എസിയുണ്ട്, വൈഫൈയുണ്ട്, വിമാനത്തിലേത് പോലെ ഭക്ഷണവും ഓര്‍ഡര്‍ ചെയ്യാം: കെ.എസ്.ആര്‍.ടി.സിയുടെ പ്രീമിയം വണ്ടികള്‍ ഓണത്തിന് മുമ്പ്

കോവിഡ് കാലത്ത് സ്വന്തമായി കാറ് വാങ്ങിയവരെ വീണ്ടും പൊതുഗതാഗത സംവിധാനത്തിലേക്ക് ആകര്‍ഷിക്കുന്നതിന് കെ.എസ്.ആര്‍.ടി.സിയുടെ പ്രീമിയം എസി ബസുകള്‍ ഓണത്തിന് മുമ്പ് നിരത്തില്‍. എയര്‍കണ്ടീഷന്‍, വൈഫൈ, ലഘുഭക്ഷണവും വെള്ളവും വാങ്ങാന്‍ സൗകര്യം തുടങ്ങിയ പ്രീമിയം സേവനങ്ങളുള്ള ബസാണ് കെ.എസ്.ആര്‍.ടി.സി രംഗത്തിറക്കുന്നത്. സീറ്റ് ബെല്‍റ്റോടു കൂടിയ 35 പുഷ്ബാക്ക് സീറ്റുകളും ഫുട്ട് റെസ്റ്റും മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ടുകളും ബസില്‍ സജ്ജീകരിച്ചിട്ടുണ്ട്.
40 പ്രീമിയം വണ്ടികളാണ് ഇത്തരത്തില്‍ വാങ്ങുന്നത്. ഇതില്‍ പത്തെണ്ണം ഓണത്തിന് മുമ്പെത്തുമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. പ്രീമിയം ബസുകളുടെ ട്രയല്‍ റണ്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ടാറ്റയുടെ മാര്‍ക്കോപോളോ ബസുകളാണ് ഇതിന് ഉപയോഗിച്ചത്. ഇതില്‍ കെ.എസ്.ആര്‍.ടി.സിക്ക് വേണ്ട മാറ്റങ്ങള്‍ കൂടി വരുത്തിയ ശേഷമാകും ബസുകള്‍ നിരത്തിലെത്തുക.
എല്ലാ സ്റ്റാന്‍ഡിലും കയറില്ല
സീറ്റ് നിറഞ്ഞാല്‍ പിന്നെ മറ്റ് സ്റ്റാന്‍ഡുകളില്‍ നിറുത്താതെ വേഗത്തില്‍ പോകുമെന്നതിനാല്‍ പ്രീമിയം സര്‍വീസുകള്‍ ജനപ്രിയമാകുമെന്നാണ് കെ.എസ്.ആര്‍.ടി.സി കരുതുന്നത്. യാത്രക്കാര്‍ക്ക് നിശ്ചിത അളവില്‍ സൗജന്യ ഇന്റര്‍നെറ്റും ലഭിക്കും. ലഘുഭക്ഷണവും വെള്ളവും മറ്റും യാത്രക്കാര്‍ക്ക് ബസില്‍ തന്നെ ഓര്‍ഡര്‍ ചെയ്യാം. ടിക്കറ്റ് ചാര്‍ജിന് പുറമെ 20 രൂപ കൂടി നല്‍കിയാല്‍ ബസില്‍ കയറാന്‍ സ്റ്റാന്‍ഡില്‍ എത്തണമെന്നില്ല. വഴിയില്‍ നിന്ന് തന്നെ കയറാം.
ഡിജിറ്റല്‍ പേയ്‌മെന്റ് സൗകര്യം ഉടന്‍
കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സൗകര്യം നാല് മാസത്തിനുള്ളില്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ വ്യക്തമാക്കി. ഡിജിറ്റല്‍ ടിക്കറ്റിംങ് സൊലൂഷ്യന്‍ നിലവില്‍ വരുന്നതോടെ ഓരോ ആറ് സെക്കന്‍ഡിലും ബസ് ട്രാക്ക് ചെയ്യാന്‍ സാധിക്കും. ഡെബിറ്റ് കാര്‍ഡ്, യു.പി.ഐ, മൊബൈല്‍ വാലറ്റ്, നെറ്റ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം വഴി ടിക്കറ്റെടുക്കാം. നിലവില്‍ കെ.എസ്.ആര്‍.ടി.സി ഉപയോഗിക്കുന്ന ടിക്കറ്റ് മെഷീനില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ കഴിയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഗ്രാമീണ റൂട്ടുകളില്‍ 300 ചെറിയ ബസുകള്‍
ഗ്രാമീണ റൂട്ടുകളില്‍ സര്‍വീസ് നടത്താനായി ഇന്ധനക്ഷമത കൂടുതലുള്ള 300 ബസുകള്‍ കൂടി വാങ്ങും. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. കുറച്ച് ദിവസങ്ങളായി വിവിധ കമ്പനികളുടെ ബസുകള്‍ ഗ്രാമീണ റൂട്ടുകളില്‍ പരീക്ഷണ ഓട്ടം നടത്തുകയാണ്. 32 സീറ്റുള്ള ടാറ്റ എല്‍.പി 712/45 സീരീസ് ബസാണ് ഇതിന് ഉപയോഗിച്ചത്.
Related Articles
Next Story
Videos
Share it