ഓണത്തിന് ബസ്-ബോട്ട് കോംബോ ടൂർ പാക്കേജുകളുമായി അടിച്ചുപൊളിക്കാം; കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ കെ.എസ്.ആര്‍.ടി.സിയുടെ പദ്ധതി

ബജറ്റ് ടൂറിസം സെൽ സംസ്ഥാന ജലഗതാഗത വകുപ്പുമായി ചേർന്ന് ബസ്-ബോട്ട് കോംബോ ഉൾപ്പെടുന്ന ഒട്ടേറെ ടൂർ പാക്കേജുകളാണ് അവതരിപ്പിക്കുന്നത്
bus-boat tour packages
Image Courtesy: swtd.kerala.gov.in
Published on

ആഹ്ളാദകരമായ ഒരു ബസ് യാത്ര, മനോഹരമായ സംഗീതം ആസ്വദിച്ചുകൊണ്ടുളള സഞ്ചാരം, തുടർന്ന് കായലുകളുടെ ആകർഷകമായ സൗന്ദര്യം ആവോളം നുകര്‍ന്നു കൊണ്ട് ഒരു ബോട്ട് യാത്രയും. ഏതൊരു യാത്രാ പ്രേമിയേയും വശീകരിക്കുന്ന ഒരു യഥാർത്ഥ വിരുന്നാണ് ഈ ഓണക്കാലത്ത് കെ.എസ്.ആര്‍.ടി.സി ഒരുക്കിയിട്ടുളളത്.

കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം സെൽ സംസ്ഥാന ജലഗതാഗത വകുപ്പുമായി ചേർന്ന് ബസ്-ബോട്ട് കോംബോ ഉൾപ്പെടുന്ന ഒട്ടേറെ ടൂർ പാക്കേജുകളാണ് അവതരിപ്പിക്കുന്നത്.

ടൂര്‍ പാക്കേജുകള്‍

ആലപ്പുഴയില്‍ 'വേഗ-1', 'സീ കുട്ടനാട്' എന്നീ ബോട്ടുകളിലുളള ടൂര്‍ പാക്കേജ്, കൊല്ലത്ത് 'സീ അഷ്ടമുടി' ബോട്ടിലുളള പാക്കേജ്, കണ്ണൂർ പറശ്ശിനിക്കടവിൽ ബോട്ടിന്റെ മുകളിലെ ഡെക്കില്‍ നിന്നു യാത്ര ചെയ്യാവുന്ന പാക്കേജ്, എറണാകുളത്ത് പുതുതായി പുറത്തിറക്കിയ 'ഇന്ദ്ര' ബോട്ടിലുളള ടൂർ പാക്കേജ് തുടങ്ങിയവയാണ് യാത്രക്കാര്‍ക്കായി കെ.എസ്.ആര്‍.ടി.സി ഒരുക്കിയിട്ടുളളത്.

തിരുവനന്തപുരത്തെയും പാറശ്ശാലയിലെയും കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസം യൂണിറ്റുകൾ ഇതിനകം തന്നെ 'വേഗ/സീ കുട്ടനാട്' ടൂർ പാക്കേജുകൾ ആരംഭിച്ചിട്ടുണ്ട്.

കെ.എസ്.ആര്‍.ടി.സി സ്പെഷ്യൽ ബസുകളിൽ എത്തുന്ന സന്ദർശകർക്ക് ആഡംബര ബോട്ടുകളില്‍ മനോഹരമായ കായല്‍ യാത്രയാണ് വാഗ്ദാനം ചെയ്യുന്നത്.

മലപ്പുറം (സെപ്റ്റംബർ 16), തിരുവനന്തപുരം സിറ്റി ഡിപ്പോ (സെപ്റ്റംബർ 17), ചടയമംഗലം (സെപ്റ്റംബർ 18), പാപ്പനംകോട് (സെപ്റ്റംബർ 22) എന്നിവിടങ്ങളിൽ നിന്ന് വരും ദിവസങ്ങളില്‍ പാക്കേജ് ടൂറുകൾ നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. കണ്ണൂർ, തൃശൂർ, പാലക്കാട്, പുനലൂർ, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ നിന്നും ടൂർ പാക്കേജ് നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്.

ബോട്ടിന്റെ പ്രത്യേകതകള്‍

കുട്ടനാടിലെ പച്ചപ്പിന്റെയും കായലുകളുടെയും ആകർഷകമായ കാഴ്ച സഞ്ചാരികൾക്ക് നൽകുന്നതിനായാണ് സംസ്ഥാന ജലഗതാഗത വകുപ്പ് 'സീ കുട്ടനാട്' ബോട്ട് സജ്ജീകരിച്ചിരിക്കുന്നത്. ബോട്ടിന് മുകളില്‍ ഡെക്കും ലഘുഭക്ഷണശാലയും ഉണ്ട്. പ്രത്യേക എ.സി ക്യാബിനുളള ആലപ്പുഴ കായലിലും പ്രവർത്തിക്കുന്ന 'വേഗ' ഒരു ആധുനിക ബോട്ടാണ്.

കൊല്ലത്തെ കായലില്‍ പ്രവർത്തിക്കുന്ന 'സീ അഷ്ടമുടി' ടൂറിസ്റ്റ് ബോട്ട് സർവീസില്‍ സാംബ്രാണിക്കോടി, കോവില, മൺറോ ദ്വീപ് തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിക്കാവുന്നതാണ്. രാജ്യത്തെ ഏറ്റവും വലിയ സോളാർ-ഇലക്‌ട്രിക് ബോട്ടായ 100 സീറ്റുകളുള്ള ജലഗതാഗത വകുപ്പിന്റെ 'ഇന്ദ്ര' ബോട്ടാണ് കൊച്ചിയിൽ സര്‍വീസ് നടത്തുന്നത്.

250 ഓളം ടൂർ പാക്കേജുകള്‍ 

അതേസമയം, ഓണം ഉത്സവ സീസണോട് അനുബന്ധിച്ച് വിവിധ ഡിപ്പോകളിൽ നിന്ന് 250 ഓളം ടൂർ പാക്കേജ് യാത്രകളാണ് ബജറ്റ് ടൂറിസം സെല്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. വയനാട്, മൂന്നാർ, ഗവി, പൊൻമുടി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പ്രധാനമായും ടൂറുകൾ നടത്തുന്നത്.

നവീകരിച്ച പഴയ സൂപ്പർ ഡീലക്സ് ബസുകൾ ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങളോടെയാണ് കെ.എസ്.ആര്‍.ടി.സി ബസുകൾ സജ്ജീകരിച്ചിരിക്കുന്നത്. സുഖകരമായ യാത്രയ്ക്കായി പുഷ് ബാക്ക് സീറ്റുകൾ, ചാർജിംഗ് പോയിന്റുകൾ, എയർ സസ്‌പെൻഷൻ തുടങ്ങിയ സൗകര്യങ്ങൾ ബസുകളില്‍ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com