നിക്ഷേപകരുടെ പണം ഇപ്പോള്‍ തിരിച്ചുകൊടുക്കാനാകില്ലെന്ന് കെ.ടി.ഡി.എഫ്.സി
നിക്ഷേപ കാലവധി പൂര്‍ത്തിയായിട്ടും നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്‍കാനാകാതെ പൊതുമേഖലാ സ്ഥാപനമായ കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ (കെ.ടി.ഡി.എഫ്.സി). 580 കോടി രൂപയാണ് സ്ഥാപനത്തില്‍ പൊതുജന നിക്ഷേപമായുള്ളത്.
പണം ഇപ്പോള്‍ നല്‍കാനാകില്ല
കോര്‍പറേഷനിലെ ജീവനക്കാര്‍ക്കുള്‍പ്പെടെ ശമ്പളം കൊടുക്കാനുള്ള വരുമാനമില്ലാത്ത സ്ഥിതിയാണ്. സര്‍ക്കാരിന്റെ ഉറപ്പിലാണ് ഇവിടെ നിക്ഷേപം. 170 കോടിയോളം നിക്ഷേപമുള്ള കൊല്‍ക്കത്തയിലെ ശ്രീരാമകൃഷ്ണ മിഷന്‍ തുക തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്. ശ്രീരാമകൃഷ്ണ മിഷനും ഉത്തരേന്ത്യയിലെ ചില സ്ഥാപനങ്ങളുമാണ് കോര്‍പറേഷനിലെ പ്രധാന നിക്ഷേപകര്‍.
കോര്‍പറേഷനെ സമീപിച്ചപ്പോള്‍ കടത്തിലാണെന്നും പണം ഇപ്പോള്‍ നല്‍കാനില്ലെന്നും അറിയിച്ചതോടെയാണ് സര്‍ക്കാരിന് ഇവര്‍ നോട്ടീസയച്ചത്. ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്കാണ് നോട്ടീസയച്ചത്. ഇക്കാര്യം ചീഫ് സെക്രട്ടറി വി.പി ജോയ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതുവരേയും അനുകൂല നടപടികളില്ല
നിക്ഷേപകര്‍ക്ക് തിരികെനല്‍കാന്‍ പണമില്ലെന്നറിഞ്ഞതോടെ കാലാവധി പൂര്‍ത്തിയാകാത്ത നിക്ഷേപകരും പണം തിരികെ വേണമെന്ന ആവശ്യവുമായി കോര്‍പറേഷനെ സമീപിച്ചിട്ടുണ്ട്. കോര്‍പറേഷന്റെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെങ്കിലും ഇതുവരേയും അനുകൂല നടപടികളുണ്ടായില്ല.
580 കോടിയിലെ നിക്ഷേപത്തിലെ ഈ പണത്തിന്റെ ഭൂരിഭാഗവും കെ.എസ്.ആര്‍.ടി.സിക്ക് കടം നല്‍കാനാണ് ചെലവാക്കിയത്. ഇതാണ് കോര്‍പറേഷനെ പ്രതിസന്ധിയിലാക്കിയതും. നിലവില്‍ പിഴപലിശ അടക്കം കെ.എസ്.ആര്‍.ടി.സി 780 കോടിയിലേറെ രൂപ കോര്‍പറേഷനിലേക്ക് തിരിച്ചടയ്ക്കാനുണ്ട്. 2018ല്‍ 350 കോടി കെ.എസ്.ആര്‍.ടി.സി വായ്പയെടുത്തിരുന്നെങ്കിലും പണം തിരിച്ചടച്ചിരുന്നില്ല. തുടര്‍ന്നാണ് പലിശയും പിഴ പലിശയുമായി 780 കോടിയായി മാറിയത്. എന്നാല്‍ ഈ പണം തിരിച്ചടയ്ക്കാന്‍ കെ.എസ്.ആര്‍.ടി.സിക്കോ സര്‍ക്കാരിനോ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.