

കെ.എസ്.ആര്‍.ടി.സിയുടെ പഴയ സൂപ്പര്‍ ഫാസ്റ്റ് ബസുകളെ എ.സി വണ്ടികളാക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് റിപ്പോര്‍ട്ട്. 2023ല്‍ വാങ്ങിയ സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകളാണ് ഇതിനായി പരിഗണിക്കുന്നതെന്നാണ് വിവരം. ഇക്കാര്യത്തില്‍ വിശദമായ പഠനം നടത്തി കഴിയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ സാങ്കേതിക വിദഗ്ധര്‍ക്ക് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് എ.സി പ്രീമിയം ബസുകള്‍ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്താണ് നടപടി. അടുത്തിടെ കാസര്‍ഗോഡ് സ്വകാര്യ ബസില്‍ എ.സി ഘടിപ്പിച്ച മാതൃകയില്‍ കുറഞ്ഞ ചെലവില്‍ സാധ്യമാകുമോ എന്നാണ് പരിശോധിക്കുന്നത്.
സംസ്ഥാനത്ത് ലോക്കല്‍ ലൈനില്‍ സര്‍വീസ് നടത്തുന്ന അപൂര്‍വം എ.സി ബസുകളിലൊന്നാണ് കാസര്‍ഗോഡ്-ബന്തടുക്ക-മാനടുക്കം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്. ആറ് ലക്ഷം രൂപ മുടക്കിയാണ് സ്വകാര്യ സംരംഭകരുടെ സഹായത്തോടെ സാധാരണ ബസിനെ എ.സിയാക്കിയത്. ആദ്യഘട്ടത്തില്‍ രണ്ട് ബസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതി വിജയകരമാണെങ്കില്‍ വ്യാപിപ്പിക്കാനാണ് ധാരണ. സ്വന്തം നിലയില്‍ ആരംഭിച്ചാല്‍ ചെലവ് നാല് ലക്ഷം രൂപയാകുമെന്നും കെ.എസ്.ആര്‍.ടി.സി കരുതുന്നു. എഞ്ചിനില്‍ നിന്നുള്ള ഊര്‍ജം ഉപയോഗിക്കാതെ ഡൈനാമോ, സോളാര്‍ പാനല്‍ എന്നിവയിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് എ.സി പ്രവര്‍ത്തിപ്പിക്കാനാകുമോ എന്നും പരിശോധിക്കും.
അടുത്ത വര്‍ഷത്തിനുള്ളില്‍ 1,000 പുതിയ ബസുകള്‍ കൂടി നിരത്തിലേക്ക് എത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. താങ്ങാവുന്ന നിരക്കില്‍ സെമി ഡീലക്‌സ്, സ്ലീപ്പര്‍ ക്ലാസ് ബസുകള്‍ സര്‍വീസ് തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read DhanamOnline in English
Subscribe to Dhanam Magazine