

ഓണത്തിന് ഒരാഴ്ച മാത്രമാണ് ഇനി ബാക്കിയുളളത്. നാട്ടിലേക്ക് വരാനായി ഇതര സംസ്ഥാനങ്ങളില്‍ താമസിക്കുന്നവര്‍ പ്രധാനമായും ബസ്, ട്രെയിന്‍ മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. ഈ അവസരം മുതലാക്കി അന്തർ സംസ്ഥാന ബസുകൾ യാത്രക്കാരെ കൊള്ളയടിക്കുകയാണെന്ന് പരാതികള്‍ വ്യാപകമാകുകയാണ്.
നിരക്ക് കൂട്ടി സ്വകാര്യ ബസുകൾ
ചെന്നൈയിലും ബംഗളൂരുവിലുമുള്ള മലയാളികള്‍ കടുത്ത യാത്രാ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. സ്വകാര്യ ബസുകൾ നാട്ടിലേക്കുളള യാത്രാ നിരക്ക് ഇരട്ടിയാക്കി ഉയര്‍ത്തിയിരിക്കുകയാണ്. ബസുകള്‍ പാതിവഴിയിൽ സർവീസ് മുടക്കുന്നതായും പരാതികള്‍ ഉയരുന്നുണ്ട്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ റൂട്ടുകളിലേക്ക് ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമാണ് വർധിപ്പിച്ചിരിക്കുന്നത്. 1500-1600 രൂപയുണ്ടായിരുന്ന ബംഗളൂരു-തിരുവനന്തപുരം എ.സി സ്ലീപ്പറിന് 3500-4000 രൂപയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. എ.സി സെമി സ്ലീപ്പറിന്റെ നിരക്ക് 1300 രൂപയിൽ നിന്ന് 3500 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്.
കെ.എസ്.ആർ.ടി.സിയിലും നിരക്ക് വര്‍ധന
സെപ്തംബർ 11 മുതൽ ഉത്രാടം ദിവസം വരെയുള്ള ടിക്കറ്റ് നിരക്ക് കെ.എസ്.ആർ.ടി.സിയും വർധിപ്പിച്ചിട്ടുണ്ട്. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള കെ.എസ്.ആർ.ടി.സിയുടെ ഗരുഡ ബസ് നിരക്ക് 1151 രൂപയിൽ നിന്ന് 500 രൂപിന്റെ വർധനയാണ് വരുത്തിയിട്ടുളളത്. നോൺ എസി സൂപ്പർ ഡീലക്സ് സ്പെഷ്യൽ സ്പെഷ്യൽ സർവീസിന്റെ നിരക്കും 300 രൂപ വർദ്ധിപ്പിച്ചു.
സെപ്റ്റംബർ 10-15 തീയതികളിൽ ടിക്കറ്റുകളൊന്നും കിട്ടാത്ത അവസ്ഥയാണ്. കർണാടക ആർ.ടി.സിയും നിരക്ക് വർധിപ്പിച്ചു. ബംഗളൂരു-കൊച്ചി ഐരാവത് ബസ് നിരക്ക് 800 രൂപയാണ് വർധിപ്പിച്ചത്.
അതേസമയം, ഓണത്തിരക്ക് പരിഹരിക്കുന്നതിനായി കേരളത്തിലെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് റെയിൽവേ 10 പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു. ഷൊർണൂർ, കണ്ണൂർ, കൊല്ലം, കൊച്ചുവേളി എന്നിവയെ ബന്ധിപ്പിച്ചാണ് ഇവ സര്‍വീസ് നടത്തുന്നത്. എന്നാൽ, തിരക്കേറിയ ബംഗളൂരു റൂട്ടിൽ സെപ്തംബർ 15 വരെ കേരളത്തിലേക്ക് ഒരു പ്രത്യേക ട്രെയിൻ മാത്രമാണുള്ളതെന്നും യാത്രക്കാര്‍ പരാതിപ്പെടുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine