
ജീവനക്കാര്‍ക്ക് ഒരു കോടി രൂപ കവറേജുള്ള ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയുമായി കെ.എസ്.ആര്‍.ടിസി. എസ്.ബി.ഐയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയില്‍ ജീവനക്കാര്‍ പ്രീമിയമായി ഒരു രൂപ പോലും നല്‍കേണ്ടതില്ല. കര്‍ണാടക കെ.എസ്.ആര്‍.ടി.സി മൂന്ന് വര്‍ഷം മുമ്പ് നടപ്പിലാക്കിയ മാതൃകയിലുള്ള ഈ പദ്ധതി സംസ്ഥാന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറാണ് പ്രഖ്യാപിച്ചത്. കെ.എസ്.ആര്‍.ടി.സിയിലെ 22,095 സ്ഥിരം ജീവനക്കാര്‍ക്ക് പദ്ധതിയുടെ അംഗമാകാം. സ്ഥിരം ജീവനക്കാരന്‍ അപകടത്തില്‍ മരിച്ചാല്‍ ഒരു കോടി രൂപ കുടുംബത്തിന് ലഭിക്കും. ജൂണ്‍ 4 മുതല്‍ പദ്ധതി നടപ്പില്‍ വരും.
കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സുരക്ഷയും കുടുബങ്ങളുടെ സാമ്പത്തിക ഭദ്രതയും ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതിയായാണ് ഇന്‍ഷുറന്‍സ് പദ്ധതി, കോര്‍പ്പറേഷന്‍ അവതരിപ്പിച്ചിട്ടുള്ളത്. അഞ്ചു വ്യത്യസ്ത പ്ലാനുകളാണുള്ളത്. സില്‍വര്‍, ഗോള്‍ഡ്, ഡയമണ്ട്, പ്ലാറ്റിനം റോഡിയം എന്നിങ്ങനെയാണ് പ്ലാനുകള്‍. ജീവനക്കാരന്‍ അപകടത്തില്‍ മരിക്കുകയോ സ്ഥിരമായി ശാരീരിക വൈകല്യം സംഭവിക്കുകയോ ചെയ്താല്‍ ഒരു കോടി രൂപ വരെ കുടുംബത്തിന് നല്‍കും. സ്ഥിരമായ ഭാഗിക വൈകല്യത്തിന് 80 ലക്ഷം രൂപയും ലഭിക്കും. ഗ്രൂപ്പ് ടേം ലൈഫ് ഇന്‍ഷുറന്‍സില്‍ ആറ് ലക്ഷം രൂപയും എസ്.ബിഐ റിഷ്‌തേ പദ്ധതിയില്‍ 20 ലക്ഷം രൂപ വരെയും പരിരക്ഷയുണ്ട്.
അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് പ്രത്യേകമായ പരിരക്ഷയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊള്ളലേല്‍ക്കുന്ന സംഭവങ്ങളില്‍ 10 ലക്ഷം രൂപ വരെ ചികില്‍സാ ചെലവ് നല്‍കും. ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ ചെലവിലേക്ക് അഞ്ച് ലക്ഷം, എയര്‍ ആംബുലന്‍സിന് 10 ലക്ഷം, യാത്രാ ചെലവ് അര ലക്ഷം, വിദേശത്ത് ഡ്യൂട്ടിയിലിരിക്കുമ്പോള്‍ മരിച്ചാല്‍ 10 ലക്ഷം, മൃതദേഹം നാട്ടിലെത്തിക്കാന്‍ അര ലക്ഷം തുടങ്ങിയ കവറേജുകളുമുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് 10 ലക്ഷം, പെണ്‍കുട്ടികളുടെ വിവാഹത്തിന് 10 ലക്ഷം വരെയും നല്‍കും
75 വയസു വരെ ഇന്‍ഷുറന്‍സ് പരിരക്ഷ പുതുക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. 18 മുതല്‍ 65 വയസുവരെയുള്ളവര്‍ക്കാണ് പദ്ധതിയില്‍ അംഗങ്ങളാകാന്‍ യോഗ്യത. കുട്ടികള്‍ക്ക് മൂന്ന് മാസം മുതല്‍ 25 വയസ് വരെയും പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. 2022 ല്‍ കര്‍ണാടക കെഎസ്ആര്‍ടിസി സമാന സ്വഭാവമുള്ള ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിയിരുന്നു. എസ്.ബി.ഐ, യുണൈറ്റഡ് ഇന്ത്യന്‍ ഇന്‍ഷുറന്‍സ് എന്നിവരുമായി സഹകരിച്ചായിരുന്നു പദ്ധതി.
Read DhanamOnline in English
Subscribe to Dhanam Magazine