

മിഡില്‍ ഈസ്റ്റ് പ്രതിസന്ധി കണക്കിലെടുത്ത് ടൂറിസം മേഖലയില്‍ വായ്പാ തിരിച്ചടവുകള്‍ക്ക് മൊറട്ടോറിയം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള ട്രാവല്‍ മാര്‍ട്ട് (കെ.ടി.എം) സൊസൈറ്റി കേന്ദ്ര സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചു. യാത്രാതടസങ്ങള്‍, വിമാനം റദ്ദാക്കല്‍, വിദേശ വിനോദസഞ്ചാരികളുടെ വരവിലെ ഗണ്യമായ കുറവ് എന്നിവ ഹോട്ടലുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്‍സികള്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങളെയും സാരമായി ബാധിച്ചു.
വാണിജ്യ എല്‍.പി.ജി സിലിണ്ടറുകളുടെ വിലവര്‍ധനവ് ടൂറിസം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനച്ചെലവ് വന്‍തോതില്‍ വര്‍ധിപ്പിച്ചു. വിദേശ സഞ്ചാരികളുടെ സീസണല്ലാത്തതിനാല്‍ വരുമാനം കുറഞ്ഞതോടെ വായ്പകളുടെ തിരിച്ചടവ് ഉള്‍പ്പെടെ ബാധ്യതകള്‍ നിറവേറ്റാന്‍ വിഷമിക്കുകയാണ്. വായ്പകള്‍ക്കും പലിശയ്ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയം അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
വായ്പ എടുത്തവരുടെ ക്രെഡിറ്റ് റേറ്റിംഗിനെ നടപടി ബാധിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ ബാങ്കുകള്‍ ഉള്‍പ്പെടെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് കെ.ടി.എം പ്രസിഡന്റ് ജോസ് പ്രദീപ് സമര്‍പ്പിച്ച നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചു.
കോവിഡ് കാലത്ത് നടപ്പാക്കിയ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീം മാതൃകയില്‍ ടൂറിസം മേഖലയ്ക്ക് പ്രവര്‍ത്തന മൂലധനം ലഭ്യമാക്കുന്നതിനായി പ്രത്യേക സാമ്പത്തിക സഹായ പദ്ധതി ആവിഷ്‌കരിക്കണമെന്നും നിവേദനത്തില്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine