ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ പഞ്ചായത്തിലേക്ക്; കെ.എസ്.ആര്‍.ടി.സി നന്നാക്കാന്‍ പുതിയ ആശയവുമായി മന്ത്രി

കെ.എസ്.ആര്‍.ടി.സിയെ ജനകീയവല്‍ക്കരിക്കാന്‍ പുതിയ ആശയവുമായി ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ രംഗത്ത്. സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത് റോഡുകളിലും കെ.എസ്.ആര്‍.ടി.സി സര്‍വീസ് എത്തിക്കാനാണ് പദ്ധതിയെന്ന് മന്ത്രി വ്യക്തമാക്കി.
ജനങ്ങള്‍ക്ക് കൂടുതല്‍ മികച്ച യാത്രാനുഭവം നല്‍കുന്നതിന്റെ ഭാഗമായി മിനി ബസുകള്‍ വാങ്ങും. ഈ ബസുകള്‍ കൂടുതലായി ഓടിക്കുക ഗ്രാമീണ മേഖലയിലാകും. ഇതിനായി 300 ബസുകള്‍ വാങ്ങാനാണ് തീരുമാനമെന്ന് മന്ത്രി ഗണേഷ്‌കുമാര്‍ പറഞ്ഞു. ഗ്രാമീണ മേഖലയിലെ യാത്രക്ലേശം പരിഹരിക്കാന്‍ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെര്‍മിനിറ്റിന് നിയന്ത്രണം
വാരിവലിച്ച് പെര്‍മിറ്റ് നല്‍കുന്ന പ്രവണത മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് എംഎല്‍എമാര്‍ക്ക് കത്തയച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എസ്.ആര്‍.ടി.സിയില്‍ ഉള്‍പ്പെടെ വേഗപ്പൂട്ട് കര്‍ശനമാക്കും. വേഗപ്പൂട്ട് വിച്ഛേദിക്കുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് സജീവമാണെന്നും ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. കമ്പനികളാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെങ്കില്‍ ഇവരുടെ ഡീലര്‍ഷിപ്പ് റദ്ദാക്കുമെന്നും ഗണേഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു.
കെ.എസ്.ആര്‍.ടി.സി ബസുകളിലേക്ക് യുവാക്കളെ കൂടുതലായി ആകര്‍ഷിക്കാനുള്ള പദ്ധതികളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇതിന്റെ ഭാഗമായി ബസ് ട്രാക്കിംഗ് ഉള്‍പ്പെടെയുള്ള പുതിയ ആപ്പ് വരും. പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്.
ടിക്കറ്റ് ബുക്കിംഗിനായി നിലവില്‍ സംവിധാനമുണ്ടെങ്കിലും യാത്രക്കാര്‍ സംതൃപ്തരല്ല. റീഫണ്ടിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കാലതാമസം വരുന്നതും ബുക്കിംഗില്‍ പ്രശ്നങ്ങള്‍ നേരിടുന്നതുമാണ് പലരെയും കെ.എസ്.ആര്‍.ടി.സി ബുക്കിംഗ് സൈറ്റുകളില്‍ നിന്ന് അകറ്റുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കാനാണ് പദ്ധതി.

Related Articles

Next Story

Videos

Share it