കുടുംബശ്രീയുടെ ഓണ്‍ലൈന്‍ പരീക്ഷണം 'പോക്കറ്റ് മാര്‍ട്ട്' അടുത്ത മാസം മുതല്‍; എല്ലാം ഇനി വീട്ടുപടിക്കലെത്തും!

വ്യത്യസ്ത സ്ഥലങ്ങളിലെ വനിതാ സംരംഭകരുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും ഉത്പന്നങ്ങള്‍ കേരളത്തിലെവിടെയും വാങ്ങാന്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സാധിക്കും
kudumbasree online pocket mart
Published on

ഓണ്‍ലൈന്‍ വില്പനയുടെ സാധ്യതകള്‍ മുതലാക്കാന്‍ കുടുംബശ്രീയും രംഗത്ത്. ഓഗസ്റ്റ് അവസാനം മുതല്‍ കുടുംബശ്രീ ഉത്പന്നങ്ങള്‍ ഓണ്‍ലൈനായി ലഭിക്കുന്ന സംവിധാനം നിലവില്‍ വരും. പോക്കറ്റ് മാര്‍ട്ട് എന്നു പേരിട്ടിരിക്കുന്ന ഓണ്‍ലൈന്‍ സംവിധാനം ഷിപ്പ് റോക്കറ്റ് എന്ന ഡെലിവറി ഏജന്‍സിയുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്.

കുടുംബശ്രീ കണ്ണൂര്‍ കണ്‍സോര്‍ഷ്യം, തൃശൂര്‍ കുടുംബശ്രീ ബസാര്‍ എന്നിവര്‍ക്കാണ് വിതരണച്ചുമതല. വ്യത്യസ്ത സ്ഥലങ്ങളിലെ വനിതാ സംരംഭകരുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും ഉത്പന്നങ്ങള്‍ കേരളത്തിലെവിടെയും വാങ്ങാന്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സാധിക്കും.

കുടുംബശ്രീ ബ്രാന്‍ഡഡ് കറി പൗഡര്‍, ചിപ്സ്, ശര്‍ക്കരവരട്ടി, തുണിത്തരങ്ങള്‍, നാടന്‍ പലഹാരങ്ങള്‍, ധാന്യപ്പൊടികള്‍, വിവിധയിനം അച്ചാറുകള്‍, മില്ലറ്റ് ഉത്പന്നങ്ങള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ ലിസ്റ്റ് ചെയ്യുന്നുണ്ട്. സംരംഭകരുടെ സേവനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ആപ്പിലൂടെ അറിയാം.

പോക്കറ്റ് മാര്‍ട്ടിന്റെ ഓണ്‍ലൈന്‍ പണം ഇടപാടിന് ഫെഡറല്‍ ബാങ്കുമായും ധാരണപത്രം ഒപ്പിട്ടു. സംരംഭകരുടെ തെരഞ്ഞെടുപ്പ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങുമായി ബന്ധപ്പെട്ട പരിശീലനം എന്നിവയും വിവിധ ജില്ലകളില്‍ പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നു.

സാധനങ്ങള്‍ മാത്രമല്ല സേവനങ്ങളും

കുടുംബശ്രീയുടെ സാധനങ്ങള്‍ക്ക് പുറമെ വിവിധ സേവനങ്ങളും ആപ്പിലൂടെ ലഭ്യമാണ്. അവശതയുള്ളവര്‍ക്ക് പരിചരണം നല്കുന്ന കെ ഫോര്‍ കെയര്‍ സന്നദ്ധപ്രവര്‍ത്തകരുടെ സേവനവും ലഭ്യമാണ്. അടുക്കളയിലെ സഹായിയെ മുതല്‍ പ്രസവശുശ്രൂഷ വരെയുള്ള സേവനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇ സേവാകേന്ദ്ര, കണ്‍സ്ട്രഷന്‍ യൂണിറ്റ്, ഇവന്റ് മാനേജ്‌മെന്റ്, സ്‌നേഹിത, കൗണ്‍സിലിംഗ് സര്‍വീസ് എന്നിവയും ഈ ആപ്പിലൂടെ ഒരുക്കിയിട്ടുണ്ട്.

തൊട്ടടുത്തുള്ള പ്രീമിയം കുടുംബശ്രീ കഫേകള്‍, ജനകീയ ഹോട്ടലുകള്‍ എന്നിവയും ആപ്പില്‍ മാപ്പ് ചെയ്യുന്നുണ്ട്. യാത്രക്കാര്‍ക്ക് തൊട്ടടുത്തുള്ള കുടുംബശ്രീ കഫേകള്‍ ആപ്പിലൂടെ കണ്ടെത്താന്‍ ഇതുവഴി സാധിക്കും.

ചിപ്‌സ്, ശര്‍ക്കരവരട്ടി, പായസം മിക്‌സ് തുടങ്ങി എട്ട് ഇനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള 5,000 ഓണം ഗിഫ്റ്റ് പാക്കറ്റുകളായാണ് പോക്കറ്റ് മാര്‍ട്ട് പ്രവര്‍ത്തനം ആരംഭിക്കുന്നത്. കുടുംബശ്രീ ഉത്പന്നങ്ങളടങ്ങിയ ഗിഫ്റ്റ് ഹാംപറുകളും ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

Kudumbashree's 'Pocket Mart' online platform launches in August, delivering products and services across Kerala

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com