന്നതാണ്. അല്ലെങ്കില്‍ പ്രീലോഡ് ചെയ്ത ചില കണ്ടന്റുകളും ഇതിലുണ്ടാകും. എല്ലാ സീറ്റിലും ചാര്‍ജിംഗ് പോര്‍ട്ടുകളും ഭക്ഷണം കഴിക്കാനുമുള്ള ട്രേയുമുണ്ടാകും.

ബസ് ഹോസ്റ്റസുകള്‍

വിമാനത്തിലേത് പോലെയുള്ള എയര്‍ ഹോസ്റ്റസുകളാണ് മറ്റൊരു പ്രത്യേകത. യാത്രക്കാര്‍ക്ക് ഭക്ഷണം വിളമ്പാനുള്ള ചെറിയ പാന്‍ട്രിയും ബസിലുണ്ടാകും. യാത്രക്കാര്‍ക്ക് പ്രീ ഓര്‍ഡര്‍ ചെയ്‌തോ ബസിനുള്ളില്‍ വെച്ച് പണം നല്‍കി വാങ്ങിയോ ഭക്ഷണം കഴിക്കാം. ടിക്കറ്റ് നിരക്ക് കുറക്കുന്നതിന് വേണ്ടി ആവശ്യക്കാര്‍ക്ക് വേണ്ടി മാത്രം ഭക്ഷണം വിളമ്പിയാല്‍ മതിയെന്നാണ് കെ.എസ്.ആര്‍.ടി.സിയിലെ ധാരണ.

മൂന്നര മണിക്കൂര്‍

എറണാകുളം-തിരുവനന്തപുരം റൂട്ടില്‍ മൂന്നര- നാല് മണിക്കൂര്‍ കൊണ്ട് ഓടിയെത്താനാണ് ആലോചിക്കുന്നത്. അതായത് രാവിലെ 6ന് തിരുവനന്തപുരത്ത് നിന്ന് തിരിക്കുന്ന വണ്ടി 10 മണിയാകുമ്പോള്‍ എറണാകുളത്തെത്തും. ഇതേ സമയത്ത് എറണാകുളം-തിരുവനന്തപുരം റൂട്ടില്‍ മറ്റൊരു ബസ് കൂടി സര്‍വീസ് നടത്തും. പിന്നീട് യാത്രാ സമയം 3.5 മണിക്കൂറാക്കി ചുരുക്കാനും തൃശൂരിലേക്ക് കൂടി സര്‍വീസ് നീട്ടാനും കെ.എസ്.ആര്‍.ടി.സി ആലോചിക്കുന്നുണ്ട്. നിലവില്‍ ഈ റൂട്ടില്‍ യാത്ര ചെയ്യാന്‍ കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും വേണ്ടി വരും. ബസ് സ്‌റ്റേഷനുകളില്‍ കയറാതെ നോണ്‍ സ്‌റ്റോപ്പ് രീതിയിലാകും വണ്ടിയോടുക. യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കാനും പ്രാഥമിക ആവശ്യങ്ങള്‍ക്കുമായി മാത്രമാകും വണ്ടി നിറുത്തുക. ബസിലെ ബുക്കിംഗ് പൂര്‍ണമായും ഫുള്‍ ആയില്ലെങ്കില്‍ മാത്രം തിരഞ്ഞെടുത്ത സ്റ്റോപ്പുകളില്‍ വണ്ടി നിറുത്തും.

ബിസിനസ് ക്ലാസ് യാത്രക്കാര്‍

ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയ ഹൈ എന്‍ഡ് ഉപയോക്താക്കള്‍ക്ക് വേണ്ടിയാണ് ബിസിനസ് ക്ലാസ് സര്‍വീസ് തുടങ്ങുന്നതെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറയുന്നു. സ്വകാര്യ കാറുകള്‍ ഒഴിവാക്കി പൊതുഗതാഗത സംവിധാനം ഉപയോഗിക്കാന്‍ ഇത്തരക്കാരെ പ്രേരിപ്പിക്കുന്നതിന് കൂടിയാണ് കെ.എസ്.ആര്‍.ടി.സിയുടെ നീക്കം.

KSRTC is rolling out airline-style ‘business class ’ buses with reclining seats, personal screens, and hostesses serving meals — redefining public transport luxury in Kerala.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com