ചില്ലറക്ക് കണ്ണുരുട്ടാത്ത കണ്ടക്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ബസിന്റെ ഐശ്വര്യം! ഇനി കാശ് വേണ്ട, കാര്‍ഡ് മതി, കെ.എസ്.ആര്‍.ടി.സി ബസുകള്‍ തല്‍സമയം ട്രാക്ക് ചെയ്യാന്‍ മൊബൈല്‍ ആപും

യാത്രാ കാർഡുകൾ റീചാർജ് ചെയ്യുന്നതിന് ETM ഉപയോഗിക്കാം
Image courtesy:  KSRTC fb
Image courtesy: KSRTC fb
Published on

യാത്രക്കാർക്ക് മെച്ചപ്പെട്ട ഉപയോക്തൃ അനുഭവം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റൽ നവീകരണത്തിന് ഒരുങ്ങി കെഎസ്ആർടിസി. പണരഹിതവും കടലാസ് രഹിതവുമാക്കി യാത്ര കൂടുതൽ സുഗമമാക്കുക എന്ന ഉദ്ദേശത്തോടെയാണ് നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം അധികൃതര്‍ തേടുന്നത്. പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം (PIS) പോലുള്ള പദ്ധതികളും വരും മാസങ്ങളില്‍ കോര്‍പ്പറേഷന്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്.

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒരു ലക്ഷം റീചാർജ് ചെയ്യാവുന്ന യാത്രാ കാർഡുകൾ കോര്‍പ്പറേഷന്‍ ആദ്യഘട്ടത്തില്‍ പുറത്തിറക്കും. ചലോ ആപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. യാത്രാ കാർഡുകളുടെ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. യാത്രക്കാർക്ക് തിരുവനന്തപുരം, കൊല്ലം ഡിപ്പോകളിലെ ബസുകളിൽ അവ ഉപയോഗിക്കാം. 100 രൂപയാണ് ട്രാവൽ കാർഡിന്റെ നിരക്ക്. 50 രൂപ മുതൽ 2,000 രൂപ വരെ ഇതില്‍ റീചാർജ് ചെയ്യാം.

ടച്ച്‌സ്‌ക്രീനുകൾ, വയർലെസ് കമ്മ്യൂണിക്കേഷൻ, വേഗത്തിലുള്ള പ്രോസസ്സിംഗ് സംവിധാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന പുതിയ ആൻഡ്രോയിഡ് അധിഷ്ഠിത സ്മാർട്ട് ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകൾ (ETM) കോര്‍പ്പറേഷന്‍ ഇതിനകം രണ്ട് ജില്ലകളിലും ലഭ്യമാക്കിയിട്ടുണ്ട്. യാത്രാ കാർഡുകൾ റീചാർജ് ചെയ്യുന്നതിന് ETM ഉപയോഗിക്കാവുന്നതാണ്. ഇ.ടി.എമ്മുകളിൽ കാർഡ് സ്വൈപ്പ് ചെയ്‌താല്‍ നിരക്കുകൾ ഡെബിറ്റ് ചെയ്യപ്പെടും.

ETM സംവിധാനം മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിനോടൊപ്പം സംസ്ഥാനത്തുടനീളം യാത്രാ കാര്‍ഡ് പ്രാബല്യത്തില്‍ കൊണ്ടു വരാനാണ് ഉദ്ദേശിക്കുന്നത്. ട്രാവല്‍ കാർഡിലെ നമ്പർ നൽകിയോ ക്യുആർ കോഡ് സ്കാൻ ചെയ്തോ ഉപയോക്താക്കൾക്ക് ഇടിഎമ്മുകളില്‍ നിന്ന് അവരുടെ ബാലൻസ് പരിശോധിക്കാം. ടിക്കറ്റെടുക്കാനുള്ള ചില്ലറ പ്രശ്‌നം പരിഹരിക്കുന്നതില്‍ ഏറെ സഹായകരമാകും ട്രാവല്‍ കാര്‍ഡുകള്‍ എന്നാണ് കരുതുന്നത്.

ബസുകള്‍ എവിടെയെത്തി, ബസ് ഷെഡ്യൂളുകൾ, ബസുകളുടെ കാലതാമസം, യാത്ര ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന മറ്റ് പ്രസക്തമായ വിശദാംശങ്ങൾ തുടങ്ങിയവ ഉള്‍ക്കൊളളുന്ന തത്സമയ വിവരങ്ങൾ നൽകുന്ന പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം (PIS) അടുത്ത് തന്നെ കോര്‍പ്പേറേഷന്‍ അവതരിപ്പിക്കും. യാത്രക്കാർക്ക് ബസുകളെ തത്സമയം ട്രാക്ക് ചെയ്യാനായി മൊബൈല്‍ ആപ്പ് ഡൗൺലോഡ് ചെയ്യാനും സാധിക്കും. എല്ലാ പ്രധാന ബസ് സ്റ്റേഷനുകളിലും പിഐഎസ് സ്ക്രീനുകൾ സ്ഥാപിക്കാനും ഉദ്ദേശിക്കുന്നുണ്ട്. മെയ് 20 ന് മുഖ്യമന്ത്രി പിണറായി വിജയൻ കെ.എസ്.ആര്‍.ടി.സി ഡിജിറ്റലൈസേഷൻ ഡ്രൈവ് പ്രഖ്യാപിക്കുന്നതാണ്. ഇതിനു ശേഷം പിഐഎസ് പദ്ധതി നടപ്പാക്കാനുളള ശ്രമങ്ങളിലാണ് അധികൃതര്‍.

KSRTC to implement travel cards and real-time Passenger Information System as part of digital transformation.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com