ശബരിമല സീസണോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി യുടെ വന്‍ ഒരുക്കങ്ങള്‍, 1,000 ത്തോളം ബസുകള്‍, 630 ഓളം ജീവനക്കാര്‍

മണ്ഡല-മകര വിളക്ക് ഉത്സവ സീസണിൽ തീർഥാടകർക്കായി സർവീസ് നടത്തുന്നതിന് ആദ്യഘട്ടത്തിൽ 383 ബസുകളും രണ്ടാം ഘട്ടത്തിൽ 550 ബസുകളും ഏര്‍പ്പെടുത്തുമെന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ അറിയിച്ചു. 120 ലോ ഫ്ലോർ നോൺ എ.സി ബസുകൾ, 55 ലോ ഫ്ലോർ എ.സി ബസുകൾ, 122 ഫാസ്റ്റ് പാസഞ്ചർ ബസുകൾ, 58 സൂപ്പർ ഫാസ്റ്റ് ബസുകൾ, 15 ഡീലക്സ് ബസുകൾ, 10 സൂപ്പർ എക്സ്പ്രസ് ബസുകൾ എന്നിങ്ങനെ 383 ബസുകളാണ് ആദ്യഘട്ടത്തില്‍ വിന്യസിക്കുക.
300 ഡ്രൈവർമാരും 200 കണ്ടക്ടർമാരും ഉൾപ്പെടെ 628 ജീവനക്കാരെ ശബരിമല ഡ്യൂട്ടിക്ക് മാത്രമായി നിയോഗിച്ചിട്ടുണ്ട്. ശബരിമലയിൽ മകര വിളക്ക് സീസണോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ സംബന്ധിച്ച് അവലോകനം നടത്തുകയായിരുന്നു ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ബെഞ്ച്. സൗകര്യങ്ങള്‍ സംബന്ധിച്ച ശബരിമല സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടാണ് ബെഞ്ച് പരിഗണിക്കുന്നത്.
എല്ലാ ബസുകൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടെന്നും കെ.എസ്.ആര്‍.ടി.സി കോടതിയില്‍ വ്യക്തമാക്കി. ശബരിമലയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസുകളുടെ മേൽനോട്ടം വഹിക്കാൻ സ്പെഷ്യല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ട്.

സേഫ് സോൺ പദ്ധതി

അതേസമയം പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ 250 കിലോമീറ്റർ റോഡുകൾ ഉൾക്കൊള്ളുന്ന ശബരിമല സേഫ് സോൺ പദ്ധതിയുടെ റിപ്പോർട്ട് ട്രാൻസ്പോർട്ട് കമ്മീഷണർ കോടതിയില്‍ സമർപ്പിച്ചു.
മൂന്ന് കൺട്രോൾ റൂമുകൾ സ്ഥാപിച്ചതായി ട്രാൻസ്പോർട്ട് കമ്മീഷണര്‍ അറിയിച്ചു. ഇലവുങ്കലിൽ ഒരു മാസ്റ്റർ കൺട്രോൾ റൂമും എരുമേലിയിലും കുട്ടിക്കാനത്തും സബ് കൺട്രോൾ റൂമുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ കൺട്രോൾ റൂമുകളിലേക്ക് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി 20 പട്രോളിംഗ് സ്ക്വാഡുകളെയാണ് വിന്യസിച്ചിരിക്കുന്നത്.
ശബരിമല പ്രത്യേക സുരക്ഷാ മേഖലയാണെന്ന കാര്യം ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കേണ്ടതാണെന്നും കോടതി പറഞ്ഞു. നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിനും എം.വി.ഡി ഉദ്യോഗസ്ഥർക്കും കോടതി നിർദേശം നൽകി.
Related Articles
Next Story
Videos
Share it