ഇനി 'ചില്‍' യാത്ര! സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ എ.സിയിലേക്ക്, മൈലേജും കുറയില്ല, പുത്തന്‍ ടെക്‌നിക് ഇങ്ങനെ

എ.സി ബസ് ഏത് റൂട്ടിലാണ് സര്‍വീസ് നടത്തുകയെന്ന കാര്യത്തില്‍ വ്യക്തതയില്ല
ksrtc bus
image credit : KSRTC , Canva
Published on

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ ഇനി എ.സിയുടെ തണുപ്പിലിരുന്ന് യാത്ര ചെയ്യാം. നിലവിലുള്ള നോണ്‍ എ.സി സൂപ്പര്‍ ഫാസ്റ്റ് ബസുകളിലാണ് എ.സി ഘടിപ്പിക്കുന്നത്. പദ്ധതി പ്രകാരമുള്ള ആദ്യബസ് ഉടന്‍ പുറത്തിറങ്ങും. പദ്ധതി വിജയകരമായാല്‍ കൂടുതല്‍ ബസുകളിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കെ.എസ്.ആര്‍.ടി.സി.

മൈലേജ് കുറയില്ല

ചാലക്കുടിയിലെ സ്വകാര്യ സ്ഥാപനമാണ് ബസില്‍ എ.സി ഘടിപ്പിക്കുന്നത്. എഞ്ചിനുമായി നേരിട്ട് ബന്ധിപ്പിക്കാതെ നാല് ബാറ്ററിയും അതിനെ ചാര്‍ജ് ചെയ്യാനുള്ള ഓള്‍ട്ടര്‍നേറ്ററും ഉപയോഗിച്ചാണ് ഇവിടെ എ.സി പ്രവര്‍ത്തിക്കുന്നത്. വണ്ടി സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഓള്‍ട്ടര്‍നേറ്റര്‍ പ്രവര്‍ത്തിച്ച് ബാറ്ററി ചാര്‍ജാകും. വാഹനം സ്റ്റാര്‍ട്ടില്‍ അല്ലെങ്കിലും എ.സി പ്രവര്‍ത്തിപ്പിക്കാമെന്നതാണ് പ്രത്യേകത. എഞ്ചിനുമായി കാര്യമായ ബന്ധമില്ലാത്തതിനാല്‍ മൈലൈജിലും കുറവുണ്ടാകില്ലെന്ന് സാരം. ഒരു ബസില്‍ എ.സി പിടിപ്പിക്കാന്‍ ആറ് ലക്ഷം രൂപയോളമാണ് ചെലവാകുന്നത്.

ഇനി ചില്‍ യാത്ര

നിലവിലെ ബസിന്റെ ഇന്റീരിയറില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയാണ് എ.സി സ്ഥാപിക്കുന്നത്. എല്ലാ യാത്രക്കാര്‍ക്കും സൗകര്യപ്രദമായ രീതിയില്‍ എയര്‍ ഡക്ടുകളും ക്രമീകരിച്ചു. നേരത്തെ ദീര്‍ഘദൂര യാത്രകള്‍ക്ക് കെ.എസ്.ആര്‍.ടി.സിയുടെ നിലവിലുള്ള ലോഫ്‌ളോര്‍ വോള്‍വോ ബസുകള്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണം വിജയിച്ചിരുന്നു. തുടര്‍ന്ന് ടാറ്റ മാര്‍ക്കോപോളോ സീരിസില്‍ എ.സി സൂപ്പര്‍ ഫാസ്റ്റ് ബസുകളും നിരത്തിലിറക്കി. എന്നാല്‍ ഈ ബസിലെ അസൗകര്യം പല യാത്രക്കാരും ചൂണ്ടിക്കാട്ടിയതോടെയാണ് സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ എ.സി ഘടിപ്പിക്കാന്‍ തീരുമാനിച്ചത്. എയര്‍ സസ്‌പെന്‍ഷനോടെയുള്ള അശോക് ലെയ്‌ലാന്‍ഡിന്റെ ബസില്‍ മികച്ച സീറ്റിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഏത് റൂട്ടിലാണ് ബസ് സര്‍വീസ് നടത്തുകയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com