നാട്ടുകാരില്‍ നിന്ന് പണം പിരിച്ച് ബസ് ഇറക്കാന്‍ കെ.എസ്.ആര്‍.ടി.സി; ലാഭ വിഹിതവും നാട്ടുകാര്‍ക്ക്

പുതിയ ഹൈബ്രിഡ് എ.സി സീറ്റർ കം-സ്ലീപ്പർ ബസുകളുമായി കെ.എസ്.ആര്‍.ടി.സി. (K.S.R.T.C). ഘട്ടം ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ രണ്ട് ബസുകള്‍ പുറത്തിറക്കി. തിരുവനന്തപുരം-കാസര്‍ഗോഡ് റൂട്ടിലുള്ളവയാണ് ഇവ. ഈ രണ്ട് ബസുകളും കെ.എസ്.ആര്‍.ടി.സി.-സ്വിഫ്റ്റ് ജീവനക്കാരുടെ പണം ഉപയോഗിച്ച് വാങ്ങിയവയാണ്. ഇതിന്റെ ലാഭ വിഹിതവും കെ.എസ്.ആര്‍.ടി.സി അവര്‍ക്ക് നല്‍കും.

കെ.എസ്.ആര്‍.ടി.സി.-സ്വിഫ്റ്റ് ഡ്യൂട്ടിക്ക് ചേര്‍ന്നപ്പോള്‍ ഡെപ്പോസിറ്റ് തുകയായി വാങ്ങിയ പണമാണ് ഈ ബസുകളിലേക്കുള്ള അവരുടെ നിക്ഷേപമായി കെ.എസ്.ആര്‍.ടി.സി പരിഗണിച്ചതെന്നാണ് ജീവനക്കാർ പറയുന്നത്.

വ്യക്തികൾക്കും പങ്കാളികളാകാം

രണ്ടാം ഘട്ടത്തില്‍ പൊതുജനങ്ങളില്‍ നിന്നും പണം ശേഖരിച്ച് കൂടുതല്‍ ബസുകളിറക്കാനാണ് കെ.എസ്.ആര്‍.ടി.സിയുടെ പദ്ധതി. നിക്ഷേപമായി പണം വാങ്ങുന്നവര്‍ക്ക് പ്രവര്‍ത്തന ലാഭവിഹിതം തിരികെ നല്‍കാനാണ് തീരുമാനം. പദ്ധതി ആരംഭിക്കുന്ന തീയതി സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കിയിട്ടില്ല. സ്വിഫ്റ്റിന് നിലവില്‍ 290 ബസുകളാണ് ഉള്ളത്, ഇതില്‍ രണ്ടെണ്ണമാണ് ഹൈബ്രിഡ് മോഡലില്‍ ഇറക്കിയിട്ടുള്ളത്.

പുതിയ ഹൈബ്രിഡ് സ്വിഫ്റ്റ് ബസില്‍ എന്തൊക്കെ?

ഒരു ബസില്‍ ആകെ 27 സീറ്റുകളും 15 സ്ലീപ്പര്‍ ബര്‍ത്തുകളും ഉണ്ടായിരിക്കും. ഓണ്‍ലൈന്‍ ട്രാക്കിംഗ്, രണ്ട് എമര്‍ജന്‍സി ഡോറുകള്‍, അകത്ത് നാല് എല്‍.ഇ.ഡി ഡിസ്പ്ലേ ബോര്‍ഡുകള്‍, ഡ്രൈവര്‍ ക്യാബിനില്‍ സ്റ്റാന്‍ഡ്ബൈ ഡ്രൈവര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം, മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകള്‍, സീറ്റുകളിലും ബെര്‍ത്തുകളിലും മൊബൈല്‍ പൗച്ചുകള്‍, ഹാന്‍ഡ്ബാഗുകള്‍ സൂക്ഷിക്കുന്നതിനുള്ള ലഗേജ് സ്പേസ് തുടങ്ങിയ നൂതന സൗകര്യങ്ങള്‍ ബസുകളിലുണ്ടാകും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it