കെ.എസ്.ആര്‍.ടി.സി ഇനി പാഴ്‌സല്‍ വീട്ടില്‍ എത്തിച്ചുതരും; സ്റ്റാര്‍ട്ടപ്പ് കമ്പനിയെ കൂട്ടുപിടിച്ച് വിപ്ലവനീക്കം

വരുമാനം വര്‍ധിപ്പിക്കാന്‍ നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കെ.എസ്.ആര്‍.ടി.സി. ഇതിന്റെ ഭാഗമായി കൊറിയര്‍ സംവിധാനം പരിഷ്‌കരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ വ്യക്തമാക്കി. നിലവില്‍ കെ.എസ്.ആര്‍.ടി.സി കൊറിയര്‍ സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ ഇത് ഒരു ഡിപ്പോയില്‍ നിന്ന് മറ്റൊരു ഡിപ്പോ വരെ മാത്രമാണ്. വാങ്ങുന്നവര്‍ കൊറിയര്‍ ഡിപ്പോകളിലെത്തി കൈപ്പറ്റണം.
ഇതുമൂലം പലര്‍ക്കും വലിയ സമയനഷ്ടം വരുന്നുണ്ട്. ഈ പരാതി മറികടക്കാനായി ഡോര്‍ ടു ഡോര്‍ കൊറിയര്‍ സംവിധാനം ആവിഷ്‌കരിക്കാനാണ് നീക്കമെന്ന് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി ഇത്തരത്തിലൊരു പ്രോജക്ടുമായി സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. പദ്ധതിയെക്കുറിച്ച് വിശദ പഠനത്തിനുശേഷം കൊറിയര്‍ സംവിധാനം വിപുലപ്പെടുത്തുമെന്നും ഗണേഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു.

വരുമാനം ഉയരുന്നു

കെ.എസ്.ആര്‍.ടി.സി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച കൊറിയര്‍ സര്‍വീസ് ഇപ്പോള്‍ മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്. പ്രതിദിനം ഒരു ലക്ഷം രൂപയ്ക്കു മുകളില്‍ വരുമാനം ഇതിലൂടെ ലഭിക്കുന്നു. കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്സ്, പരസ്യവരുമാനം, സിനിമാഷൂട്ടിങ്, ഹില്ലി അക്വ കുടിവെള്ള വില്‍പ്പന തുടങ്ങിയ മാര്‍ഗങ്ങളിലൂടെ അഞ്ചു കോടിക്കു മുകളിലാണ് വാര്‍ഷിക വരുമാനം.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 17.97 ലക്ഷമായിരുന്നു വരുമാനം. 2024 ഏപ്രിലില്‍ ഇത് 43.31 ലക്ഷവും സെപ്തംബറില്‍ 52.39 ലക്ഷവുമായി ഉയര്‍ന്നു. ഏറ്റവും ഉയര്‍ന്ന വരുമാനം ലഭിക്കുന്ന എറണാകുളം ഡിപ്പോയില്‍ ദിവസം ശരാശരി 35,000 രൂപ ലഭിക്കുന്നുണ്ട്. കെഎസ്ആര്‍ടിസി ലോജിസ്റ്റിക്സ് സര്‍വീസിലൂടെ ചുരുങ്ങിയ ചെലവിലാണ് ആവശ്യക്കാര്‍ക്ക് സാധനങ്ങള്‍ എത്തിക്കുന്നത്.
ഡിപ്പോയില്‍ പാഴ്സല്‍ എത്തിച്ചാല്‍ 16 മണിക്കൂറിനകം അത് ആവശ്യക്കാരുടെ കൈയിലെത്തും. കെഎസ്ആര്‍ടിസി ബസുകളിലും ചരക്കുവാഹനങ്ങളിലുമാണ് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്. സംസ്ഥാനത്തിനുപുറമെ തമിഴ്നാടിനെയും കോര്‍ത്തിണക്കി അവധിയില്ലാതെയാണ് സര്‍വീസ്. പരസ്യ വരുമാനത്തിലൂടെ രണ്ടുവര്‍ഷം കൊണ്ട് 30 കോടി രൂപ ലഭിച്ചു.
ഗ്രാമീണ മേഖലയില്‍ കൂടുതല്‍ സര്‍വീസ് നടത്താനും കെ.എസ്.ആര്‍.ടി.സിക്ക് പദ്ധതിയുണ്ട്. ഇതിനായി 93 കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. പദ്ധതി തുക വെട്ടിക്കുറയ്ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനാല്‍ പകുതി തുകയായിരിക്കും ഇത്തവണ സര്‍വീസിനായി നീക്കി വയ്ക്കുകയെന്നും മന്ത്രി ഗണേഷ്‌കുമാര്‍ അറിയിച്ചു.
Related Articles
Next Story
Videos
Share it